ad
Deshabhimani

ട്രെയിനുകളിലെ അരക്ഷിതയാത്ര

editorial.
വെബ് ഡെസ്ക്

Published on Nov 05, 2025, 01:05 AM | 2 min read

ഞായറാഴ്ച കേരള എക്‌സ്‌പ്രസിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ പെൺകുട്ടി മദ്യപന്റെ അതിക്രൂരമായ ആക്രമണത്തിനിരയായ സംഭവം ആശങ്കാജനകമാണ്. മദ്യലഹരിയിലെ പെരുമാറ്റം ചോദ്യംചെയ്തതിന്‌ സോനു (ശ്രീക്കുട്ടി) എന്ന പത്തൊന്പതുകാരിയെ ട്രെയിനിൽനിന്ന്‌ ചവിട്ടിവീഴ്‌ത്തുകയായിരുന്നു. സോനുവിന്റെ കൂട്ടുകാരി അർച്ചനയെയും അക്രമി തള്ളിവീഴ്‌ത്താൻ ശ്രമിച്ചു. ട്രെയിൻയാത്ര, പ്രത്യേകിച്ച് സ്ത്രീകൾക്ക് എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യം വീണ്ടും ഉയർത്തുകയാണ് ഈ ദാരുണസംഭവം.

2011 ഫെബ്രുവരി ഒന്നിന് തൃശൂരിനടുത്തുവച്ച് എറണാകുളം–ഷൊർണൂർ പാസഞ്ചർ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെന്റിൽനിന്ന്‌ യുവതിയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് ബലാത്സംഗത്തിന് ഇരയാക്കി കൊന്ന സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. ട്രെയിനിൽ സ്ത്രീകളുടെ യാത്ര അങ്ങേയറ്റം അരക്ഷിതമാണെന്നതിന്റെ ക്രൂരമായ ഉദാഹരണമായിരുന്നു ആ സംഭവം. സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന പ്രഖ്യാപനം അതേത്തുടർന്ന് റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായി. "മൈ സഹേലി’ (എന്റെ കൂട്ടുകാരി) എന്ന പേരിൽ 2020ൽ തുടക്കമിട്ട സ്ത്രീസംരക്ഷണ പദ്ധതി 500 ട്രെയിനുകളിൽ സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കുന്നുണ്ടെന്നാണ് റെയിൽവേയുടെ അവകാശവാദം. സ്ത്രീകളുടെ കോച്ചുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുക, സ്ത്രീകൾക്കായി ആർപിഎഫിന്റെ സംരക്ഷണമുള്ള പ്രത്യേക ട്രെയിൻ ഓടിക്കുക, ആർപിഎഫിൽ കൂടുതൽ സ്ത്രീകളെ നിയമിക്കുക എന്നിങ്ങനെ പല വാഗ്ദാനങ്ങളുമുണ്ടായി. ചിലതൊക്കെ സാങ്കേതികമായി നടപ്പാക്കി കൈകഴുകിയ ഇന്ത്യൻ റെയിൽവേയുടെ അലംഭാവം ആവർത്തിച്ച്‌ വെളിപ്പെടുത്തുന്നതാണ്‌ കഴിഞ്ഞദിവസമുണ്ടായ അതിക്രമം.

ഗോവിന്ദച്ചാമി എന്ന കുറ്റവാളിയുടെ ആക്രമണത്തിൽ ഒരു യുവതിയുടെ ജീവൻ പൊലിഞ്ഞശേഷവും ട്രെയിൻ യാത്രക്കാർക്കുനേരേ കേരളത്തിൽ ആക്രമണങ്ങൾ തുടർന്നു. 2021 ഏപ്രിലിൽ ഗുരുവായൂർ–പുനലൂർ എക്സ്പ്രസിൽ യുവതി മോഷണത്തിനും ആക്രമണത്തിനും ഇരയായി. കഴിഞ്ഞ ആഗസ്തിൽ കോഴിക്കോട് കല്ലായിയിൽ സ്ത്രീയെ കവർച്ച ചെയ്തശേഷം ട്രെയിനിൽനിന്ന് തള്ളിയിട്ടു. കോച്ചിന് തീയിട്ട് യാത്രക്കാരെ കൊന്നതും ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ട് കൊന്ന സംഭവവുമുണ്ടായി. സോനു ആക്രമിക്കപ്പെട്ട ഞായർ രാത്രിതന്നെ തൃശൂരിൽ ഓടുന്ന ട്രെയിനിൽ ടിടിഇക്കുനേരേ മദ്യപിച്ച യുവാവിന്റെ ആക്രമണമുണ്ടായി. ഇവയൊന്നും റെയിൽവേ കണ്ടതായിപ്പോലും നടിച്ചില്ല. ട്രെയിൻയാത്ര ഇപ്പോഴും അരക്ഷിതമായി തുടരുന്നു. അതിലേറെ പ്രശ്‌നമാണ്‌ ജനറൽ കമ്പാർട്ട്മെന്റിലെ യാത്ര, പ്രത്യേകിച്ച് രാത്രിയാത്ര. ജനറൽ കമ്പാർട്ട്മെന്റുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള ഒരു ഏർപ്പാടുമില്ലെന്നതാണ് സാമൂഹ്യവിരുദ്ധർക്ക് ധൈര്യം നൽകുന്നത്. ആർപിഎഫിന്റെ സാന്നിധ്യം ഒരു സമയത്തും ജനറൽ കമ്പാർട്ട്മെന്റിൽ ഉണ്ടാകാറില്ല. സിസിടിവിപോലുള്ള നിരീക്ഷണസംവിധാനങ്ങളുമില്ല.

സ്ത്രീകളുടെ ട്രെയിൻയാത്ര തീർത്തും അരക്ഷിതമാകുന്നതിൽ കേരള ഹൈക്കോടതിയടക്കം ഉൽക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. അക്രമിയെ കണ്ടു ഭയന്ന്, ഓടുന്ന ട്രെയിനിൽനിന്ന് ഒരു സ്‌ത്രീ പുറത്തേക്ക് ചാടിയതിനെത്തുടർന്ന് സ്വമേധയാ എടുത്ത കേസിൽ റെയിൽവേ ആക്ട് 1989ന്റെ 57, 58, 59 വകുപ്പുകൾപ്രകാരം യാത്രക്കാർക്ക് സുരക്ഷ ഒരുക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. സ്ത്രീയാത്രക്കാരുടെ സുരക്ഷയ്‌ക്കായി വനിതാ കമ്പാർട്ട്മെന്റ്‌ ട്രെയിനുകളുടെ മധ്യത്തിലാക്കണമെന്ന് കോടതി നിർദേശിച്ചു. സായുധരായ രണ്ട്‌ വനിതാ പൊലീസുകാരെ ലേഡീസ് കമ്പാർട്ട്മെന്റുകളിൽ നിയോഗിക്കുക, ട്രെയിനുകളിൽ അപായ ബട്ടണുകൾ സ്ഥാപിക്കുക, ഹെൽപ്പ്‌ലൈൻ പ്രവർത്തനം ഊർജിതമാക്കുക തുടങ്ങിയ കോടതിയുടെ നിർദേശങ്ങളൊന്നുംതന്നെ പ്രാവർത്തികമാക്കിയിട്ടില്ല. ഉന്നതനീതിപീഠം ഇടപെടുംവിധം അതീവ ഗൗരവമുള്ള സാഹചര്യം എന്ന വാസ്തവം ഉൾക്കൊള്ളാൻപോലും റെയിൽവേ അധികൃതർ തയ്യാറായില്ല. വിദ്യാഭ്യാസത്തിനും ജോലിക്കുമായി പെൺകുട്ടികളും സ്ത്രീകളും നിരന്തരം യാത്ര ചെയ്യുന്ന സംസ്ഥാനമാണ് കേരളം. രാത്രികാലങ്ങളിലെ ട്രെയിൻയാത്ര ഒട്ടും സുരക്ഷിതമല്ലെന്ന യാഥാർഥ്യം അവരെയാകെ ആശങ്കയിലാഴ്‌ത്തുന്നു. അത്‌ പരിഗണിച്ച് ഉത്തരവാദിത്വബോധത്തോടെ നടപടി സ്വീകരിക്കാൻ റെയിൽവേ അധികൃതർ ഇനിയെങ്കിലും തയ്യാറാകണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home