ad
Deshabhimani

മാർപാപ്പയെയും ട്രംപ് ഭീഷണിപ്പെടുത്തുമ്പോൾ

editorial.
വെബ് ഡെസ്ക്

Published on Apr 15, 2026, 12:02 AM | 2 min read

സമാധാനത്തിന്റെ സ്വരം മാർപാപ്പയിൽനിന്നായാലും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നു. ലിയോ പതിനാലാമൻ മാർപാപ്പയ്ക്കെതിരെ യുഎസ് പ്രസിഡന്റ്‌ സ്വീകരിച്ച നിലപാടും ഉപയോഗിച്ച ഭാഷയും തികഞ്ഞ അവിവേകത്തിന്റെയും അനൗചിത്യത്തിന്റേതുമാണ്. ലോകം അതിൽ ലജ്ജിച്ച് തല താഴ്‌ത്തുന്നു.


ഇറാനെതിരെ ഇസ്രയേലിന്റെ സഹകരണത്തോടെ യുഎസ് തുടങ്ങിവച്ച യുദ്ധം അധാർമികവും മനുഷ്യത്വവിരുദ്ധവുമാണെന്ന് അമേരിക്കൻ പൗരൻകൂടിയായ ലിയോ പതിനാലാമൻ മാർപാപ്പ ആവർത്തിച്ച് വിമർശിക്കുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇറാനെ ആക്രമിക്കുന്നതിന് യുഎസ് നിരത്തുന്ന എല്ലാ ന്യായീകരണങ്ങളെയും തള്ളിക്കളയുന്ന മാർപാപ്പ യുദ്ധത്തെ തികച്ചും അസംബന്ധമെന്ന് വിശേഷിപ്പിക്കുന്നു. യുദ്ധം നിരപരാധികളുടെ ജീവനെടുക്കുന്നു. എണ്ണമറ്റ മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കുന്നു. യുദ്ധം വിതയ്ക്കുന്ന ദുരന്തം വിവരണാതീതമാണ്. തങ്ങൾ സർവശക്തരാണെന്ന മിഥ്യാബോധമാണ് യുദ്ധത്തിലേക്ക് നയിക്കുന്നതെന്ന് മാർപാപ്പ യുഎസിന്റെ മനോഭാവത്തെ ചൂണ്ടിക്കാട്ടി വിമർശിക്കുന്നു. യുദ്ധത്തെ നീതീകരിക്കാൻ മതത്തെയും ദൈവത്തെയും കൂട്ടുപിടിക്കുന്ന സമീപനത്തെയും ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പ നിരസിക്കുന്നു. ദൈവം ഒരു യുദ്ധത്തെയും ആശീർവദിക്കുന്നില്ലെന്ന് ലിയോ പതിനാലാമൻ അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നു. ആയുധത്തിന്റെ മാർഗം വെടിഞ്ഞ് ചർച്ചകളിലൂടെ സമാധാനം സ്ഥാപിക്കാൻ മാർപാപ്പ അഭ്യർഥിക്കുന്നു. ആയുധത്തിന്റെ ഭാഷയും ഭീഷണിയുടെ സ്വരവും സമാധാനം കൊണ്ടുവരില്ല. സംഭാഷണമാണ് സമാധാനത്തിലേക്കുള്ള ഏകവഴി. അതിനാൽ വെടിനിർത്താനും ചർച്ചകൾക്ക് വഴിതുറക്കാനും മാർപാപ്പ ആവർത്തിച്ച് അഭ്യർഥിക്കുന്നു. ഉത്തരവാദിത്വം നിർവഹിക്കാനും നയതന്ത്ര പരിശ്രമങ്ങൾ തുടങ്ങാനും നിർദേശിക്കുന്നു.


ലോക രാഷ്ട്രീയത്തിൽ യുഎസ് സ്വീകരിച്ചുപോന്നതും ട്രംപ് കർക്കശമാക്കിയതുമായ അടിസ്ഥാന നിലപാടിനെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ലിയോ പതിനാലാമൻ മാർപാപ്പയുടെ വാക്കുകൾ. ലോകത്ത് എവിടെയും രാഷ്ട്രീയമായും സൈനികമായും ഇടപെടാനുള്ള അധികാരം യുഎസിനുണ്ടെന്ന വിശ്വാസം കേവലം ‘മിഥ്യാബോധ' മാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. യുദ്ധങ്ങൾക്ക് ദൈവത്തിന്റെയും മതത്തിന്റെയും പരിവേഷം നൽകാനുള്ള ശ്രമങ്ങളെയും മാർപാപ്പ തള്ളി. തന്റെ നിലപാടുകളുടെ അടിവേരറുക്കുന്ന മാർപാപ്പയുടെ വിമർശത്തോട് അതിനാൽ ട്രംപ് അസഹിഷ്‌ണുവായതിൽ അത്ഭുതപ്പെടാനില്ല. ‘ട്രംപ് വിരുദ്ധ'രാണ്, അഗസ്‌റ്റീനിയൻ സന്യാസിയായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ മാർപാപ്പയായി തെരഞ്ഞെടുക്കുന്നതിനു പിന്നിൽ ചരടുവലിച്ചതെന്ന ഗുരുതര ആരോപണമാണ് ട്രംപ് മുന്നോട്ടുവച്ചത്. തീവ്ര ഇടതുപക്ഷക്കാരെ തൃപ്‌തിപ്പെടുത്തുന്നതിനാണ് മാർപാപ്പയുടെ പ്രസ്താവനകളെന്നും മാർപാപ്പ ദുർബലനാണെന്നും താൻ അദ്ദേഹത്തിന്റെ ആരാധകനല്ലെന്നും ട്രംപ് പറഞ്ഞു. ഒടുവിൽ എല്ലാ ഏകാധിപതികളെയുംപോലെ താൻ തന്നെയാണ് ‘ദൈവ' മെന്ന് പ്രഘോഷിച്ച്‌ സ്വയം യേശുക്രിസ്തുവായി ചിത്രീകരിക്കുകയും ചെയ്യുന്നു. അമേരിക്കയെ വിമർശിക്കുന്ന മാർപാപ്പയെ തനിക്കു വേണ്ടെന്നും കത്തോലിക്കാ സഭയുടെ സംരക്ഷകനെന്ന്‌ സ്വയം കരുതുന്ന ട്രംപ് കടത്തിപ്പറയുകയും ചെയ്യുന്നു.


മാർപാപ്പയെ യുഎസ് ഭീഷണിപ്പെടുത്തുന്നത് ഇതാദ്യമായല്ല. യുഎസിലെ വത്തിക്കാൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പെന്റഗൺ ഉദ്യോഗസ്ഥർ മാർപാപ്പ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കൊത്തു നിൽക്കണമെന്ന് ആവശ്യപ്പെട്ടതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ഫ്രാൻസിന്റെ രാഷ്ട്രീയസ്വാധീനത്തിന് വഴിപ്പെട്ട മാർപാപ്പമാർക്ക് ആസ്ഥാനം റോമിൽനിന്ന് ഫ്രാൻസിലെ അവിഞ്ഞോണിലേക്ക് മാറ്റേണ്ടിവന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നത്രെ ഭീഷണി. മാർപാപ്പയുടെ അമേരിക്കൻ സന്ദർശനപരിപാടി ഇതേത്തുടർന്ന് റദ്ദാക്കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ട്രംപിന്റെ ഭീഷണിസ്വരത്തോട് സമചിത്തതയോടെ പ്രതികരിച്ച മാർപാപ്പ പക്ഷേ നിലപാടുകളിൽ മാറ്റമില്ലെന്നും ട്രംപിനെ ഭയക്കുന്നില്ലെന്നും അസന്ദിഗ്ധമായി വ്യക്തമാക്കി. ട്രംപിന്റെ വിമർശം സങ്കുചിത രാഷ്‌ട്രീയമാണെന്നും തന്റേത് വിശാല മാനവികതയിൽ ഊന്നിയാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടുന്നു.


മതത്തിലും വംശത്തിലും ദേശത്തിലും ഊന്നുന്ന സങ്കുചിത രാഷ്‌ട്രീയത്തിനു നേരെയാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്റെ വിമർശമെന്നത് ഏറെ ശ്രദ്ധേയമാണ്. മനുഷ്യത്വവിരുദ്ധമായ രാഷ്ട്രീയതാൽപ്പര്യങ്ങൾക്ക്‌ മതത്തിന്റെയും ദൈവത്തിന്റെയും പരിവേഷം ചാർത്തുന്നതിന്റെ അടിസ്ഥാനരാഹിത്യം മാർപാപ്പ ചൂണ്ടിക്കാട്ടി. വർത്തമാനകാല ആഗോള രാഷ്‌ട്രീയത്തിൽ തീവ്രവലതുപക്ഷം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെ അപ്പാടെ മാർപാപ്പ തള്ളിക്കളഞ്ഞിരിക്കുന്നു. വർഗീയ, വംശീയ, സങ്കുചിത ദേശീയരാഷ്ട്രീയത്തിന്റെ തനിനിറം ലോകം ആദരിക്കുന്ന മതമേധാവി വ്യക്തമാക്കിയിരിക്കുന്നു. ലിയോ പതിനാലാമൻ മാർപാപ്പയുടെ നിലപാട് അതിനാൽ ലോകത്തിന് വഴികാട്ടിയും പ്രതീക്ഷയുമാകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home