വിള്ളൽ എന്ന കള്ളക്കഥ എന്തിനുവേണ്ടി

ഒരു രാത്രിയിൽ കുത്തിയൊലിച്ചുവന്ന ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ജനതയാണ് വയനാട് മുണ്ടക്കൈയിലേത്. വീണ്ടും ഒരുമിച്ച് താമസിക്കണമെന്ന അവരുടെ ആഗ്രഹം സഫലമാക്കി സർക്കാർ പടുത്തുയർത്തിയ മാതൃകാ ടൗൺഷിപ്പിന്റെ പേരിലും കള്ളക്കഥകൾ. ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ ഒരു വീടിന്റെ മേൽക്കൂരയിൽ പരിശോധനയുടെ ഭാഗമായുള്ള പെൻസിൽ മാർക്കിനെ വിള്ളലാക്കിയാണ് വിവാദമാക്കിയത്.
2024 ജൂലൈ 29ന് രാത്രിയുണ്ടായ ദുരന്തത്തിൽ സർവവും നഷ്‌ടമായവരുടെ കണ്ണീരൊപ്പാനും അവരുടെ ജീവിതം വീണ്ടും നട്ടുനനച്ച് തളിരിടാനും മണ്ണും വീടുമൊരുക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങിയത്. കൽപ്പറ്റയിൽ 64.471 ഹെക്ടറിൽ 410 വീടും അനുബന്ധസൗകര്യങ്ങളുമായി മാതൃകാ ടൗൺഷിപ് പടുത്തുയർത്തുകയാണ്. ഓരോ കുടുംബത്തിനും ഏഴുസെന്റ് സ്ഥലവും വീടും അനുബന്ധമായി ഒരു ആധുനിക ടൗൺഷിപ്പിലുള്ള മുഴുവൻ സൗകര്യങ്ങളുമുണ്ട്. ആദ്യഘട്ടത്തിൽ പൂർത്തിയായ 178 വീടുകളുടെ ഉടമകൾക്ക് പട്ടയം കൈമാറി. ആ വീടുകളുടെയും അവസാനഘട്ട പരിശോധനകൾ തുടരുകയാണ്. ഇതുവരെ 350 വീടുകളുടെ മേൽക്കൂരവാർപ്പ് പൂർത്തിയായി.
ടൗൺഷിപ്പിലെ വീടുകളുടെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി 58 പരിശോധനകൾ പൂർത്തിയാക്കിയശേഷമാണ് കൈമാറുന്നത്. കോൺക്രീറ്റിങ്ങിനുശേഷം മേൽക്കൂരയിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തിയുള്ള പോണ്ടിങ് ടെസ്റ്റാണ് ആദ്യം. പോണ്ടിങ് ടെസ്റ്റിൽ എവിടെയെങ്കിലും വെള്ളം കിനിഞ്ഞതായി കണ്ടാൽ അവിടെ പെൻസിൽ മാർക്ക് ചെയ്‌ത് ആ ഭാഗം മുഴുവൻ അപ്പോക്‌സി ട്രീറ്റ്‌മെന്റ് നടത്തി വീണ്ടും 24 മണിക്കൂർ പോണ്ടിങ് ടെസ്റ്റ് നടത്തി വെള്ളം കിനിയുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇതിനുശേഷം എല്ലാ വീടുകൾക്കും രണ്ടുതവണ സ്വിമ്മിങ് പൂൾ വാട്ടർ പ്രൂഫിങ് നടത്തും. അതിനുമുകളിൽ വീണ്ടും വെള്ളം കെട്ടിനിൽക്കാത്തവിധം സ്‌ക്രീഡ് കോൺക്രീറ്റിങ് ഉണ്ട്.
വീടുകളുടെ പരിശോധനകൾക്കിടയിലുള്ള പെൻസിൽ മാർക്കാണ് വിള്ളലായി ചിത്രീകരിച്ച് വിവാദമാക്കുന്നത്. അടച്ചിട്ട ഒരു വീട്ടിലെ പെൻസിൽ മാർക്ക് ജനലിലൂടെ കാമറയിലാക്കി ചില മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ, അത് വിള്ളലാക്കി മാധ്യമങ്ങളിലൂടെ വിവാദമാക്കാൻ മുണ്ടക്കൈയിലെത്തിയത് യൂത്ത് കോൺഗ്രസ് നേതാവാണ്. ദുരന്തബാധിതരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്ന ക്യാന്പയിൻ നയിച്ച അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവും വിവാദം കത്തിക്കാൻ ഇറങ്ങി. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവും രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു പൈസപോലും നൽകാതെ, സ്വന്തമായി ആപ്പുണ്ടാക്കി കോടികൾ പിരിച്ച് മുക്കി ‘ശവംതൂക്കികൾ’ എന്ന വിശേഷണത്തിന് അർഹരായവർ ഇതോടെ എന്തോ വലിയ കണ്ടുപിടിത്തം നടത്തിയ മട്ടിലായി. രാഹുലിനെയും പ്രിയങ്കയെയും കൊണ്ടുവന്ന് വീടുകൾക്ക് കല്ലിട്ടവർ പക്ഷേ, വീടുപോയിട്ട് സ്ഥലംപോലും പൂർണമായി വാങ്ങിയില്ല. എത്ര രൂപ പിരിഞ്ഞുകിട്ടി എന്നുപോലും പറയാനാകാതെ ഇളിഭ്യരായി നിൽക്കുന്ന ഇവർക്ക്, സർക്കാർ നിർമിച്ച വീടിനെ കുറ്റംപറഞ്ഞ് രക്ഷപ്പെടാനാകുമോ എന്ന ഗൂഢലക്ഷ്യം മാത്രമാണുള്ളത്. അതിനും ചില മാധ്യമങ്ങൾ കൂട്ടുനിൽക്കുകയായിരുന്നു.
വാർത്തകൾ പുറത്തുവന്നതോടെ, സത്യാവസ്ഥ മനസ്സിലാക്കാൻ ആ വീടിന്റെ മേൽക്കൂര പോയി നോക്കിയതിന് റവന്യുമന്ത്രി കെ രാജനെ കൂലിപ്പണി രാജൻ എന്നുവരെ വിളിച്ച് ആക്ഷേപിച്ചതും നാം കണ്ടു. അങ്ങനെ ആക്ഷേപിക്കുന്നതിൽ അഭിമാനംമാത്രമാണെന്നും കൂലിപ്പണി മോശം തൊഴിലാണെന്ന ബോധമാണ് തന്നെ ആക്ഷേപിക്കുന്നവരെ നയിക്കുന്നതെന്നുമുള്ള മന്ത്രിയുടെ മറുപടിതന്നെയാണ് ഇതിനുത്തരം.
വയനാട് മുണ്ടക്കൈ–ചൂരൽമലയിൽ ജീവിതം നഷ്‌ടമായവർക്ക് സംസ്ഥാന സർക്കാർ കരുതലിൽ പുതുജീവിതം തളിരിടുന്പോൾ, രാഷ്‌ട്രീയലക്ഷ്യത്തോടെ വ്യാജ കഥകളിറക്കിയുള്ള പ്രചാരണംകൊണ്ടൊന്നും അത് തടയാനാകില്ല. ‘ഫണ്ടെവിടെ വീടെവിടെ കോൺഗ്രസേ’ എന്ന ചോദ്യത്തിന് ഉത്തരം നൽകാനാകാതെ മാളത്തിൽ ചുരുണ്ടുകൂടിയവർ പെൻസിൽ മാർക്ക് കണ്ട് വിള്ളൽക്കഥയുമായി രംഗത്തുവരികയായിരുന്നു. പക്ഷേ, അതുകൊണ്ടൊന്നും ഫണ്ട് പിരിച്ച് മുക്കിയത് കേരളം പൊറുക്കില്ല.










0 comments