നിയമസഭയെ ഭയപ്പെടുന്ന പ്രതിപക്ഷത്തിന്റെ പേക്കൂത്തുകൾ

നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത, പ്രതിപക്ഷ അക്രമത്തിനും സമരാഭാസത്തിനുമാണ് കഴിഞ്ഞദിവസം സഭ സാക്ഷ്യംവഹിച്ചത്. രണ്ട് എംഎൽഎമാർ പോഡിയത്തിൽ ചാടിക്കയറി സ്‌പീക്കറെ ആക്രമിക്കാൻ ശ്രമിക്കുക, സ്‌പീക്കറുടെ മുഖംമറച്ച് ബാനർ പിടിക്കുക, തടയാൻ ശ്രമിച്ച വാച്ച് ആൻഡ് വാർഡിനെ ബാനർ കെട്ടിയ വടികൊണ്ട് തല്ലുക, ചോദ്യോത്തരവേളപോലും തടസ്സപ്പെടുത്തുന്ന അക്രമസംഭവങ്ങളെ തുടർന്ന് ബജറ്റ് ചർച്ചതന്നെ അലങ്കോലമാക്കുക... എന്നിങ്ങനെ സഭയിൽ ചർച്ച അനുവദിക്കില്ലെന്ന ലക്ഷ്യത്തോടെ ഒരു ന്യായീകരണവുമില്ലാത്ത അക്രമ സമരാഭാസമാണ് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ സഭയിൽ ചൊവ്വാഴ്‌ച അരങ്ങേറിയത്. ബുധനാഴ്‌ച സഭ ചേർന്നപ്പോഴും ഇത് ന്യായീകരിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവും സംഘവും സ്വീകരിച്ചത്. തുടർന്ന് സഭ ബഹിഷ്‌കരിക്കുകയും ചെയ്‌തു.
ബജറ്റ് ചർച്ച നടക്കുന്പോഴാണ്, അതിലൊന്നും പങ്കെടുക്കാതെ ശബരിമല സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇൗ സമരനാടകമെല്ലാം നടത്തുന്നത്. ശബരിമല വിഷയത്തിൽ ഉൾപ്പെടെ ചോദ്യം ചോദിക്കാനും ചർച്ച ചെയ്യാനുമുള്ള അവസരം വിനിയോഗിക്കാതെ ബഹളമുണ്ടാക്കുന്നതിന്റെ ലക്ഷ്യം പുകമറ സൃഷ്‌ടിക്കൽമാത്രമാണ്. അന്വേഷണം കോൺഗ്രസ് നേതാക്കളിൽ എത്തിനിൽക്കുന്നതും പ്രധാന പ്രതികളുമായി കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പകൽപോലെ വ്യക്തമായതും തന്നെയാണ് പ്രതിപക്ഷത്തിന്റെ പ്രകോപനത്തിന് കാരണം.
സ്വർണം മോഷ്‌ടിച്ച കേസിലെ പ്രധാന പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെയും വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെയും കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ വസതിയിൽ കൊണ്ടുപോയത് ആരൊക്കെ ചേർന്നാണ്? ഈ ചോദ്യത്തിന് ഇതുവരെ ഉത്തരം നൽകാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇവരെല്ലാം യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിനും പത്തനംതിട്ട എംപി ആന്റോ ആന്റണിക്കുമൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടും മറുപടി ഇല്ല. 2004ൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ശബരിമലയിലെ പരികർമിയായി നിയമിച്ചത് യുഡിഎഫ് സർക്കാരിന്റെ സഹായത്തോടെയാണെന്ന കാര്യവും കോൺഗ്രസിന് നിഷേധിക്കാൻ കഴിഞ്ഞിട്ടില്ല. ശബരിമലയിൽനിന്ന് വാജിവാഹനം തന്ത്രിയുടെ വീട്ടിലേക്ക് മാറ്റാൻ കൈമാറിയത് കോൺഗ്രസ് നേതാക്കൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരിക്കുന്പോഴാണെന്നും തെളിവുസഹിതം പുറത്തുവന്നിട്ടുണ്ട്.
അടിയന്തരപ്രമേയചർച്ചയ്‌ക്ക് നോട്ടീസ് നൽകാനോ സാധാരണ ചോദ്യംപോലും ചോദിക്കാനോ പ്രതിപക്ഷം തയ്യാറായാൽ ഇതൊക്കെ ചർച്ചയാകുമെന്ന് അവർക്കറിയാം.
ശബരിമല സ്വർണമോഷണക്കേസ് അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിയോഗിച്ച പ്രത്യേക അന്വേഷകസംഘത്തി (എസ്‌ഐടി)ന്റെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. ഹൈക്കോടതി മേൽനോട്ടത്തിൽ എസ്‌ഐടി അന്വേഷണം എന്ന ആവശ്യം ആദ്യം ഉന്നയിച്ചതും സംസ്ഥാന സർക്കാരാണ്. രണ്ടാഴ്‌ച കൂടുന്പോൾ അന്വേഷണപുരോഗതി റിപ്പോർട്ട് എസ്‌ഐടി ഡിവിഷൻ ബെഞ്ചിൽ സമർപ്പിക്കുകയും പരിശോധിച്ച് ഹൈക്കോടതി ഇതുവരെ തൃപ്‌തി രേഖപ്പെടുത്തുകയും ചെയ്‌തിട്ടുമുണ്ട്. ഏറ്റവും ഒടുവിൽ ജനുവരി അഞ്ചിന്റെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷണവും ബുധനാഴ്‌ചത്തെ വിധിയും പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണത്തിനുള്ള മറുപടിയാണ്. കേസിൽ നിഷ്‌പക്ഷവും ശാസ്‌ത്രീയവുമായ അന്വേഷണമാണ് നടക്കുന്നതെന്നും എസ്‌ഐടിക്കുമേൽ അനാവശ്യ സമ്മർദമുണ്ടാക്കാൻ ചില കോണുകളിൽനിന്ന് കുപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും എസ്‌ഐടി കോടതിയോടാണ് കടപ്പെട്ടിരിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് ജനുവരി അഞ്ചിന് വ്യക്തമാക്കിയിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ബുധനാഴ്‌ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ എത്തിയപ്പോൾ നടത്തിയ പരാമർശവും പ്രതിപക്ഷത്തിനാണ് കൊള്ളുക. ‘എസ്ഐടിയുടേത് ഏറ്റവും വിശ്വാസയോഗ്യവും ശാസ്ത്രീയവും കുറ്റമറ്റതുമായ അന്വേഷണമാണ്. നിസ്സാര വിഷയങ്ങൾ ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് നല്ല പ്രവണതയല്ല. പഴുതടച്ച അന്വേഷണത്തിനും വിചാരണയ്‌ക്കുംവേണ്ടി കുറ്റപത്രം വെെകുന്നതിലും പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിലും ആശങ്കപ്പെടേണ്ടതില്ല.’ കേസ് അന്വേഷണവുമായി ബന്ധമില്ലാത്ത സിംഗിൾ ബെഞ്ചിൽ പ്രതികളുടെ ജാമ്യാപേക്ഷ വരുന്പോഴുണ്ടാകുന്ന പരാമർശങ്ങൾ എടുത്തുകാട്ടി ബഹളമുണ്ടാക്കുന്ന പ്രതിപക്ഷനേതാവിന് ഇതിൽപ്പരം മറുപടി കിട്ടാനില്ല.
നാട്ടിലും കോടതിയിലും ചെലവാകാത്ത കാര്യം നിയമസഭയിൽ ബഹളംവച്ച് നേടാനാകുമോ എന്നാണ് പ്രതിപക്ഷം നോക്കുന്നത് എന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൊടുത്ത മറുപടിതന്നെയാണ് പ്രസക്തം. പ്രതിപക്ഷനേതാവ് എന്തെല്ലാം ആരോപണം ഉന്നയിച്ചിട്ടുണ്ടോ അതിനൊക്കെയുള്ള മറുപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷബഹളത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്രം സൃഷ്‌ടിച്ച സാന്പത്തികഞെരുക്കത്തിനിടയിലും വികസനവും ജനക്ഷേമവുമായി അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് ഒന്നും പറയാനില്ലാത്ത പ്രതിപക്ഷമാണ് ബജറ്റ് ചർച്ച ബഹിഷ്‌കരിച്ച് സമരനാടകം നടത്തിയത്. കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ സഭ പ്രതിഷേധപ്രമേയം പാസാക്കുന്പോഴും പ്രതിപക്ഷം സഭയിലില്ല. ശബരിമല സ്വർണമോഷണവിഷയത്തിൽ ഉൾപ്പെടെ ചർച്ച നടന്നാൽ സ്വന്തം മുഖംതന്നെ വികൃതമാകുമെന്ന് തിരിച്ചറിയുന്ന പ്രതിപക്ഷത്തിന്റെ, പുകമറ സൃഷ്‌ടിച്ച് രാഷ്‌ട്രീയലാഭം കൊയ്യാനുള്ള ദുഷ്‌ടലാക്ക് പൊതുസമൂഹം തിരിച്ചറിയുകതന്നെ ചെയ്യും.









0 comments