ad
Deshabhimani

പാകിസ്ഥാനിലേക്ക് വീണ്ടും അഫ്ഗാനിസ്ഥാൻ വ്യോമാക്രമണം; അതിർത്തിയിൽ യുദ്ധഭീതി

Pakistan.jpg

അഫ്ഗാനിസ്ഥാന്റെ മിസൈലാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ

വെബ് ഡെസ്ക്

Published on Jun 19, 2026, 03:23 PM | 1 min read

കാബൂൾ/ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള സൈനിക നീക്കങ്ങളെത്തുടർന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ യുദ്ധപ്രതീതിയിലേക്ക് വഴിമാറുന്നു. പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ കടന്ന് താലിബാന്റെ വ്യോമസേന ഇന്നലെ രാത്രി അതിശക്തമായ വ്യോമാക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.


പാകിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന ഐഎസ് ഭീകരരുടെ താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അഫ്ഗാനിസ്ഥാനെതിരെ ആക്രമണം ആസൂത്രണം ചെയ്യാനും ഏകോപിപ്പിക്കാനും ഉപയോഗിക്കുന്ന താവളങ്ങളാണിവയെന്ന് കാബൂൾ അവകാശപ്പെട്ടു.


മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങളെല്ലാം വിജയകരമായി തകർത്തതായും തങ്ങളുടെ അതിർത്തി സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവർക്കെതിരെയുള്ള കൃത്യമായ മറുപടിയാണിതെന്നും താലിബാൻ മുന്നറിയിപ്പ് നൽകി.


കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിസ്ഥാനിലെ ജനവാസ മേഖലകളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയിരുന്നതായും ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നതായും അഫ്ഗാൻ അധികൃതർ ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് താലിബാന്റെ തിരിച്ചടി.


എന്നാൽ അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ തടയാൻ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയാണ് തങ്ങൾ അക്രമണം നടത്തിയതെന്നായിരുന്നു ഇസ്ലാമാബാദിന്റെ വാദം.


അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ നയതന്ത്ര ചർച്ചകൾ പൂർണ്ണമായും പരാജയപ്പെട്ടതായി പാക് പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ രൂക്ഷമായതോടെ തന്ത്രപ്രധാനമായ അതിർത്തി വ്യാപാര പാതകളെല്ലാം മാസങ്ങളായി പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home