print edition തമിഴ്‌നാട് നൽകുന്ന ജാഗ്രതയുടെ പാഠം

തമിഴ്നാട്ടിൽ ജനഹിതം അട്ടിമറിച്ച് രാഷ്ട്രപതിഭരണത്തിന് വഴിയൊരുക്കാനുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നീക്കം പരാജയപ്പെട്ടിരിക്കുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ അധ്യക്ഷൻ വിജയ് തമിഴ്നാടിന്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ഭൂരിപക്ഷം തെളിയിക്കണമെന്ന വ്യവസ്ഥയോടെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കുക എന്ന കീഴ്‌വഴക്കം തെറ്റിച്ച് ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണക്കത്ത് ഹാജരാക്കണമെന്ന് വാശിപിടിച്ച ഗവർണർക്ക് ഒടുവിൽ വഴങ്ങേണ്ടി വന്നത് ഇടതുപക്ഷകക്ഷികളുടെ അടക്കമുള്ള ജാഗ്രതയോടെയുള്ള സമീപനത്താലായിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വവും രാഷ്ട്രപതി ഭരണവും ഒഴിവാക്കുന്നതിന് ടിവികെയെ പിന്തുണയ്‌ക്കാനുള്ള സിപിഐ എമ്മിന്റെയും സിപിഐയുടെയും തീരുമാനത്തിലെ ജാഗ്രതയാണ് ഗവർണറുടെ രാഷ്‌ട്രീയക്കളിക്ക് തടയിട്ടത്.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടായതോടെ നിർണായകമായ തീരുമാനം സ്വീകരിക്കേണ്ട ഗവർണർ രാഷ്ട്രീയലാക്കോടെ പ്രവർത്തിച്ചതാണ് അനിശ്ചിതത്വത്തിനിടയാക്കിയത്. 234 അംഗസഭയിൽ 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കാൻ തമിഴ്നാടിന്റെ ചുമതല വഹിക്കുന്ന ആർലേക്കർ തയ്യാറായില്ല. മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദവുമായി മൂന്നുതവണ ലോക്ഭവനിലെത്തിയ വിജയ്‌യെ ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണക്കത്ത് ഹാജരാക്കാൻ ആവശ്യപ്പെട്ട് മടക്കി അയക്കുകയാണുണ്ടായത്.
തെരഞ്ഞെടുപ്പുകളിൽ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ സഖ്യത്തെയോ ഭൂരിപക്ഷം സഭയിൽ തെളിയിക്കണമെന്ന വ്യവസ്ഥയോടെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കുകയാണ് രാഷ്ട്രപതിയും ഗവർണർമാരും ഇതുവരെ പുലർത്തിയ കീഴ്‌വഴക്കം. ഗവർണർക്ക് വിവേചനാധികാരം ഉണ്ടെങ്കിലും ജനാധിപത്യമര്യാദകൾ പാലിക്കാൻ കടപ്പെട്ടവരെന്ന നിലയിൽ പ്രതീക്ഷിച്ച വിവേകപൂർണമായ നടപടി ആർലേക്കറിൽനിന്ന് ഉണ്ടായില്ല. എഐഎഡിഎംകെ സഖ്യത്തിൽ മത്സരിച്ച് ഒറ്റ സീറ്റിൽ മാത്രം വിജയിച്ച ബിജെപിക്ക് പിൻവാതിലിലൂടെ ഭരണംനിയന്ത്രിക്കാനുള്ള കളികളാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടായത്. അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോയി രാഷ്ട്രപതിഭരണത്തിന് കളമൊരുക്കാനുള്ള ആർലേക്കറുടെയും അതിനുപിന്നിൽ ചരടുവലിച്ച ബിജെപി നേതൃത്വത്തിന്റെയും നീക്കങ്ങൾക്ക് തടയിട്ടത് ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള ഇടതുപക്ഷകക്ഷികളുടെ തീരുമാനമാണ്. രണ്ട് എംഎൽഎമാർ വീതമുള്ള സിപിഐ എമ്മിനും സിപിഐക്കും പുറമേ വിസികെയും പിന്തുണക്കത്ത് നൽകിയതോടെ വിജയ്‌യെ ക്ഷണിക്കാൻ ഗവർണർ നിർബന്ധിതനായി.
ബിജെപിക്ക് വഴിയൊരുക്കാൻ വേണ്ടിയുള്ള രാഷ്ട്രപതിഭരണം എന്ന അപകടം ഒഴിവാക്കുന്നതിനാണ് ഡിഎംകെ നയിക്കുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഐ എമ്മും സിപിഐയും ടിവികെയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്. ആ തീരുമാനത്തെ ഡിഎംകെ നേതൃത്വം ശ്ലാഘിക്കുകയും ചെയ്തു. എന്നാൽ, അധികാരംമാത്രംകണ്ട് തെരഞ്ഞെടുപ്പുഫലം വന്നതിനുപിന്നാലെ മത്സരിച്ച സഖ്യംവിട്ട് മറുകണ്ടം ചാടിയ കോൺഗ്രസ് കൊടിയ രാഷ്ട്രീയവഞ്ചനയാണ് കാട്ടിയതെന്ന് പറയാതിരിക്കാനാകില്ല. ബിജെപിയുടെ പടയോട്ടത്തിന്, ഇന്ത്യാകൂട്ടായ്‌മയിൽ ഉറച്ചുനിന്ന് തമിഴ്‌നാട്ടിൽ പ്രതിരോധം തീർത്ത ഡിഎംകെയെ തള്ളിപ്പറയാൻ ഒരു മടിയും കാണിക്കാത്ത കോൺഗ്രസ് അതുവഴി ഇന്ത്യാകൂട്ടായ്‌മയുടെ അസ്ഥിവാരവും തോണ്ടി.
ഇന്ത്യൻ ഭരണഘടനയനുസരിച്ച് ആലങ്കാരികസ്ഥാനം മാത്രമായ ഗവർണറെ ഉപയോഗിച്ച് ബിജെപി നടത്തുന്ന രാഷ്ട്രീയനീക്കങ്ങൾ എല്ലാ അതിരുകളും ലംഘിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തമിഴ്‌നാട്. തമിഴ്‌നാട്ടിൽ ഗവർണറായിരിക്കെ സംഘപരിവാർ അജൻഡയ്ക്കായി ഏതറ്റംവരെയും പോകുമെന്ന് തെളിയിച്ച ആർ എൻ രവിയെ തെരഞ്ഞെടുപ്പിനുമുമ്പ് പശ്ചിമബംഗാളിലേക്ക് സ്ഥലംമാറ്റിയത് തെരഞ്ഞെടുപ്പ് അട്ടിമറി ലക്ഷ്യമിട്ടാണെന്ന് വിമർശം ഉയർന്നിരുന്നു. അവിടത്തെ തെരഞ്ഞെടുപ്പ് ഫലം ആ വിമർശത്തെ സാധൂകരിക്കുന്നതാണ്.
ജനാധിപത്യവിരുദ്ധമായ മാർഗങ്ങളിലൂടെ ബിജെപിക്ക് അധികാരം നേടിക്കൊടുക്കാനുള്ള നീക്കങ്ങളിലെ കരുക്കളായി മാറുകയാണ് ഗവർണർമാർ. അതുതടയുന്നതിന് നിതാന്തമായ രാഷ്ട്രീയ ജാഗ്രത ആവശ്യമാണ്. അതിന്റെ ഭാഗമാണ് ഇടതുപക്ഷം തമിഴ്‌നാട്ടിൽ സ്വീകരിച്ച സമീപനം.
അതേസമയം, ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും അധികാരമോഹത്താൽ മുഖ്യമന്ത്രിപദത്തിനായി തമ്മിലടിക്കുന്ന നേതാക്കൾ കേരളത്തിൽ സൃഷ്‌ടിച്ച അനിശ്ചിതത്വം കോൺഗ്രസിന്റെ രാഷ്‌ട്രീയ ജീർണതയുടെ ദൃഷ്‌ടാന്തവുമായി. ക്രമസമാധാനപ്രശ്‌നമായിവരെ വളർന്ന കോൺഗ്രസിലെ അധികാര വടംവലി ആ പാർടി എത്തപ്പെട്ട ദുരവസ്ഥയുടെ തെളിവാണ്.











0 comments