print edition ലോകകപ്പിൽ സ്‌പാനിഷ് വീര്യം

കളം നിറയുന്നതാണ് കളി. കളം വിട്ടാലും കരളിൽ ഒരു കവിത കാലുകൊണ്ടെഴുതുന്നവനാണ് വിജയി. ഹൃദയം കീഴടക്കി ലോകകപ്പ് ഫുട്‌ബോൾ അവസാനിക്കുമ്പോൾ വിജയപീഠത്തിൽ സ്‌പെയ്‌ൻ. വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെയും ടെന്നീസ് ഇതിഹാസം റാഫേൽ നദാലിന്റെയും നാട്ടിലേക്ക് രണ്ടാംതവണയാണ് ലോകകിരീടം എത്തുന്നത്. ഫൈനലിൽ അർജന്റീനയെ ഒരു ഗോളിന് കീഴടക്കിയാണ് 16 വർഷത്തിനുശേഷമുള്ള നേട്ടം. ഒട്ടേറെ സവിശേഷതകളുണ്ടായിരുന്ന ലോകകപ്പിനാണ് സമാപ്‌തിയായത്. മൂന്നു രാജ്യങ്ങൾ ആദ്യമായി ആതിഥേയരായി. അമേരിക്കയും കാനഡയും മെക്‌സിക്കോയും ഒരുമിച്ച് വരവേറ്റു. ആദ്യമായി 48 രാജ്യങ്ങൾ അണിനിരന്നുവെന്ന പ്രത്യേകതയുമുണ്ട്.
ടീമുകളുടെ എണ്ണം കൂടുമ്പോൾ കളി വിരസമാകുമെന്ന മുൻവിധിയെ തള്ളിയാണ് കൊട്ടിക്കലാശം. ഒട്ടുമിക്ക കളിയും ആവേശകരമായിരുന്നു. കളി കൂടുതൽ ജീവസ്സുറ്റതും പിഴവില്ലാത്തതുമായി മാറ്റുന്നതിൽ പുതിയ നിയമങ്ങൾ പ്രധാന പങ്കുവഹിച്ചു. ലൂയിസ് ഡെ ലാ ഫുയന്റെ എന്ന കോച്ചിന്റെ തന്ത്രങ്ങൾ സ്‌പാനിഷ് പടയോട്ടത്തിൽ നിർണായകമായി. ഓൾറൗണ്ട് പ്രകടനമായിരുന്നു ചാമ്പ്യൻമാരുടേത്. ആകെ 14 ഗോളടിച്ചപ്പോൾ ഒറ്റഗോൾ മാത്രമാണ് വഴങ്ങിയത്. റോഡ്രിയെന്ന ക്യാപ്‌റ്റനുകീഴിൽ ലമീൻ യമാലും പൗ കുബാർസിയും അടങ്ങുന്ന യുവനിരയാണ് കളംപിടിച്ചത്. ഇൗ സ്‌പെയ്‌ൻ ഇന്നേക്കുമാത്രമുള്ളതല്ല, നാളേക്കുകൂടിയുള്ളതാണെന്ന വിളംബരമായി.
ഇത്തവണയും യൂറോപ്പിന്റെ ആധിപത്യത്തിന് കുറവില്ല. ക്വാർട്ടറിലെത്തിയ എട്ടു ടീമുകളിൽ ആറും യൂറോപ്പിൽനിന്ന്. കനത്ത ചൂടും പരിചിതമല്ലാത്ത സാഹചര്യങ്ങളും മത്സരസമയവും കളിക്കുള്ള യാത്രകളും വെല്ലുവിളിയാകുമെന്ന് കരുതി. കളത്തിലെ സാങ്കേതികമികവും സമ്മർദങ്ങളെ അതിജീവിക്കാനുള്ള പ്രൊഫഷണൽ സമീപനവും യൂറോപ്പിന്റെ വാഴ്‌ചയ്ക്ക് കാരണമായി. ഏഷ്യ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെങ്കിലും ആഫ്രിക്ക എക്കാലത്തെയുംപോലെ മിന്നൽപ്പിണരുകൾ സൃഷ്‌ടിച്ചു. ലാറ്റിനമേരിക്കൻ മേൽവിലാസം അർജന്റീനയിൽമാത്രമായി ഒതുങ്ങി.
കളിക്കൊപ്പം കച്ചവടവുമെന്ന ലോക ഫുട്‌ബോൾ സംഘടന ഫിഫയുടെ പുതിയ സമവാക്യം വിജയകരമായി നടപ്പാക്കിയത് എടുത്തുപറയേണ്ടതാണ്. അതിനായി കളിക്കിടെയുള്ള ഹൈഡ്രേഷൻ ബ്രേക്കുകളും ഇടവേളയിലെ കലാപരിപാടികളും വിവാദത്തിനൊപ്പം പരസ്യപ്പണവും കൊണ്ടുവന്നു. ഫിഫയുടെ വിശ്വാസ്യത പരസ്യമായി ചോദ്യംചെയ്യപ്പെട്ടു. അമേരിക്കൻ കളിക്കാരന്റെ സസ്‌പെൻഷൻ ഒഴിവാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടു. ഫിഫ പ്രസിഡന്റ് ഇതിനെല്ലാം മറുപടി നൽകിയെങ്കിലും ചോദ്യങ്ങളും സംശയങ്ങളും ബാക്കി.
ഫൈനൽ വിരസമായിരുന്നെങ്കിലും ഭൂരിപക്ഷം കളികളും ആവേശകരമായിരുന്നു. കാണികളുടെ എണ്ണത്തിലും ഇൗ ലോകകപ്പ് റെക്കോഡിട്ടു. ടിക്കറ്റിന് തീവിലയായിട്ടും 104 മത്സരങ്ങൾ കാണാൻ 16 സ്‌റ്റേഡിയങ്ങളിലായി 68 ലക്ഷം പേരെത്തി. ഒരു കളിക്ക് ശരാശരി 65,000 പേർ. ഫൈനൽ നേരിട്ടുകണ്ടത് 80,000 പേരാണ്.
ലോകകപ്പ് അവസാനിക്കുമ്പോൾ മറക്കാനാകാത്ത രണ്ടു രാജ്യങ്ങളുണ്ട്. ഇറാനും കേപ് വെർദെയും. യുദ്ധഭൂമിയിൽനിന്നാണ് ഇറാന്റെ വരവ്. കളത്തിനകത്തും പുറത്തുമുള്ള വെല്ലുവിളികളെ അതിജീവിച്ചു. മെക്‌സിക്കോയിൽ താമസിച്ചാണ് ടീം ഓരോ കളിക്കും വിമാനം കയറിവന്നത്. അറ്റ്‌ലാന്റിക് ദ്വീപസമൂഹത്തിൽ ചിതറിക്കിടക്കുന്ന കേപ് വെർദെയെന്ന കൊച്ചുരാജ്യം ആദ്യ ലോകകപ്പിൽ കൈയടി നേടി. അഞ്ചരലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യവും അവരുടെ 40 വയസ്സുള്ള ഗോൾകീപ്പർ വൊസീന്യയും മനംകവർന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ എന്ന് ലോകകപ്പ് കളിക്കുമെന്ന ചോദ്യം എക്കാലത്തും ഉയരാറുണ്ട്. അടുത്തതവണ 64 ടീമുകളുടെ സാധ്യതയാണ് ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോ മുന്നോട്ടുവയ്‌ക്കുന്നത്. ഇന്ത്യയുടെ നിലവിലെ റാങ്ക് 138 ആണ്. നാലുവർഷംമുന്പ് 106. ദേശീയ ലീഗുകളും പ്രധാന ടൂർണമെന്റുകളുമെല്ലാം തകർച്ചയിലാണ്. കുത്തഴിഞ്ഞതാണ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ ഭരണസംവിധാനം. ഇൗ ലോകകപ്പുകാലത്തും കളിയും കളിക്കളങ്ങളും മെച്ചപ്പെടുത്താനുള്ള ചർച്ചയല്ല നടക്കുന്നത്. ഫെഡറേഷന്റെ പേരുമാറ്റമാണ് പ്രധാനം. ‘ഫുട്‌ബോൾ ഫെഡറേഷൻ ഓഫ് ഭാരത്’ എന്ന പേരിനുള്ള ശുപാർശ ഫിഫയ്‌ക്ക് നൽകിക്കഴിഞ്ഞു.
കേരളം എക്കാലവും ലോകകപ്പ് ആവേശത്തിനൊപ്പമുണ്ട്. വീട്ടിലും നാട്ടിലും കളികാണാനുള്ള ആവേശം ഇത്തവണയും കണ്ടതാണ്. പക്ഷേ, കളിസമയത്തുള്ള പവർകട്ട് ആരാധകരെ നിരാശപ്പെടുത്തി. കണ്ണൂർക്കാരനായ തഹ്‌സിൻ മുഹമ്മദ് ഖത്തർ ടീമിലെത്തിയത് അഭിമാനമായി. തഹ്‌സിന് പക്ഷേ, കളത്തിൽ ഇറങ്ങാനായില്ല.
സൂപ്പർതാരങ്ങളായ ലയണൽ മെസി, നെയ്‌മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂകാ മോഡ്രിച്ച്, ഗില്ലർമോ ഒച്ചാവോ എന്നിവർ കളിച്ച അവസാന ലോകകപ്പാണിത്. ഇവരുടെ പിൻഗാമികളാകാൻ വലിയൊരു യുവനിര വളർന്നുവരുന്നുണ്ട്. തുടർച്ചയായി രണ്ടാംതവണയും ഗോളടിക്കാരനുള്ള ‘ഗോൾഡൻ ബൂട്ട്’ നേടിയ കിലിയൻ എംബാപ്പെയും ലമീൻ യമാലുമൊക്കെ ലോകം കീഴടക്കുമെന്നുറപ്പ്. അതിനാൽ ആരവം അവസാനിക്കുന്നില്ല. പന്തും മനുഷ്യനും ഉള്ളിടത്തോളം കാലം അത് തുടരും.










0 comments