ad
Deshabhimani

അർഥപൂർണമായ വികസന സംവാദം

edit
വെബ് ഡെസ്ക്

Published on Feb 23, 2026, 12:00 AM | 3 min read


ലോകം മുഴുവൻ മാറ്റൊലിക്കൊള്ളുന്ന ഒരു ശബ്ദമാണ് കേരളമെന്ന പേര്. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ തെക്കേഅറ്റത്തു കിടക്കുന്ന ഒരു കൊച്ചു ഭൂപ്രദേശം. ഭൂപടത്തിൽ ചെറിയൊരു പ്രദേശമാണെങ്കിലും ലോക ചരിത്രത്തിൽ ഈ നാട് എന്നേ ഇടം നേടിക്കഴിഞ്ഞു. മാത്രമല്ല, വികസന വിജ്ഞാനീയത്തിൽ ഇത്രയേറെ ചർച്ചചെയ്യപ്പെട്ട മറ്റൊരു ദേശമില്ലെന്നതും കേരളത്തിന്റെ പ്രത്യേകത. ഏഷ്യയിൽ മറ്റെവിടെയും കാണാത്ത ആവേശത്തോടെ ആധുനികതയെയും സമത്വ സങ്കൽപ്പങ്ങളെയും ആശ്ലേഷിച്ച നാടാണിത്. കേരളത്തിന്റെ സാമൂഹ്യമണ്ഡലങ്ങളിൽ പടർന്നു കയറിയ കമ്യൂണിസ്റ്റ് -ഇടതുപക്ഷ രാഷ്ട്രീയവും നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനവും ഇവിടെ സമാനതകളില്ലാത്ത ഒരു വികസന സംസ്കാരത്തിന് രൂപം നൽകി. കേരളത്തിന്റെ പ്രത്യേകതകളും സാമൂഹ്യക്ഷേമത്തിന് ഊന്നൽ നൽകിയുള്ള വികസന മാതൃകയും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. എല്ലാ മാനവിക വികസന സൂചികകളിലും ഈ നാട് മുന്നിലാണ്.


സാമൂഹ്യ നേട്ടങ്ങളാകെ സംരക്ഷിച്ച് ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും സർവാശ്ലേഷിയായ സമഗ്ര പുരോഗതിയും കൈവരിക്കുന്ന തീവ്രശ്രമത്തിലാണ് പത്തുവർഷമായി കേരളം. നവകേരളത്തിലേക്കുള്ള പ്രയാണം. ഒരു സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായിരിക്കുമ്പോൾത്തന്നെ, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി തനിമയാർന്ന പാതയിലൂടെയുള്ള യാത്ര. അതായത്, നിയോലിബറൽ സാമ്പത്തിക നയം നടപ്പാക്കുന്ന രാജ്യത്ത് ഒരു ബദൽ സാധ്യമാണെന്നും അത് അർഥപൂർണമായി നടപ്പാക്കാനാകുമെന്നും കേരളം തെളിയിച്ചുകഴിഞ്ഞു. അധ്വാനവും അറിവും വിജ്ഞാനവും പ്രതിഭയും സർഗശക്തിയും സമന്വയിപ്പിച്ചുള്ള മുന്നേറ്റം. ഇപ്പോൾ ലോകമാകെയും ഇന്ത്യയിലും ചർച്ചയാകുന്നത് ഈ കേരള മാതൃകയാണ്. 1957ൽ അധികാരത്തിൽ വന്ന ഇ എം എസ് സർക്കാർ അടിത്തറയിട്ട ബദൽ നിലപാടുകൾ കാലാനുസൃതമായി നവീകരിച്ചും ശക്തിപ്പെടുത്തിയുമാണ് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ നവകേരളത്തിലേക്ക് ചാലുകൾ കീറിയത്.


ഈയൊരു പശ്ചാത്തലത്തിൽനിന്നുകൊണ്ടാണ് ശനിയും ഞായറുമായി തിരുവനന്തപുരത്ത് എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട കേരള പഠന കോൺഗ്രസിലെ ചർച്ചകളും സംവാദങ്ങളും മുന്നേറിയത്. ഒരു രാഷ്ട്രീയ പാർടി, ഒരു നാടിന്റെ ഭാവിയെപ്പറ്റി ഇത്ര ആസൂത്രിതവും സമഗ്രവും സർവതലസ്പർശിയുമായ പഠനം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ വികസന ക്ഷേമ പരിപാടികൾ നടപ്പാക്കുകയും ചെയ്യുന്നത് ലോകത്തുതന്നെ അപൂർവമാണ്. അക്കാദമിക് വിദഗ്ധരും സാധാരണ ജനങ്ങളും ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് നാടിന്റെ ജനപക്ഷ വികസനത്തിന് രൂപം നൽകുന്ന ബൃഹത്തായ പരിപാടി. ഇതിപ്പോൾ അഞ്ചാമത്തെ പഠന കോൺഗ്രസാണ് ഈ രൂപത്തിൽ സംഘടിപ്പിച്ചത്.


നവകേരള വികസന അജൻഡയാണ് ഈ പഠന കോൺഗ്രസ് മുഖ്യമായും ചർച്ച ചെയ്തത്. തൊഴിലാളികൾ, കൃഷിക്കാർ, സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാർഥികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും തനതായ ആവശ്യങ്ങൾ ഉൾക്കൊണ്ട് നാടിന്റെ കുതിപ്പ്."വേണം നമുക്കൊരു പുതുകേരളം. അഭ്യസ്തവിദ്യരായ യുവതലമുറയുടെ പ്രതീക്ഷയ്‌ക്കനുസരിച്ചുള്ള തൊഴിലവസരങ്ങൾ ഉറപ്പാക്കണം. ഇതിനായി പുതിയ വ്യവസായങ്ങളും ആധുനിക കൃഷിയും അതിവേഗത്തിൽ വളരണം. അതോടൊപ്പം ഇന്ന് നമ്മുടെ പരമ്പരാഗത വ്യവസായങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സമ്പൂർണ സുരക്ഷിതത്വം ഉറപ്പു വരുത്തണം’. 2016ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടനപത്രികയിൽ ആമുഖത്തിൽ പറഞ്ഞ കാര്യമാണിത്. പശ്ചാത്തല സൗകര്യ വികസനത്തിന് ബജറ്റിന് പുറത്ത് പണം കണ്ടെത്താൻ കിഫ്ബിയെ ഉപയോഗപ്പെടുത്തി മുന്നോട്ടുപോയത് ഈ ലക്ഷ്യത്തോടെയാണ്. അത് വലിയ വിജയമായി. 2021ൽ വീണ്ടും അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ നവകേരളം സൃഷ്ടിക്കുന്നതിനുള്ള അജൻഡകൾ അതിവേഗം നടപ്പാക്കി. അങ്ങനെ പത്തുവർഷമായി സമാനതകളില്ലാത്ത വികസനത്തിന്റെ അനുഭവങ്ങളാണ് കേരളം തൊട്ടറിയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ്‌ പഠന കോൺഗ്രസ്‌ ചർച്ചകൾ കേന്ദ്രീകരിച്ചത്‌. ഇരുപതിനായിരത്തോളംപേർ ഭാഗഭാക്കായ ചർച്ചകളിൽനിന്നും ഉരുത്തിരിഞ്ഞ ആശയങ്ങൾക്ക്‌ അന്തർദേശീയ മാനങ്ങളുണ്ട്‌.


ഇനി നവകേരളത്തിന്റെ വികസന അജൻഡയാണ് പ്രധാനം. അതിദാരിദ്ര്യം നിർമാർജനം ചെയ്ത സാഹ ചര്യത്തിൽ ദാരിദ്ര്യ ലഘൂകരണം, ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ഇനിയും മെച്ചപ്പെടുത്തൽ, വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനം, വിജ്ഞാനാധിഷ്ഠിത വ്യവസായ മേഖലകളിൽ വലിയ തോതിൽ നിക്ഷേപം, നൂതന തൊഴിൽ സംരംഭങ്ങൾ, മൂലധനച്ചെലവിൽ വർധന, ഇതിനായി ബജറ്റിന് പുറത്ത് പണം കണ്ടെത്തൽ, തൊഴിൽ നൈപുണി ഉറപ്പാക്കൽ, തൊഴിലിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കൽ, തൊഴിലില്ലായ്മ പരിഹരിക്കൽ, സുസ്ഥിര വികസനം, ഉൽപ്പാദനക്ഷമത വർധന, ലിംഗനീതി , ജനകീയാസൂത്രണത്തിന്റെ രണ്ടാം പതിപ്പ് എന്നിവ നവകേരള വികസനത്തിൽ മുഖ്യമായി പഠന കോൺഗ്രസ് വിലയിരുത്തി. തനതായ വഴികളിലൂടെ വിഭവങ്ങൾ കണ്ടെത്തി വികസനയാത്ര തുടരുന്ന കേരളത്തിന്റെ വഴി മുടക്കാൻ കേന്ദ്രം ആകുന്നതെല്ലാം ചെയ്യുമെന്നും കാണേണ്ടതുണ്ട്. ആ വെല്ലുവിളിയെ നേരിടലും പരമ പ്രധാനമാണ്. ആരുടെയും കനിവിന് കാത്തുനിൽക്കാതെ, സ്വന്തം കരുത്തിൽ മുന്നേറാനാണ് കേരളം ഉദ്ദേശിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നത് ഇവിടെയാണ്. അതെ, ബദൽ നയങ്ങളുടെ പ്രയോഗവേദിയായി കേരളം യാത്ര തുടരും. പഠന കോൺഗ്രസ് ആവർത്തിച്ച് പ്രഖ്യാപിച്ചതും അതുതന്നെയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home