Deshabhimani

print edition സാമ്രാജ്യത്വ ഹുങ്കിന്‌ 
കനത്ത തിരിച്ചടി

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 05, 2026, 01:30 AM | 2 min read

യുഎസ്‌ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം ആഗോളരാഷ്‌ട്രീയത്തിൽ നിർണായകമായ ചില തിരുത്തലുകൾക്ക് വഴിതുറക്കുകയാണ്. ലോകമെമ്പാടും അക്രമാസക്തമായ തീവ്ര വലതുപക്ഷവും വിദ്വേഷരാഷ്‌ട്രീയവും കോർപറേറ്റ് താൽപ്പര്യങ്ങളും പിടിമുറുക്കാൻ ശ്രമിക്കുന്ന നവഉദാര കാലഘട്ടത്തിൽ, യുഎസ് തെരഞ്ഞെടുപ്പിലെ ജനവിധി സാമ്രാജ്യത്വ ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന്‌ വിലയിരുത്താം. ഡോണൾഡ് ട്രംപിന്റെയും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന തീവ്ര വലതുപക്ഷചേരിയുടെയും വിഭാഗീയ നീക്കങ്ങൾക്ക് അമേരിക്കൻ ജനത ശക്തമായ മറുപടിയാണ് നൽകിയിരിക്കുന്നത്.


വംശീയതയും കുടിയേറ്റവിരുദ്ധതയും മൂലധനശക്തികളുടെ താൽപ്പര്യങ്ങളും മുൻനിർത്തി ജനങ്ങളെ ഭിന്നിപ്പിച്ച്‌ നേട്ടം കൊയ്യാമെന്ന വലതുപക്ഷത്തിന്റെ ഗൂഢാലോചനയ്ക്ക് വോട്ടർമാർ തടയിട്ടത് പുരോഗമനശക്തികൾക്കും തൊഴിലാളിവർഗത്തിനും ലോകസമാധാനകാംക്ഷികൾക്കും ആശ്വാസം നൽകുന്നു. യുഎസ്‌ അധിനിവേശത്തിന്‌ കോപ്പുകൂട്ടുന്ന ലാറ്റിനമേരിക്കയിൽ യാങ്കികൾ ഏറെ കാലമായി ലക്ഷ്യമിടുന്ന ബ്രസീലിൽ ലുല ഡ സിൽവയ്‌ക്കുമുന്നിൽ തോറ്റ്‌ നാടുവിട്ടിരിക്കുകയാണ്‌ ട്രംപിന്റെ വത്സലശിഷ്യൻ ഫ്ലാവിയോ ബോൾസനാരോ.


ഇതിനുപിന്നാലെയാണ്‌ ട്രംപിന്‌ സ്വന്തം നാട്ടിൽ വൻ തിരിച്ചടിയേറ്റത്‌. ഇസ്രയേലിൽ ട്രംപിന്റെ കൂട്ടാളിയായ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്‌ സമാനമായ തിരിച്ചടിയേറ്റിരിക്കുന്നു. ഭൂരിപക്ഷം നഷ്‌ടപ്പെട്ട്‌ നെതന്യാഹു നിരാശനായിരിക്കുന്പോൾ അറബ്‌–ഇടതുപക്ഷ കക്ഷികൾ സീറ്റുയർത്തി നിർണായക സാന്നിധ്യമായി. ബ്രസീലിൽ ഉറപ്പിച്ചിരുന്ന ജയം നഷ്ടമായ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആഗോള മേധാവിത്വമോഹങ്ങൾക്ക് കനത്ത ആഘാതമാണ് സ്വന്തം തട്ടകത്തിലും ഏറ്റത്‌.

​

ഇറാൻ ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ട് സാമ്രാജ്യത്വശക്തികൾ നടത്തുന്ന യുദ്ധാഹ്വാനങ്ങളുടെ പശ്ചാത്തലത്തിൽക്കൂടിയാണ് ഈ തെരഞ്ഞെടുപ്പുഫലത്തെ വിലയിരുത്തേണ്ടത്. ആഗോളതലത്തിൽ ആയുധക്കച്ചവടവും വിഭവക്കൊള്ളയും സുഗമമാക്കാൻ പശ്ചിമേഷ്യയിൽ യുദ്ധത്തിന്റെ നിഴൽവീഴ്‌ത്തുന്ന അമേരിക്കൻ നയങ്ങൾക്കെതിരെയുള്ള ലോകമാകെ ഉയർന്ന പ്രതിഷേധത്തിന്റെ പ്രതിഫലനംകൂടിയാണിതെന്നു കാണാം. ഇറാനുമായുള്ള സമാധാനപരമായ നയതന്ത്രബന്ധം തകർത്ത്, മേഖലയെ വൻയുദ്ധത്തിലേക്ക് തള്ളിവിട്ട ട്രംപിന്റെ നിലപാടിനെ സ്വന്തം ജനത ആത്യന്തികമായി നിരാകരിച്ചിരിക്കുകയാണ്.


സാമ്രാജ്യത്വ അധിനിവേശങ്ങളും ഏകപക്ഷീയ ഉപരോധങ്ങളുംകൊണ്ട് ഒരു ജനതയെയും ദീർഘകാലം അടിച്ചമർത്താൻ കഴിയില്ലെന്ന്‌ പുതിയ രാഷ്‌ട്രീയസാഹചര്യങ്ങൾ ആവർത്തിച്ച്‌ വ്യക്തമാക്കുന്നു. ​ലോകമാകെ വിദ്വേഷത്തിന്റെയും വലതുപക്ഷ തീവ്രവാദത്തിന്റെയും രാഷ്‌ട്രീയം തുടർച്ചയായ പതനത്തിന്റെ പാതയിലാണ്‌. ഇതിന്റെ തുടർച്ചയാണ് യുഎസിലെ ജനവിധി.


ജനാധിപത്യമൂല്യങ്ങളെ അട്ടിമറിച്ചും കോർപറേറ്റുകൾക്കായി പൊതുമുതൽ കൊള്ളയടിച്ചും അധികാരം നിലനിർത്താമെന്ന പ്രവണതയ്‌ക്ക്‌ രാജ്യങ്ങൾതോറും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, തകരുന്ന ആരോഗ്യ–വിദ്യാഭ്യാസ മേഖലകൾ തുടങ്ങി യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ വലതുപക്ഷം ഉയർത്തുന്ന കപട ദേശീയതയും വംശീയവിദ്വേഷവും അധികകാലം വിലപ്പോകില്ലെന്ന് വോട്ടർമാർ തെളിയിക്കുന്നു.


ഇതൊക്കെയാണെങ്കിലും, യുഎസിലെ ഇരുകക്ഷി രാഷ്ട്രീയവ്യവസ്ഥയുടെ ആന്തരിക പരിമിതികളെ വിസ്‌മരിച്ചുകൊണ്ട് ഈ ജനവിധിയെ പൂർണമായി ഉൾക്കൊള്ളാനാകില്ല. അമേരിക്കയിലെ പ്രധാന രാഷ്ട്രീയകക്ഷികളായ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും അടിസ്ഥാനപരമായി വലിയ വ്യത്യാസങ്ങളില്ലാത്ത, കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന വിഭാഗങ്ങളാണ്.


തെരഞ്ഞെടുപ്പിൽ ഏതു മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാലും, യുഎസിലെ ആഭ്യന്തര സാമ്പത്തികനയങ്ങൾ വൻകിട മുതലാളിമാർക്കും കോർപറേറ്റുകൾക്കും അനുകൂലമായിത്തന്നെ തുടരും. സാധാരണക്കാരായ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിലുമെല്ലാം ഇരുപാർടികളും പരാജയമാണ്‌.


കോർപറേറ്റ് യുദ്ധലോബികളുടെ സ്വാധീനത്തിൽനിന്ന് പൂർണമായി മുക്തമാകാൻ അവർക്ക് കഴിയില്ല. അതിനാൽ കേവലമൊരു മാറ്റത്തിനപ്പുറം, യുഎസിനുള്ളിൽ രൂപപ്പെടുന്ന പുരോഗമനമുന്നേറ്റങ്ങളും കറുത്തവംശജരുടെയും കുടിയേറ്റക്കാരുടെയും ജനകീയസമരങ്ങളുമാണ് യഥാർഥ ബദലെന്ന്‌ ജനങ്ങൾ വിധിയെഴുതിയിരിക്കുന്നു. യുഎസിലെ ജനവിധി ലോകമെമ്പാടുമുള്ള ഇടതുപക്ഷ- സാമ്രാജ്യത്വവിരുദ്ധ ശക്തികൾക്ക് പുതിയ ഊർജം നൽകുന്നതാണ്.


വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ ജനകീയ ഐക്യംകൊണ്ട് നേരിടാമെന്ന വലിയ പാഠമാണ് തെരഞ്ഞെടുപ്പുഫലം മുന്നോട്ടുവയ്ക്കുന്നത്. വലതുപക്ഷ തീവ്രവാദത്തിന്റെ പതനവും സമാധാനത്തിനായുള്ള ജനങ്ങളുടെ ആഗ്രഹവും അടിവരയിടുന്ന ഈ ജനവിധി, സാമ്രാജ്യത്വനീക്കങ്ങൾക്ക്‌ കനത്ത പ്രഹരമാകുമെന്നതിൽ തർക്കമില്ല.


ലോകമെമ്പാടും വിഭവങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനും തങ്ങളുടെ സാമ്രാജ്യത്വ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള യുഎസ് ശ്രമത്തിന്‌ വലിയ വെല്ലുവിളി നേരിടേണ്ടിവരും. യുഎസിനുള്ളിൽ ശക്തിപ്പെടുന്ന തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനങ്ങളെയും വംശീയതയ്ക്കെതിരെ നടക്കുന്ന ജനകീയമുന്നേറ്റങ്ങളെയും വിലയിരുത്തുന്പോൾ‍, പരമ്പരാഗത ഭരണരാഷ്ട്രീയത്തിന് ബദലായി കോർപറേറ്റ് വിരുദ്ധവും ജനാധിപത്യപരവുമായ ശക്തികൾ ജനങ്ങൾക്കിടയിൽനിന്ന് ഉയർന്നുവരേണ്ടതിന്റെ ആവശ്യകത വ്യക്തമാണ്‌. യുഎസ് രാഷ്ട്രീയത്തിലെ കോർപറേറ്റ്–സാമ്രാജ്യത്വ താൽപ്പര്യങ്ങളെ തുറന്നുകാട്ടാനും ജനകീയബദലുകളുടെ പ്രസക്തി ചർച്ച ചെയ്യാനുമുള്ള അവസരമായി ഇ‍ൗ ജനവിധി മാറിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

supreme Court

02

print edition കാലടി സർവകലാശാല: വിദ്യാർഥികളുടെ ഹർജി സുപ്രീംകോടതി 
ഇന്ന്‌ പരിഗണിക്കും
v d satheesan

04

print edition കമീഷൻ രാജ്‌ 
പിടിക്കപ്പെട്ടപ്പോൾ കള്ളം പറഞ്ഞ്‌ മുഖ്യമന്ത്രി
deshabhimani section

Recommended

Deshabhimani
Home