ad
Deshabhimani

print edition പിഎം ശ്രീ പദ്ധതിയിലൂടെ
യുഡിഎഫ്‌ നടപ്പാക്കുന്നത്‌
സംഘപരിവാർ അജൻഡ

editorial today
വെബ് ഡെസ്ക്

Published on Jun 19, 2026, 12:00 AM | 2 min read

പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചതിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച കാവിവൽക്കരണത്തിന്‌ അടിയറവയ്ക്കുകയാണ്‌. ഇത്‌ രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. അതിലുപരി, തെരഞ്ഞെടുപ്പിനുമുമ്പ് യുഡിഎഫ്‌ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനവും സംഘപരിവാർ അജൻഡയോടുള്ള രാഷ്ട്രീയ കീഴടങ്ങലുമാണ്. ഇത് ഒരു നയംമാറ്റം മാത്രമല്ല, ജനങ്ങളോടുള്ള രാഷ്ട്രീയവഞ്ചനകൂടിയാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിക്കെതിരെ അതിശക്തമായ പ്രചാരണം നടത്തിയവരാണ് ഇന്ന് അതേ പദ്ധതിയുടെ വക്താക്കളായി മാറിയത്. "പിഎം ശ്രീ അറബിക്കടലിൽ എറിയും’ എന്നു പ്രഖ്യാപിച്ച മുസ്ലിംലീഗ് നേതാക്കളും അധികാരത്തിൽ വന്നാൽ പദ്ധതി നടപ്പാക്കില്ലെന്ന് ആവർത്തിച്ചുപറഞ്ഞ കോൺഗ്രസ് നേതാക്കളും ഇപ്പോൾ പദ്ധതി നടപ്പാക്കാൻ കള്ളം പറയുകയാണ്‌.


​മുഖ്യമന്ത്രി വി ഡി സതീശനാകട്ടെ പദ്ധതിയെ ന്യായീകരിക്കാൻ ഉയർത്തുന്ന വാദങ്ങൾ വസ്തുതകളുമായി ബന്ധമില്ലാത്ത പച്ചക്കള്ളങ്ങളാണ്‌. കേരളം ഇതിനകം ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കിയെന്നു പറയുന്നത്‌ യാഥാർഥ്യവിരുദ്ധമാണ്. 2020ൽ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസനയം കേരളം ഇതുവരെ നടപ്പാക്കിയിട്ടില്ല. വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണവും വാണിജ്യവൽക്കരണവും ലക്ഷ്യമിടുന്ന നയത്തിനെതിരെ തുടക്കംമുതൽ എൽഡിഎഫ്‌ സർക്കാർ ശക്തമായി നിലകൊണ്ടിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി കേരളം കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന ആരോപണവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് കേന്ദ്രം നൽകിയത്‌ വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട യൂണിഫോം, പാഠപുസ്തകം തുടങ്ങിയ വകയിലുള്ള തുകയാണ്. അത് പിഎം ശ്രീ പദ്ധതിയുടെ ഫണ്ടല്ലെന്നും പദ്ധതി നടപ്പാക്കലുമായി ഒരു ബന്ധവുമില്ലെന്നും ഔദ്യോഗികരേഖകൾതന്നെ വ്യക്തമാക്കുന്നു.


​എൽഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറിയിട്ടില്ലെന്ന വാദവും വസ്തുതകൾക്ക് നിരക്കാത്തതാണ്. സമഗ്രശിക്ഷാ കേരളയ്ക്ക് അർഹമായ വിഹിതം കേന്ദ്രം തടഞ്ഞുവച്ചപ്പോൾ ധാരണപത്രത്തിൽ ഒപ്പുവച്ചെങ്കിലും ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്നും വ്യക്തമാക്കി കേന്ദ്രസർക്കാരിന് കത്ത് നൽകിയിരുന്നു. പദ്ധതി മരവിപ്പിക്കുന്ന രാഷ്ട്രീയതീരുമാനം എൽഡിഎഫ് സർക്കാർ സ്വീകരിച്ചു. ഈ വിഷയത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം മുസ്ലിംലീഗിന്റെ നിലപാടുമാറ്റമാണ്. മുമ്പ് പിഎം ശ്രീയെ ആർഎസ്എസ് പദ്ധതിയെന്ന് വിശേഷിപ്പിക്കുകയും അതിനെതിരെ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത ലീഗ്, ഇന്ന് അതേ പദ്ധതിയുടെ നടത്തിപ്പുകാരായി മാറി.


​ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനലക്ഷ്യം വിദ്യാഭ്യാസമേഖലയെ കേന്ദ്രീകരിക്കുകയും ആശയപരമായി ഹിന്ദുത്വവൽക്കരിക്കുകയും ചെയ്യുക എന്നതാണ്. ചരിത്രത്തെ പുനർവ്യാഖ്യാനിക്കുകയും മതനിരപേക്ഷമൂല്യങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിത്തറ. യുഡിഎഫ് അധികാരത്തിൽ വന്നശേഷം സംസ്ഥാനഭരണത്തിലും സർവകലാശാലകളിലും സംഘപരിവാർ സ്വാധീനം വർധിക്കുകയാണ്. കഴിഞ്ഞദിവസം ചില വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ ഗവർണർ നിർദേശങ്ങൾ നൽകി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്‌ ഇത്തരം യോഗം. ഇതുൾപ്പെടെയുള്ള ഗവർണറുടെ ഏകപക്ഷീയ ഇടപെടലുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻപോലും സർക്കാർ തയ്യാറാകുന്നില്ല. കേന്ദ്ര അവഗണനയെക്കുറിച്ച് മൗനംപാലിക്കുകയും ആർഎസ്എസ് അനുകൂലനിലപാടുകളോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്ന നയങ്ങളാണ്‌ യുഡിഎഫ്‌ സർക്കാരിന്റേത്‌.


തെരഞ്ഞെടുപ്പിനുമുമ്പ് മതന്യൂനപക്ഷങ്ങൾക്കിടയിൽ എൽഡിഎഫിനെതിരെ വികാരം സൃഷ്ടിക്കാൻ ഉപയോഗിച്ച വിഷയമാണ് പിഎം ശ്രീ ഉൾപ്പെടെയുള്ളവ. ഇന്ന് അവർതന്നെ അത്‌ നടപ്പാക്കുകയാണ്‌. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ സംഘപരിവാർ അജൻഡയ്ക്ക് അടിയറവയ്ക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് എൽഡിഎഫ്‌ സർക്കാർ തുടർച്ചയായി സ്വീകരിച്ചത്‌. ഇപ്പോൾ യുഡിഎഫ് സർക്കാർ സ്വീകരിച്ച തീരുമാനം വിദ്യാഭ്യാസരംഗത്തെ ഒരു ഭരണനടപടിമാത്രമായി കാണാനാകില്ല. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന വിദ്യാഭ്യാസ അജൻഡ കേരളത്തിൽ നടപ്പാക്കാനുള്ള രാഷ്ട്രീയതീരുമാനമാണത്. കോൺഗ്രസ് ഭരിക്കുന്ന മറ്റ്‌ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന രീതിയിൽ വിദ്യാഭ്യാസമേഖലയിൽ കേന്ദ്ര ഇടപെടലുകൾക്ക് വഴിയൊരുക്കുന്ന സമീപനമാണ് ഇവിടെ പ്രകടമാകുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസരംഗം ദീർഘകാലപോരാട്ടങ്ങളിലൂടെ നേടിയെടുത്ത മതനിരപേക്ഷവും ജനാധിപത്യപരവും ശാസ്ത്രീയവുമായ സ്വഭാവം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ പൊതുബാധ്യതയാണ്. വിദ്യാഭ്യാസത്തെ രാഷ്ട്രീയ അധിനിവേശത്തിനുള്ള ഉപകരണമാക്കാനുള്ള ശ്രമങ്ങൾ കേരളത്തിൽ ഒരിക്കലും വിജയിക്കാൻ അനുവദിക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home