ad
Deshabhimani

സ്വകാര്യതയിലേക്കുള്ള 
കടന്നുകയറ്റത്തിനെതിരെ 
ജാഗ്രത തുടരണം

wayanad housewife suicide
വെബ് ഡെസ്ക്

Published on Dec 06, 2025, 12:00 AM | 2 min read

സ്വകാര്യതയിലേക്കുള്ള 
കടന്നുകയറ്റത്തിനെതിരെ 
ജാഗ്രത തുടരണം

​വ്യക്തികൾക്ക്‌ അന്തസ്സോടെ ജീവിക്കാനുള്ള അനുപേക്ഷണീയമായ അവകാശങ്ങളിൽ ഒന്നാണ്‌ സ്വകാര്യത എന്ന്‌ സുപ്രീംകോടതി ആവർത്തിച്ച്‌ വ്യക്തമാക്കിയതാണ്‌. ഭരണകൂടത്തിനോ മറ്റ്‌ ഏതെങ്കിലും ബാഹ്യ ഏജൻസികൾക്കോ വ്യക്തികൾക്കുമേൽ ചാരപ്പണി നടത്താനോ അവരുടെ സ്വകാര്യതയിൽ കടന്നുകയറാനോ അവകാശമില്ലെന്ന്‌ പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയർ കേസിൽ സുപ്രീംകോടതി വിധിച്ചിരുന്നു. സ്വകാര്യത വ്യക്തിയുടെ മൗലികാവകാശംതന്നെയാണെന്ന ചരിത്രപരമായ വിധിയാണ്‌ ആധാർ കേസിൽ 2017ൽ സുപ്രീംകോടതിയിൽനിന്ന്‌ ഉണ്ടായത്‌. കോടതിവിധികൾ എന്തായാലും രാജ്യത്തെ പ‍ൗരന്മാരുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറാൻ പല മാർഗങ്ങൾ സ്വീകരിക്കുകയാണ്‌ സ്വേച്ഛാധിപത്യത്തോടെ നീങ്ങുന്ന മോദിസർക്കാർ. സൈബർ സുരക്ഷയുടെ മറവിൽ കേന്ദ്ര ടെലികോംവകുപ്പിന്റെ ‘സഞ്ചാർ സാഥി’ ആപ് എല്ലാ ഫോണുകളിലും നിർബന്ധമാക്കാനുള്ള ഉത്തരവ്‌ ഇതിന്റെ തുടർച്ചയായിരുന്നു. രാജ്യത്തെ ജനങ്ങളെയാകെ നിരീക്ഷണപരിധിയിൽ കൊണ്ടുവരാനുള്ള ആസൂത്രിതപദ്ധതിയാണ്‌ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്‌. വ്യക്തിസ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റവും ജനാധിപത്യസംവിധാനത്തോടുള്ള വെല്ലുവിളിയുമാണിത്‌. ഇതിനെതിരെ പാർലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർന്നതോടെ ആപ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്‌ കേന്ദ്രസർക്കാർ പിൻവലിച്ചിട്ടുണ്ട്‌.


​മൊബൈൽ ഫോണുകളിൽ സഞ്ചാർ സാഥി ആപ് നീക്കാൻ കഴിയാത്തവിധത്തിൽ ഉൾപ്പെടുത്തി ജനങ്ങളുടെ വിവരങ്ങൾ ചോർത്താനുള്ള ശ്രമത്തിൽനിന്നാണ്‌ ഇപ്പോൾ സർക്കാർ പിന്മാറിയത്‌. 2023 മേയിലാണ് കേന്ദ്രസര്‍ക്കാര്‍ സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ ആരംഭിക്കുന്നത്. വ്യാജ ഫോണുകള്‍ തടയുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെന്നായിരുന്നു സർക്കാർ അവകാശപ്പെട്ടിരുന്നത്‌. വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐഎംഇഐ നമ്പരുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണിതെന്നും തട്ടിപ്പുകോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും ഇ‍ൗ ആപ് സഹായകമെന്ന വാദം വിശ്വസനീയമായിരുന്നില്ല.


സൈബർ തട്ടിപ്പുകൾ തടയാൻ മറ്റു നിരവധി മാർഗങ്ങളുള്ളപ്പോൾ, സർക്കാർ ആപ് ഫോണിൽ നിർബന്ധമാക്കുന്നത് എന്തിനെന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം നൽകാൻ അധികൃതർക്ക്‌ സാധിച്ചിരുന്നില്ല. ഫോൺ സ്വിച്ച് ഓൺ ചെയ്യുന്നതുമുതൽ ഓഫ് ചെയ്യുന്നതുവരെ, നമ്മൾ ഉപയോഗിച്ചില്ലെങ്കിൽപ്പോലും ഈ ആപ് ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കും. ഭാവിയിൽ ഒരു ചെറിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ, സർക്കാർവിരുദ്ധ സന്ദേശങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻവരെ ഈ ആപ്പിനെ മാറ്റിയെടുക്കാനാകും. സർക്കാരിനെതിരെ സംസാരിക്കുന്നവരെ കണ്ടെത്താനും ഫോണിലെ വിവരങ്ങൾ സ്കാൻ ചെയ്യാനും ഒരു ചെറിയ അപ്‌ഡേറ്റിലൂടെ സാധിക്കും. നമ്മുടെ സ്വകാര്യത എന്ന മൗലികാവകാശത്തിന് ഇവിടെ ഒരു വിലയുമില്ലാത്ത അവസ്ഥയാണ്‌ സൃഷ്ടിക്കുക.


​ഇന്ത്യയിലെ സ്‌മാർട്ട്‌ ഫോൺ നിർമാണ കന്പനികളോട്‌ ഫോണുകളിൽ സർക്കാർ ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ ആപ് വിന്യസിക്കാനാണ്‌ നവംബർ 28ന്‌ ഉത്തരവിറക്കിയത്‌. വിപണിയിലിറക്കുന്ന മുഴുവൻ ഫോണിലും ജനുവരിയിൽ പുറത്തിറക്കിയ സഞ്ചാർ സാഥി എന്ന ആപ് നീക്കാൻ കഴിയാത്ത രീതിയിൽ ഉൾപ്പെടുത്തണമെന്നും നിലവിൽ ഉപയോഗത്തിലുള്ളവയിൽ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്‌ വഴി ഉൾപ്പെടുത്താനുമായിരുന്നു നിർദേശം. ഫോണുകളിൽ ആപ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തെന്ന്‌ 90 ദിവസത്തിനുള്ളിൽ ഉറപ്പുവരുത്താനും കന്പനികളോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ആപ്പിൾ, സാംസങ്‌, വിവോ, ഷവോമി, ഓപ്പോ ഉൾപ്പെടെയുള്ള കന്പനികൾ രംഗത്തുവന്നിരുന്നു. ജനങ്ങളുടെ പ്രതിഷേധശബ്‌ദങ്ങളെ അടിച്ചമർത്താനുള്ള മോദിസർക്കാരിന്റെ ആസൂത്രിതനീക്കത്തിന്റെ ഭാഗമാണിതെന്നും സ്വേച്ഛാധിപത്യത്തിനു തുല്യമാണെന്നും സിപിഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷപാർടികൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ്‌ തീരുമാനത്തിൽനിന്ന്‌ പിന്മാറാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്‌.


​സൈബർ സുരക്ഷ എന്ന പേരിൽ വ്യക്തിഗതവിവരങ്ങളുംമറ്റും ശേഖരിക്കുന്നതിനുവേണ്ടിയാണ്‌ സർക്കാരിന്റെ ഇ‍ൗ നീക്കമെന്ന ആശങ്കയാണ്‌ ഉയർന്നത്‌. നേരത്തേ പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കൾ, പൊതുപ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഡിജിറ്റൽവിവരങ്ങൾ ചോർത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചകാര്യം പുറത്തുവന്നതാണ്. നിയമപരമായ ഒരു സംരക്ഷണവുമില്ലാതെ പ‍ൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നത് തികച്ചും ജനാധിപത്യവിരുദ്ധമാണ്‌. സർക്കാരിന്റെ ആപ് ഫോണിൽ നിർബന്ധമാക്കണമെന്ന ആവശ്യം ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യത, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എന്നിവയെ തകർത്തെറിയുന്നതാണ്‌. മോദിസർക്കാരിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ, പിൻവലിച്ച ഉത്തരവ്‌ വളഞ്ഞ വഴിയിലൂടെ വീണ്ടും നടപ്പാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇതിനെതിരെ ജനങ്ങളൊന്നാകെ കടുത്ത ജാഗ്രത പാലിക്കേണ്ടതാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home