ad
Deshabhimani

print edition തൊഴിലുറപ്പിനെ തകർത്ത മോദിസർക്കാരിന്റെ വഴിയെ യുഡിഎഫ്‌ സർക്കാരും

editorial.
വെബ് ഡെസ്ക്

Published on Jul 03, 2026, 12:00 AM | 2 min read

ഗ്രാമീണ ഇന്ത്യയുടെ സാമൂഹ്യസുരക്ഷയുടെ ഏറ്റവും ശക്തമായ തൂണുകളിലൊന്നായിരുന്നു 2005ൽ തുടക്കമിട്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ). ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ആവശ്യപ്രകാരം രൂപപ്പെടുത്തിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്‌ ഇ‍ൗ പദ്ധതിക്ക്‌ മൻമോഹൻസിങ്‌ സർക്കാർ രൂപംനൽകിയത്‌. തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ ആരംഭിച്ച പദ്ധതി തുടർന്ന്‌ രാജ്യവ്യാപകമാക്കി. മോദിസർക്കാർ തൊഴിലുറപ്പ്‌ പദ്ധതി അവസാനിപ്പിച്ച് വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (വിബി-ജിആർഎഎം-ജി) എന്ന പുതിയ പദ്ധതി നടപ്പാക്കുകയാണ്‌. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന പുതിയ പദ്ധതി തൊഴിലുറപ്പ്‌ അവകാശങ്ങൾ ഇല്ലാതാക്കി, അവയെ ഭരണനിർവഹണത്തിന്റെയും ബജറ്റ് നിയന്ത്രണങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ ഒതുക്കി ദുർബലപ്പെടുത്തിയിരിക്കുകയാണ്‌.


പുതിയ പദ്ധതിയെ കേന്ദ്രസർക്കാർ നൂറിൽനിന്ന് 125 ദിവസമായി തൊഴിൽ വർധിപ്പിച്ച പരിഷ്കാരമെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, വാഗ്‌ദാനവും യാഥാർഥ്യവും തമ്മിലുള്ള അന്തരം പരിശോധിക്കുമ്പോൾ ഈ അവകാശവാദം മരം മുറിച്ചശേഷം തണൽ വാഗ്ദാനം ചെയ്യുന്നതിന് തുല്യമാണെന്ന് കാണാം. തൊഴിലുറപ്പ് പദ്ധതിയുടെ ശക്തി പ്രഖ്യാപനങ്ങളിലല്ല, അതിനു പിന്നിലുള്ള സാമ്പത്തിക പ്രതിബദ്ധതയിലാണ്. 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുമെന്ന് പറയുമ്പോൾ കേന്ദ്രസർക്കാർ ഇ‍ൗ വർഷം അനുവദിച്ചിരിക്കുന്നത് 95,000 കോടി രൂപ മാത്രമാണ്. 17 പ്രധാന സംസ്ഥാനങ്ങളിലെ 7.69 കോടി തൊഴിൽ കാർഡുകൾ കണക്കിലെടുത്താൽ 125 തൊഴിൽദിനം നൽകാൻ ഏകദേശം 3.61 ലക്ഷം കോടി രൂപ ആവശ്യമാണ്. കേന്ദ്രം അനുവദിച്ച തുകയും സംസ്ഥാനങ്ങളുടെ 40 ശതമാനം വിഹിതവും ചേർത്താലും ലഭ്യമാകുന്നത് 1.43 ലക്ഷം കോടി മാത്രമാണ്. ഇതുപയോഗിച്ച് ശരാശരി 48 ദിവസത്തോളം തൊഴിൽ മാത്രമേ നൽകാനാകൂ. അതായത് 125 ദിവസമെന്ന പ്രഖ്യാപനം രാഷ്ട്രീയപ്രചാരണം മാത്രമായി മാറുകയാണ്.


എംജിഎൻആർഇജിഎയുടെ ഏറ്റവും വലിയ പ്രത്യേകത തൊഴിലിനെ നിയമപരമായ അവകാശമായി അംഗീകരിച്ചതായിരുന്നു. ജോലി ആവശ്യപ്പെട്ടാൽ സർക്കാർ നൽകണം. നൽകാൻ കഴിഞ്ഞില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം നൽകണം. ആവശ്യമനുസരിച്ച് വിഹിതം വർധിപ്പിക്കണം. എന്നാൽ, പുതിയനിയമം ഈ തത്വത്തെ പൂർണമായും അട്ടിമറിച്ചു. ഇനി ആവശ്യമല്ല, മറിച്ച്‌ ജോലി ലഭിക്കണമെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച ഫണ്ടിനുള്ളിൽ ഒതുങ്ങണം. നിയമപരമായ ഗ്യാരന്റി ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിന് വഴിമാറി. പദ്ധതി നടത്തിപ്പിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരവും ഗണ്യമായി കുറച്ചു. ഗ്രാമസഭകൾ കണ്ടെത്തുന്ന വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്ന നിലവിലെ സംവിധാനത്തിന് പകരം കേന്ദ്രം നിശ്ചയിക്കുന്ന മുൻഗണനകളാണ് നിർണായകമാകുന്നത്.


തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പകരം നടപടിക്രമങ്ങളെയും നിയന്ത്രണങ്ങളെയും മുൻനിർത്തിയുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇ- കെവൈസി, ആധാർ ബന്ധിപ്പിക്കൽ, ബയോമെട്രിക് പരിശോധന തുടങ്ങിയ നിർബന്ധ വ്യവസ്ഥകളും ലക്ഷക്കണക്കിന് ദരിദ്രതൊഴിലാളികളെ പദ്ധതിക്ക് പുറത്താക്കാനുള്ള സാധ്യത സൃഷ്ടിക്കുന്നു. കാർഷിക സീസണുകളിൽ തൊഴിലുറപ്പ് ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന വ്യവസ്ഥയും ആശങ്കാജനകമാണ്. വിത്തിടൽ, കൊയ്‌ത്ത്‌ തുടങ്ങിയ കാലങ്ങളിൽ തൊഴിലുറപ്പ് ഇല്ലാതാകുമ്പോൾ ഗ്രാമീണ തൊഴിലാളികൾ കുറഞ്ഞ കൂലിക്ക് സ്വകാര്യ ഭൂവുടമകളുടെ പണിക്ക് പോകാൻ നിർബന്ധിതരാകും. തൊഴിലുറപ്പ് പദ്ധതി ദുർബലമാക്കുന്നത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ഇളക്കുന്നതിന് തുല്യമാണ്.


രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ തൊഴിലുറപ്പ് നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എൽഡിഎഫ്‌ സർക്കാർ ഭരിച്ച 10 വർഷവും തൊഴിലുറപ്പ്‌ പദ്ധതി കുടുംബശ്രീയുമായും പഞ്ചായത്തുകളുമായും ബന്ധിപ്പിച്ചുള്ള നടപ്പാക്കൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി. ദേശീയ ശരാശരി 35-–40 ദിവസത്തിനടുത്ത് നില്‍ക്കുമ്പോള്‍ കേരളത്തില്‍ 65–70 ദിവസത്തിലധികമാണ് തൊഴില്‍ ലഭിച്ചത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും സാമൂഹ്യ പങ്കാളിത്തത്തിനും പദ്ധതി വലിയ കരുത്തായി. എന്നാൽ, കേന്ദ്രത്തിന്റെ സമീപനത്തിന് സമാന്തരമായി കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ നിലപാടും ആശങ്കാജനകമാണ്. തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ സംസ്ഥാനവിഹിതം ഗണ്യമായി കുറച്ചത് പദ്ധതി പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. മോദിസര്‍ക്കാരിന്റെ മാതൃകയില്‍ യുഡിഎഫ് സര്‍ക്കാരും തൊഴില്‍ദിനങ്ങൾ വെട്ടിച്ചുരുക്കി തൊഴിലുറപ്പ് പദ്ധതിയെ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ജീവനക്കാരെയടക്കം ഒഴിവാക്കാനാണ്‌ ശ്രമം. കേന്ദ്രം പദ്ധതിയെ ദുർബലമാക്കുമ്പോൾ സംസ്ഥാനം അതിനെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വത്തിൽനിന്ന് പിൻമാറുന്നത് പാവപ്പെട്ടവരോടുള്ള ക്രൂരതയാണ്‌. ഈ തീരുമാനത്തില്‍നിന്ന് കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളെ പിന്നോട്ട് പോകാന്‍ നിര്‍ബന്ധിതമാക്കുന്നതിന്‌ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരേണ്ടത്‌ അനിവാര്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home