മോദി വിറ്റത് ഇന്ത്യയുടെ പരമാധികാരം

ഒരു ജനതയുടെ നിലനിൽപ്പ് നിർണയിക്കുന്ന നിതാന്തമായ നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും അംഗീകരിക്കാത്ത ഭരണമാണ് ഇന്ന് രാജ്യത്ത് നിലവിലുള്ളതെന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. രാജ്യത്തിന്റെ ആത്മാഭിമാനവും പരമാധികാരവും പണയംവച്ച് നരേന്ദ്രമോദി ഭരണം ഇന്ത്യയെ അകപ്പെടുത്തിയ ഒരു മഹാവിപത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെയും ദുരിതങ്ങൾ നീണ്ടുനീണ്ടു പോകാനും വർധിപ്പിക്കാനും വഴിയൊരുക്കുന്നതാണ് ഇന്ത്യയും അമേരിക്കയും അംഗീകരിച്ച ഇടക്കാല വ്യാപാരക്കരാർ. അമേരിക്കയുടെ ആജ്ഞകൾക്കു മുന്നിൽ വിധേയത്വത്തിന്റെ വിധിപത്രമായി ഈ കരാർ. മോചനമില്ലാത്ത ആശ്രിതത്വം.
റഷ്യയിൽനിന്ന് നേരിട്ടോ പരോക്ഷമായോ എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പു നൽകിയതിനെ തുടർന്ന്, അമേരിക്ക പ്രഖ്യാപിച്ച അമ്പതു ശതമാനം പ്രതികാര തീരുവ അടുത്തയാഴ്ചയോടെ 18 ശതമാനമായി കുറയ്ക്കുമെന്നാണ് കരാറിലെ പ്രഖ്യാപനം. കഴിഞ്ഞദിവസംവരെ അത് 25 ശതമാനമായി തുടർന്നിരുന്നു. ഇതേസമയം, പ്രതികാരച്ചുങ്കത്തിന് മുമ്പ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ നിലവിലുണ്ടായിരുന്ന തീരുവയിൽ മാറ്റമൊന്നുമില്ല. അതിനു പുറമേയാണ് 18 ശതമാനം. മാത്രമല്ല, റഷ്യയിൽനിന്ന് ഇന്ത്യ വീണ്ടും എണ്ണ വാങ്ങിയാൽ പ്രതികാരച്ചുങ്കം പുനഃസ്ഥാപിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. അമേരിക്കയുടെ ഈ ഏകപക്ഷീയ തീരുമാനങ്ങൾക്ക് സമ്പൂർണമായി കീഴടങ്ങി ഇന്ത്യൻ കമ്പോളം അവർക്ക് മലർക്കെ തുറന്നുകൊടുക്കുന്ന കരാറാണ് അംഗീകരിച്ചിരിക്കുന്നത്. അമേരിക്കൻ ഉൽപ്പന്നങ്ങൾ തീരുവയില്ലാതെയോ നാമമാത്ര തീരുവയോടെയോ ഇന്ത്യയിലേക്ക് ഒഴുകും. യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 17 ശതമാനംവരെ തീരുവ ചുമത്തിയിരുന്ന സ്ഥാനത്താണ് ഇനി പലതിനും തീരുവയില്ലാതാകുന്നത്.
അതായത്, അമേരിക്കയുടെ വ്യവസായ, കാർഷിക, ഭക്ഷ്യോൽപ്പന്നങ്ങൾ ഇവിടെ വിറ്റഴിച്ച് അവർ നേട്ടം കൊയ്യും. ഒന്നുകൂടി വ്യക്തമാക്കിയാൽ, പ്രതികാരച്ചുങ്കത്തിന് മുമ്പ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന തീരുവപോലും നിലനിർത്താൻ മോദിക്ക് സാധിച്ചില്ല. അമേരിക്കയാകട്ടെ, ഇന്ത്യയുടെ സാധനങ്ങൾക്ക് നേരത്തെ ചുമത്തിയിരുന്ന തീരുവയും 18 ശതമാനം അധികതീരുവയും തുടരും. നേട്ടം യുഎസിന് മാത്രം. യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവയിതര നിയന്ത്രണങ്ങളും ( Non Tariff Barriers) ഒഴിവാക്കിയിട്ടുണ്ട്.
ഇടക്കാലകരാർ കൃഷിയെയോ വാണിജ്യത്തെയോ ദോഷകരമായി ബാധിക്കില്ലെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ, യുഎസിൽനിന്നുള്ള വലിയൊരു വിഭാഗം കാർഷികോൽപ്പന്നങ്ങളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും തീരുവ ഒഴിവാക്കാൻ കരാറിൽ വ്യവസ്ഥയുണ്ട്. ഇന്ത്യ–യുഎസ് സംയുക്ത പ്രസ്താവനയിൽ ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. ഏതെല്ലാം കാർഷികോൽപ്പന്നങ്ങൾ എന്നതിൽ അവ്യക്തതയുണ്ടെന്നു മാത്രം. മണിച്ചോളം, നട്സ്, ഡ്രൈ ഫ്രൂട്ട്സ്, പഴങ്ങൾ, സംസ്കരിച്ച പഴങ്ങൾ, സോയാബീൻ എണ്ണ എന്നിവയെല്ലാം തീരുവയില്ലാതെ ഇറക്കുമതി ചെയ്യുന്നവയിൽ ഉൾപ്പെടുമെന്നാണ് അറിയുന്നത്. ഇതെല്ലാം നമ്മുടെ കാർഷിക മേഖലയെ തകർക്കും. അപ്പോൾ, ഗോയൽ പറയുന്നതല്ല കരാറിൽ എഴുതി വച്ചിട്ടുള്ളതെന്ന് ചുരുക്കം.
കരാർപ്രകാരം അടുത്ത അഞ്ചു വർഷത്തിനകം 50000 കോടി ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ നിർബന്ധമായി ഇറക്കുമതി ചെയ്യും. നിലവിൽ 4500 കോടി ഡോളറിന്റെ ഇറക്കുമതിയാണ് യുഎസിൽ നിന്നുള്ളത്. ഊർജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, അമൂല്യലോഹങ്ങൾ, സാങ്കേതിക ഉപകരണങ്ങൾ, കൽക്കരി എന്നിവയൊക്കെ ഇറക്കുമതി ചെയ്യും. മെഡിക്കൽ ഉപകരണങ്ങളുടെ തീരുവയും ഇറക്കുമതി നിയന്ത്രണവും ഒഴിവാക്കും. മതിയായ സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ, മെഡിക്കൽ ഉപകരണങ്ങളുടെ വിപണിയിലേക്കും ഇന്ത്യ വാതിൽ തുറക്കുകയാണ്. എന്നാൽ, ഇന്ത്യയുടെ ഔഷധങ്ങൾക്ക് യുഎസ് അധിക തീരുവ ഏർപ്പെടുത്താനും കരാർ സാധ്യത ഒരുക്കുന്നുണ്ട്.
വമ്പനൊരു ആഗോള ഗൂഢാലോചനയായിരുന്നു ആഗോളവൽക്കരണവും ഉദാരവൽക്കരണവും. ആരാൻ പറഞ്ഞതു കേട്ട് അതിന്റെ പിന്നാലെ പോയതിന്റെ ദുരന്തം രാജ്യം അനുഭവിക്കുകയാണ്. അത്തരം മാരകമായ തെറ്റുകൾ ആവർത്തിക്കുകയാണ്. സ്വതന്ത്ര വ്യാപാരമെന്ന ഓമനപ്പേരിൽ, അല്ലെങ്കിൽ അതിന്റെ മറവിൽ ലോകത്തെ സമ്പത്ത് മുഴുവൻ ഒരു ചെറു ന്യൂനപക്ഷത്തിന്റെ സൗകര്യങ്ങൾക്കായി മാറ്റിവയ്ക്കുന്ന സാഹചര്യമാണുണ്ടായത്. 80 ശതമാനത്തിലേറെ വിഭവങ്ങളും ചെറിയൊരു ശതമാനം ആളുകൾ അനുഭവിക്കുന്നു. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, കുടിവെള്ളം, മറ്റു സേവന മേഖലകൾ എന്നിവയെല്ലാം വ്യാപാരത്തിന്റെ അധീനതയിലാക്കി. ഇവയുടെയെല്ലാം അപാര ലാഭ സാധ്യതകൾ കണ്ടറിഞ്ഞായിരുന്നു ഈ നീക്കം.
കോടിക്കണക്കിന് ജനങ്ങൾ ഭക്ഷണമില്ലാതെ, കുടിവെള്ളമില്ലാതെ, മരുന്നുകളില്ലാതെ വലയുന്ന ഇന്ത്യയെ നിഗൂഢമായ അമേരിക്കൻ അജൻഡയ്‌ക്കു മുന്നിലേക്ക് വലിച്ചെറിയുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം ചെയ്തിരിക്കുന്നത്. മോദിയുടെ അമേരിക്കൻ ദാസ്യവും വിധേയത്വവും രാജ്യത്തെ വീണ്ടുമൊരു മഹാവിപത്തിൽപ്പെടുത്തി. ഇതിനെതിരെ, വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധത്തിന്റെ അഗ്നിജ്വാലകൾ ആളിപ്പടരുമെന്ന് ഉറപ്പ്. ഫെബ്രുവരി 12ന് ഇന്ത്യൻ തൊഴിലാളിവർഗം നടത്തുന്ന ഐതിഹാസികമായ പൊതുപണിമുടക്ക് പുതിയ പോരാട്ടങ്ങളുടെ നാന്ദിയാകും.










0 comments