ad
Deshabhimani

പട്ടിണിക്കാരോട് മുഖംതിരിച്ച് ഇന്ത്യ​

modi and Us Trade Agreement
വെബ് ഡെസ്ക്

Published on Nov 11, 2025, 12:01 AM | 2 min read


‘ഗുരുതര’മാംവിധം പട്ടിണിയുള്ള രാജ്യമാണ് ഇന്ത്യയെന്ന ഐക്യരാഷ്ട്രസംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ട് ഇന്ത്യയുടെ വളർച്ചസംബന്ധിച്ച കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങൾക്കേറ്റ തിരിച്ചടിയാണ്. ലോകത്ത് ഏറ്റവും അധികം പട്ടിണിക്കാരുള്ള അഞ്ചു രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണെന്നാണ് യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ്‌ പ്രോഗ്രാമിന്റെ (യുഎൻഡിപി) ആഗോള പട്ടിണിസൂചിക (മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്സ് MPI) സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇന്ത്യയിൽ 24.3 കോടി ജനങ്ങൾ ദാരിദ്ര്യത്തിലാണ്.


പാകിസ്ഥാനും (9.3 കോടി ജനങ്ങൾ പട്ടിണിയിൽ) എത്യോപ്യയും (8.6 കോടിപ്പേർ പട്ടിണിയിൽ) നൈജീരിയയും (7.4 കോടി പട്ടിണിക്കാർ) റിപ്പബ്ലിക് ഓഫ് കോംഗോ (6.6 കോടി)യുമാണ് ഇന്ത്യക്കൊപ്പം ഏറ്റവും കൂടുതൽ ദരിദ്രരുള്ള മറ്റു രാജ്യങ്ങൾ. ലോകത്താകെ 110 കോടി ജനങ്ങൾ പട്ടിണിയിൽ കഴിയുന്നു. അതിന്റെ 40 ശതമാനം ഈ അഞ്ചു രാജ്യങ്ങളിലാണെന്നാണ് യുഎൻഡിപി ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തിയ പഠനത്തിലെ കണ്ടെത്തൽ. 127 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 102–ാമതാണ്. ശ്രീലങ്ക (61), നേപ്പാൾ (72), ബംഗ്ലാദേശ് (85) തുടങ്ങിയ രാജ്യങ്ങളിൽവരെ ഇന്ത്യയിലേക്കാൾ പട്ടിണി കുറവാണ്. ഇന്ത്യയുടെ അതിവേഗ വളർച്ച സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഈ വസ്തുതകൾ.


ഭക്ഷ്യോൽപ്പാദനത്തിൽ മുൻപന്തിയിലായിട്ടും ഇന്ത്യയിൽ പട്ടിണിയും പോഷകാഹാരക്കുറവും നിലനിൽക്കുന്നു എന്നത് അത്യന്തം അസന്തുലിതമായ സാമ്പത്തികവളർച്ചയെയാണ് സൂചിപ്പിക്കുന്നത്. സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന സ്ഥിതിവിശേഷം തുടരുന്നു. ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം സന്തുലിതമല്ലെന്നും ദാരിദ്ര്യവും കുട്ടികളിലെ പോഷകാഹാരക്കുറവും ശുചിത്വമില്ലായ്മയും വ്യാപകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ വളർന്നു എന്ന് വീമ്പിളക്കുന്നവർ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നതാണ് ഈ യാഥാർഥ്യം.


മുതലാളിത്ത സാമ്പത്തികനയങ്ങളും യുദ്ധങ്ങളും കാലാവസ്ഥാവ്യതിയാനവും ലോകത്ത് ദുർബല ജനവിഭാഗങ്ങളുടെ ജീവിതം ദുഷ്കരമാക്കിയതിന്റെ നേർചിത്രമാണ് റിപ്പോർട്ട് പങ്കുവയ്ക്കുന്നത്. ആഗോളതലത്തിൽ പത്തിൽ ഒരാൾക്ക് ഇപ്പോഴും ഒരു നേരത്തെ ഭക്ഷണംപോലും ലഭിക്കുന്നില്ല. കോളനിവാഴ്ചയുടെ ചൂഷണത്തിൽനിന്ന്‌ കോർപറേറ്റ് വാഴ്ചയുടെ ചൂഷണത്തിലേക്ക് പതിച്ച ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളാണ് ഇതിന്റെ കെടുതി കൂടുതലും അനുഭവിക്കുന്നത്. സൊമാലിയ, ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മഡഗാസ്കർ, ഹെയ്തി, ചാഡ്, നൈജർ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, നൈജീരിയ, പാപ്പുവ ന്യൂഗിനിയ തുടങ്ങിയ രാജ്യങ്ങളാണ് പട്ടിണിസൂചികയിൽ ഏറ്റവും മുന്നിലുള്ളത്. ഇന്ത്യയിൽ കോർപറേറ്റ് ചൂഷണത്തിന്റെ ദല്ലാളായി വർത്തിക്കുന്ന ഭരണകൂടത്തിന്റെ ജനവിരുദ്ധ രാഷ്ട്രീയമാണ് നാടിനെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്.

ഈ സാഹചര്യത്തിലാണ്‌ കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിയ എൽഡിഎഫ് സർക്കാരിനെ നയിക്കുന്ന നീതിയുടെ ജനപക്ഷരാഷ്ട്രീയം പ്രസക്തമാകുന്നത്‌.


മനുഷ്യന്റെ അന്തസ്സ്‌ കെടുത്തുന്ന പട്ടിണി കൊടിയ അനീതിയാണ്. ദാരിദ്ര്യത്തെ അഭിസംബോധന ചെയ്യുന്ന, അത്‌ പരിഹരിക്കുന്നതിന് ആത്മാർഥമായ നടപടികളെടുക്കുന്ന നീതിയുടെ രാഷ്ട്രീയമാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ നയിക്കുന്നത്. കോർപറേറ്റുകൾക്കായി ഭരണം നടത്തുന്ന കേന്ദ്രസർക്കാരും ദരിദ്രരെ പുരോഗതിയിലേക്ക്‌ കൈപിടിച്ചുയർത്തുന്ന കേരള സർക്കാരും പിന്തുടരുന്ന നയങ്ങളിലെ വ്യത്യാസമാണ്‌ ഇവിടെ വ്യക്‌തമാകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home