ad
Deshabhimani

print edition വിൽപ്പനയ്‌ക്കുള്ള വിൽപ്പത്രം

Deshabhimani Editorial
വെബ് ഡെസ്ക്

Published on Jun 20, 2026, 12:00 AM | 2 min read

ബ്രിട്ടനിൽനിന്ന്‌ സ്വാതന്ത്ര്യം ലഭിച്ചശേഷം പ്രധാനമന്ത്രിപദം ഏറ്റെടുത്ത 1947 ആഗസ്ത്‌ 14 അർധരാത്രിയിൽ ജവാഹർലാൽ നെഹ്‌റു നടത്തിയ ‘ട്രിസ്റ്റ്‌ വിത്ത്‌ ഡെസ്റ്റിനി’ (നിയതിയുമായുള്ള സമാഗമം) എന്ന വിഖ്യാതമായ പ്രസംഗത്തിലെ വാചകങ്ങൾ ഉദ്ധരിച്ചാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ കന്നിബജറ്റ്‌ പ്രസംഗം അവസാനിപ്പിച്ചത്‌. ‘ഒരു നാടിനെ കെട്ടിപ്പടുക്കാനായി പ്രയത്നിക്കുക. എല്ലാവർക്കും നീതിയും ജീവിതത്തിന്റെ നിറവും പ്രദാനം ചെയ്യുന്ന സാമൂഹ്യ -രാഷ്ട്രീയ- സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കുകയാകണം നമ്മുടെ ആത്യന്തികലക്ഷ്യം’ എന്ന നെഹ്‌റുവിയൻ വചനങ്ങളും മുഖ്യമന്ത്രി പ്രയോഗിക്കുന്നുണ്ട്‌. എന്നാൽ, ബജറ്റിലെ ഉള്ളടക്കവും നെഹ്‌റുവിയൻ ആശയങ്ങളും തമ്മിലുള്ള വൈരുധ്യംപോലെതന്നെയാണ്‌ നെഹ്‌റുവിയൻ സോഷ്യലിസ്‌റ്റ്‌ എന്ന മേലങ്കി സ്വയം അണിഞ്ഞ സതീശനും യഥാർഥ സതീശനും തമ്മിലുള്ളത്‌. ഇ‍ൗ കാപട്യമാണ്‌ ബജറ്റ്‌ പ്രസംഗത്തിലുടനീളം പ്രകടമായത്‌.


എൽഡിഎഫ് ഭരണത്തിൽ കഴിഞ്ഞ ദശാബ്‌ദത്തിലുണ്ടായ അതിശയകരമായ നേട്ടങ്ങൾക്ക്‌ ചാലകശക്തിയായ എല്ലാ കാര്യങ്ങളെയും തച്ചുടയ്‌ക്കുകയും തുറമുഖങ്ങളും വിമാനത്താവളവും ഭൂമിയും അപൂർവധാതുക്കളും വിറ്റുതുലയ്‌ക്കുകയും എല്ലാത്തിലുമുപരി കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ നവ ഉദാര നയങ്ങളെ ആശ്ലേഷിക്കുകയും ചെയ്യുന്ന ബജറ്റാണിതെന്ന്‌ ചുരുക്കിപ്പറയാം. കേരളത്തിന്റെ വികസന ചരിത്രം പരിശോധിച്ചാൽ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ, ഭവനനിർമാണം, സ്ത്രീശാക്തീകരണം, തദ്ദേശസ്വയംഭരണം തുടങ്ങിയ മേഖലകളിലെ പൊതുനിക്ഷേപങ്ങളാണ് സംസ്ഥാനത്തെ രാജ്യത്തിന് മാതൃകയാക്കിയത്. എന്നാൽ പുതിയ ബജറ്റിൽ ഈ മേഖലകളോട് പ്രകടമായ അവഗണനയാണ് കാണുന്നത്.


അഞ്ചുലക്ഷത്തോളംപേർക്ക്‌ കിടപ്പാടമൊരുക്കിയ ലൈഫ്‌ പദ്ധതിയെക്കുറിച്ച്‌ ബജറ്റിൽ ഒരു പരാമർശംപോലുമില്ല. അതിനർഥം -ൈലഫ്‌ പദ്ധതി പൊളിച്ചടുക്കുമെന്നാണ്‌. സാമൂഹ്യമായും സാന്പത്തികമായും പിന്നാക്കംനിൽക്കുന്ന പട്ടികവിഭാഗക്കാരടക്കം വലിയ വിഭാഗത്തിന്‌ തുണയായ പദ്ധതിക്ക്‌ ചരമക്കുറിപ്പെഴുതിയ ഇ‍ൗ ബജറ്റിന്‌ ഏതർഥത്തിലാണ്‌ എല്ലാവർക്കും നീതിയും ജീവിതത്തിന്റെ നിറവും പ്രദാനം ചെയ്യാനാകുക? നിലവിൽ 42,000 കോടി രൂപയുടെ പദ്ധതികളുമായി മുന്നോട്ടുപോകുന്ന കിഫ്‌ബി പൊളിച്ചെഴുതുമെന്ന പ്രഖ്യാപനം അടിസ്ഥാനസ‍ൗകര്യ വികസനത്തിന്റെ മുൻഗണനകളെ തച്ചുടയ്‌ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്‌. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള ധവളപത്രത്തിന്റെ അടിസ്ഥാനത്തിൽ കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനും അതിൽ ‘സമഗ്രമായ ഘടനാപരമായ മാറ്റങ്ങൾ' നിർദേശിക്കാനും ഒരു വിദഗ്‌ധസമിതിയെ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ നിയമംവഴി രൂപീകരിച്ച കിഫ്‌ബിയെ പൂർണമായും ഇല്ലാതാക്കുന്നതിന്‌ നിയമതടസ്സങ്ങൾ ഏറെയുണ്ട്‌. നിർമാണമേഖലയിലെ അഴിമതി ഇല്ലാതാക്കിക്കൊണ്ട്‌ ഏറ്റവും പ്രൊഫഷണലായ രീതിയിൽ പദ്ധതികൾ നടപ്പാക്കിയിരുന്ന കിഫ്‌ബിയെ തകർക്കാൻ ലക്ഷ്യമിടുന്നത്‌ കോടികളുടെ വെട്ടിപ്പ്‌ ലക്ഷ്യംവച്ചുതന്നെയാണ്‌.


ജനുവരിയിൽ കെ എൻ ബാലഗോപാൽ അവതരിപ്പിച്ച മുൻ ബജറ്റിൽ ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപയും സ്‌ത്രീസുരക്ഷാ പെൻഷനുവേണ്ടി 3820 കോടിയും വകയിരുത്തി. 35നും 60നും ഇടയ്‌ക്ക്‌ പ്രായമുള്ള, മറ്റൊരു പെൻഷന്റെയും പരിധിയിൽ വരാത്ത സ്‌ത്രീകൾക്ക്‌ ആശ്വാസമായിരുന്നു എല്ലാ മാസവും കിട്ടിയിരുന്ന ആയിരം രൂപ. എൽഡിഎഫ്‌ സർക്കാർ ഇത്തരത്തിൽ വീട്ടമ്മമാരുടെ സാന്പത്തികസുരക്ഷ ഉറപ്പുവരുത്താനാണ്‌ സ്‌ത്രീസുരക്ഷാ പെൻഷൻ പ്രഖ്യാപിച്ചത്‌. ഇതേപ്പറ്റി മ‍ൗനം പാലിക്കുകയാണ്‌. ഇത്‌ സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന സ്‌ത്രീകളോടുള്ള വെല്ലുവിളിയാണ്‌. ഒപ്പം ‘കണക്ട്‌ ടു വർക്ക്‌’ എന്ന പദ്ധതിയെക്കുറിച്ചും ബജറ്റ്‌ മ‍ൗനംപാലിക്കുന്നു.


ഏറ്റവും ആശങ്കാജനകമായ പ്രഖ്യാപനങ്ങളിൽ ഒന്നാണ് ‘രണ്ടാം ഭൂപരിഷ്‌കരണം’ എന്ന പേരിൽ മുന്നോട്ടുവയ്ക്കുന്ന നയം. കേരളത്തിന്റെ ചരിത്രത്തിൽ ഭൂപരിഷ്‌കരണം ഭൂമിയില്ലാത്തവർക്ക് അവകാശം ഉറപ്പാക്കിയ ജനാധിപത്യ വിപ്ലവമായിരുന്നു. എന്നാൽ, ഇപ്പോൾ അതേ പദം ഉപയോഗിച്ച് പൊതുഭൂമിയുടെ വിൽപ്പനയ്ക്കും സ്വകാര്യ മൂലധനത്തിന്റെ വ്യാപനത്തിനും വഴിയൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന സംശയം ശക്തമാണ്. ആരോഗ്യമേഖലയെ ഉൾപ്പെടെ ബഹുരാഷ്‌ട്ര കുത്തകകൾക്ക്‌ സമ്മാനിക്കുന്ന സമീപനം പിന്തുടരുന്ന ഒരു സർക്കാരിൽനിന്നും മുഖ്യമന്ത്രിയിൽനിന്നും സർക്കാർ ആശുപത്രികളെ ശാക്തീകരിക്കുന്ന നടപടികൾ പ്രതീക്ഷിക്കുന്നതാണ്‌ അപരാധം. കേരളത്തിലെ ജനങ്ങളോട്‌ ശത്രുതാപരമായി സമീപിക്കുന്ന ബജറ്റ്‌, സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കാനും അതുവഴി കരാറുകാർക്കും കങ്കാണിമാർക്കും രാഷ്‌ട്രീയദല്ലാളുമാർക്കും തടിച്ചുകൊഴുക്കാനുമുള്ള അവസരമാണ്‌ ഒരുക്കുന്നത്‌.


അദാനി ഗ്രൂപ്പ്‌ ഒരുക്കിയ ചാർട്ടേഡ്‌ വിമാനത്തിൽ മംഗളൂരുവിൽ ചെന്ന്‌ ഗ്രൂപ്പിന്റെ പ്രമുഖരുമായും എൻഡിഎ നേതാക്കളുമായും വി ഡി സതീശൻ രഹസ്യകൂടിക്കാഴ്‌ച നടത്തിയത്‌ എന്തിനെന്ന്‌ അദാനി ഗ്രൂപ്പിന്‌ അനുകൂലമായ ബജറ്റ്‌ നിർദേശങ്ങളിൽനിന്ന് വായിച്ചെടുക്കാം. വർഗീയവൽക്കരണം ലക്ഷ്യമിട്ട്‌ മോദിസർക്കാർ ആവിഷ്‌കരിച്ച പിഎം ശ്രീയുമായി മുന്നോട്ടുപോകാൻ ബജറ്റിനു മുന്പേതന്നെ തീരുമാനിച്ച യുഡിഎഫ്‌ സർക്കാരിന്റെ ബജറ്റിൽനിന്ന്‌ സാമൂഹ്യനീതിയുടെ നിറവും വെളിച്ചവും ഉണ്ടാകുമെന്ന അത്യാഗ്രഹമൊന്നും കേരളീയർക്ക്‌ ഉണ്ടാകേണ്ടതില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home