ad
Deshabhimani

മരിക്കാത്ത ‘പിറവി’

Shaji N Karun
വെബ് ഡെസ്ക്

Published on Apr 29, 2025, 12:00 AM | 2 min read


ജീവിതത്തെ എങ്ങനെ പുരോഗമന കലാ സാംസ്‌കാരിക പ്രവർത്തനമാക്കാമെന്നും അതുവഴി ജീവിതത്തെ എങ്ങനെ മാനവീയമായി വരച്ചിടാമെന്നും കാണിച്ചുതന്ന ഷാജി എൻ കരുൺ ഇനി നമ്മോടൊപ്പമില്ല. അഭ്രപാളിയിലെ ഒളിമങ്ങാത്ത ദൃശ്യങ്ങളായും മനുഷ്യപക്ഷ മുഖമായും സ്‌മരണകളിൽ എന്നും നിറഞ്ഞുനിൽക്കും.


സാങ്കേതികതയും മനുഷ്യഭാവനയും ഇണചേരുന്ന സിനിമയെന്ന കലാരൂപത്തെ സാമൂഹ്യ പരിവർത്തന പ്രക്രിയയ്ക്കുള്ള ഉപകരണമാക്കാമെന്ന ചിന്ത അതിവിദഗ്ധമായി പ്രയോഗിച്ച സംവിധായകൻ. മനുഷ്യൻ അവന്റെ കണ്ണുകൾ കൊണ്ട്‌ കാമറയ്ക്ക്‌ അപ്പുറത്തുള്ള മനുഷ്യ ജീവിതങ്ങളെയാണ്‌ ചിത്രീകരിക്കുന്നതെന്ന്‌ ഉത്തമബോധ്യമുണ്ടായിരുന്ന ഛായാഗ്രാഹകൻ. ഏത്‌ ഉന്നതിയിൽ വിരാജിച്ചാലും തെരുവിലെ മനുഷ്യന്റെ വികാര വിചാരങ്ങളെ കാണാനും കണ്ണീര്‌ തുടയ്ക്കാനും കഴിയണമെന്ന്‌ കണ്ട സാംസ്‌കാരിക പ്രവർത്തകൻ.


നാൽപ്പതോളം ചിത്രങ്ങൾക്ക്‌ കാമറ ചലിപ്പിച്ച ഷാജി എൻ കരുൺ തുടക്കമിട്ടത്‌ ജി അരവിന്ദന്റെ സിനിമകൾക്ക്‌ വേണ്ടിയാണ്‌. മലയാള സിനിമയിൽ പുതുതരംഗം സൃഷ്ടിച്ച ‘കാഞ്ചനസീത’ ആയിരുന്നു ആദ്യ ചിത്രം. ചിത്രീകരണ കലയുടെ സാധ്യതകൾ എത്രയെന്ന്‌ പ്രേക്ഷകരെ കാണിച്ചുതന്ന ഒരു പറ്റം സിനിമകളുടെ നാന്ദിയായിരുന്നു അത്‌. ‘പിറവി’ ആണ്‌ സംവിധാനം ചെയ്ത ആദ്യ ചിത്രം. 1989ൽ പുറത്തിറങ്ങിയ ‘പിറവി' മലയാള ചലച്ചിത്രലോകത്തും രാഷ്‌ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിലുമുണ്ടാക്കിയത്‌ കോളിളക്കം. അടിയന്തരാവസ്ഥക്കാലം മലയാളികളുടെ മനസ്സിലുണ്ടാക്കിയത്‌ ആഴത്തിലുള്ള മുറിവുകളാണ്‌.


സംഘർഷാത്മകമായ ആ കാലത്തെ അഭ്രപാളിയിൽ നിശ്ശബ്ദതയുടെ ഇടിമുഴക്കം പോലെയാണ്‌ പ്രേക്ഷകരിലേക്ക്‌ സന്നിവേശിപ്പിച്ചത്‌. മഴയും മൗനവും കാത്തിരിപ്പും പ്രതീക്ഷയും പ്രേംജിയെന്ന മഹാപ്രതിഭയുടെ ഭാവപരിണാമങ്ങളും വഴി ദൃശ്യവൽക്കരണത്തിന്റെ പുതിയഭാഷ ഷാജി പരിചയപ്പെടുത്തി. കാൻ അടക്കം 70 മേളകൾ, 31 പുരസ്‌കാരങ്ങൾ, പാംദോർ. ഇതിനെല്ലാമുപരിയായി ലോക ആസ്വാദകരിൽ കനലടങ്ങാതെ കിടക്കുന്ന സിനിമയായി. ഷാജിയുടെ പര്യായമായിത്തന്നെ ‘പിറവി’ മാറി. തിരുവനന്തപുരം വഴുതക്കാട്ടെ വീടും ‘പിറവി’ ആയി.


ഈ സംവിധായകന്റെ പ്രതിഭ എന്തെന്ന്‌ നമ്മൾ മാത്രമല്ല, ലോകം തന്നെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തു ‘പിറവി’യോടെ. തമ്പ്, കുമ്മാട്ടി, എസ്‌തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങി അരവിന്ദൻ സിനിമകളുടെ ഛായാഗ്രഹണവും ഷാജിയുടേതായിരുന്നു. കുട്ടിസ്രാങ്ക്, വാനപ്രസ്ഥം, സ്വപാനം, നിഷാദ്, ഓള് തുടങ്ങി മറ്റ്‌ ശ്രദ്ധേയ ചിത്രങ്ങൾ വേറെ. എ കെ ജിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രവും ഒരുക്കി. ഏഴ് ദേശീയ പുരസ്‌കാരവും ഏഴ് സംസ്ഥാനപുരസ്‌കാരവും നേടിയിട്ടുണ്ട്.


1974ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടിയ അദ്ദേഹം അക്കാലത്തുതന്നെ ചലച്ചിത്ര വികസന കോർപറേഷന്റെ ആശയരൂപീകരണത്തിൽ പങ്കാളിയായി. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനുമായി. ചലച്ചിത്രമേളകളെ വെറും കെട്ടുകാഴ്‌ചയിൽനിന്ന്‌ മോചിപ്പിച്ച്‌ കാമ്പും കഴമ്പുമുള്ള ചലച്ചിത്ര സംവാദമാക്കി ഉയർത്തുന്നതിലും വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌.


മതനിരപേക്ഷത, ജനാധിപത്യം, ബഹുസ്വരത എന്നീ നിലപാടുകളിൽ അടിയുറച്ചുനിൽക്കുക മാത്രമല്ല, പണത്തിനും പദവിക്കും വേണ്ടി അതിൽ വെള്ളം ചേർക്കാനും തയ്യാറായില്ല. എൻഎഫ്‌ഡിസി ചെയർമാൻ അടക്കം അദ്ദേഹത്തിന്‌ മുന്നിൽ വച്ചുനീട്ടിയ പല സ്ഥാനങ്ങളും നിലപാടിന്റെ പേരിൽ ചവറ്റുകുട്ടയിലെറിഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ്‌ എന്ന നിലയിൽ ശക്തമായ രാഷ്‌ട്രീയ പ്രതികരണങ്ങളാണ്‌ നടത്തിയിട്ടുള്ളത്‌. ഒടുവിൽ എമ്പുരാൻ സിനിമക്കെതിരായി കേന്ദ്രവും സംഘപരിവാറും രംഗത്തുവന്നപ്പോഴും വർഗീയതയ്‌ക്കെതിരായ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ ഉയർത്തിപ്പിടിച്ചു.


കെഎസ്‌എഫ്‌ഡിസി ചെയർമാൻ എന്ന നിലയിൽ സിനിമ, സാംസ്‌കാരിക മേഖലകളിലുൾപ്പെടെ പല പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ചപ്പോഴും തന്റെ ലക്ഷ്യങ്ങളും ഉത്തരവാദിത്വങ്ങളും പരമാവധി നടപ്പാക്കുക എന്നതിനാണ്‌ പ്രാധാന്യം നൽകിയത്‌. വൈലോപ്പിള്ളി പാടിയതുപോലെ ‘ചുടുവെള്ളാമ്പൽ പൊയ്കയല്ല, ജീവിതമായിരുന്നു’ ഷാജിക്കും തന്റെ പ്രതിഭയുരയ്ക്കാനുള്ള മഷിപാത്രം. മഹാപ്രതിഭയ്ക്ക്‌ ആദരാഞ്ജലികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home