ad
Deshabhimani

യെ ക്യാ ജഗ്‌ഹ്‌ ഹേ ദോസ്തോം

editorial today
വെബ് ഡെസ്ക്

Published on Apr 13, 2026, 12:01 AM | 2 min read

പരാജയങ്ങളുടെ പടുകുഴിയിൽനിന്ന്‌ സ്വയം ആർജിച്ചെടുത്ത മനക്കരുത്തുകൊണ്ട്‌ ഫീനിക്സ്‌ പക്ഷിയെപ്പോലെ ജീവിതത്തിലും സംഗീതലോകത്തും പാറിപ്പാടിയ ചരിത്രം; അതാണ്‌ ആശാ ഭോസ്‌ലെ എന്ന വ്യത്യസ്തയായ ഗായിക ബാക്കിവച്ച്‌ മടങ്ങിയത്‌. സംഗീതലോകത്ത്‌ മാത്രമല്ല, അവഗണനയാൽ പുറന്തള്ളപ്പെടുന്ന ഏത്‌ കലാജീവിതത്തിനും പിൻപറ്റാവുന്ന ഒരത്യപൂർവ ‘ജീവരാഗം’ ആശയിൽനിന്ന്‌ പഠിക്കാനുണ്ട്‌; അവരുടെ ജനപ്രിയ ഗാനങ്ങളിലൊന്നായ ഉമ്രാവോ ജാൻ (1981)ലെ ‘യെ ക്യാ ജഗ്‌ഹ്‌ ഹേ ദോസ്തോം’(ഇതെന്ത്‌ ലോകമാണ്‌ സുഹൃത്തുക്കളേ) എന്ന ചോദ്യത്തിൽനിന്ന്‌ യാഥാർഥ്യത്തിലേക്കുള്ള തിരിച്ചുവരവ്‌.


ആശാ ഭോസ്‌ലെ (1933–2026)യെ ഒരു യഥാർഥ പോരാളിയായി കാണുമ്പോഴാണ്‌ അവരുടെ വലിപ്പം മനസ്സിലാവുക. അവിശ്വസനീയമാംവിധം പ്രതിസന്ധികൾ വന്നുപെടുമ്പോഴൊക്കെ അതിനെ മറികടന്ന്‌ മുന്നോട്ടുപോകാനുള്ള മനസ്ഥൈര്യം ജീവിതാനുഭവങ്ങളിലൂടെ സ്വരുക്കൂട്ടി. വ്യക്തിപരമായ വൈഷമ്യങ്ങൾ തീർത്ത മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ. ഗായിക എന്ന നിലയിൽ തൊഴിൽപരമായി നേരിട്ട വൈതരണികൾ. അതിൽ നിന്നെല്ലാമാണ്‌ നിർമാതാക്കളും സംഗീത സംവിധായകരും കാത്തുനിൽക്കുംവിധമുള്ള തിരക്കേറിയ ഗായികയായി വളർന്നത്‌. ഒറ്റയ്ക്ക്‌ യുദ്ധം ചെയ്ത്‌ ലക്ഷ്യസ്ഥാനത്തെത്തിയെന്ന അത്യപൂർവനേട്ടം സംഗീത രത്നകിരീടങ്ങളെ കൂടുതൽ തിളക്കമുറ്റതാക്കി.


അക്ഷരാർഥത്തിൽ പീഡനത്തിനിരയായെന്ന്‌ പറയാവുന്ന, 16–ാം വയസ്സിലെ വിവാഹത്തിൽനിന്ന്‌ രക്ഷപ്പെട്ട്‌ തിരികെ വരുമ്പോൾ മൂന്ന്‌ കുട്ടികളുടെ അമ്മയായിരുന്നു. ഒറ്റയ്ക്ക്‌ അവരെ വളർത്തി. പാടാൻ അവസരം ചോദിച്ചപ്പോഴെല്ലാം അവഗണന. ചില അവസരങ്ങൾ കിട്ടിയപ്പോഴാകട്ടെ, മദാലസനൃത്ത ഗായിക എന്ന മുദ്രയും. അതേസമയം, ലതാമങ്കേഷ്കറുടെ സഹോദരി എന്ന പേരിലുള്ള സ‍ൗജന്യവും സ്വീകരിച്ചില്ല, താരതമ്യത്തെ അംഗീകരിച്ചില്ല. തന്റെ കഴിവിൽ നിറഞ്ഞ ആത്മവിശ്വാസം പുലർത്തി. ഇരുണ്ടകാലത്തെ പിന്നിലാക്കി ജനപ്രിയ ഗായികസ്ഥാനം വെട്ടിപ്പിടിച്ചു.


ഒ പി നയ്യാർ 1952- – 1956 കാലത്ത്‌ നൽകിയ അവസരങ്ങളും ബി ആർ ചോപ്രയുടെ നയാ ദൗർ (1957) മുതൽ മുഹമ്മദ്‌ റഫിക്കൊപ്പമുള്ള യുഗ്മഗാനങ്ങളും വലിയ അംഗീകാരങ്ങളായി. സച്ചിൻ ദേവ് ബർമനും രവിയും പാടിച്ചു, ഹിറ്റുകൾ. 1966ൽ ‘ തീസരി മൻസിൽ ’ ആർ ഡി ബർമന്റെ ജനപ്രിയ സൗണ്ട് ട്രാക്ക്‌.


പാട്ടിനെക്കുറിച്ചുള്ള പതിവ്‌ – പരമ്പരാഗത സങ്കൽപ്പനങ്ങളെ ആശ പുനർനിർവചിക്കുകയായിരുന്നു. ക്ലാസിക്കൽ, ഗസൽ, റോക്ക്- ആൻഡ്- റോൾ, കാബറെ തുടങ്ങി എല്ലാത്തിലും പ്രാവീണ്യം നേടി, 20 ഭാഷയിലായി പന്ത്രണ്ടായിരത്തോളം ഗാനങ്ങൾ. എട്ട് പതിറ്റാണ്ടിലേറെ നീണ്ട ഐതിഹാസിക കരിയറിൽ ഉടനീളം ആധുനികതയുടെയും യുവത്വത്തിന്റെയും കാവൽക്കാരി!


ആശയെ കേൾക്കുന്ന ജനലക്ഷങ്ങളേക്കാൾ വലിയ അംഗീകാരമല്ല, ആ ഗാനസപര്യക്ക്‌ മറ്റൊന്നും. ‘ ചുരാ ലിയാ തൊ തുമ്നേ ജോ ദിൽകോ', ‘ ദമ്മറു ദം', ‘ ആയിയെ മെഹർബാൻ',‘ പിയാ തു അബ് തോ ആജ', ‘ഹംഗാമാ ഹോഗയാ' തുടങ്ങി എത്രയെത്ര ഗാനങ്ങൾ. കൊച്ചു മലയാളത്തിനുമുണ്ട്‌ മനസ്സിൽ സൂക്ഷിക്കാൻ ഒരു ആശാഗാനം. 1977ൽ സുജാത എന്ന ചിത്രത്തിനുവേണ്ടി രബീന്ദ്ര ജെയിൻ സംഗീതം ചെയ്ത ‘സ്വയംവര ശുഭദിന മംഗളങ്ങൾ, അനുമോദനത്തിന്റെ ആശംസകൾ, പ്രിയതോഴീ നിനക്കിന്നേ... ’


അനുമോദനങ്ങളിലൂടെയുള്ള ആ ഗാനവസന്തം പെയ്തിറങ്ങിയിരിക്കുന്നു, പാട്ടുശിശിരങ്ങൾ അവശേഷിപ്പിച്ച്‌. അവർ പറയാറുണ്ട്‌, പുതിയതിനെയും വെല്ലുവിളികളെയും ഞാനേറെ ഇഷ്ടപ്പെടുന്നു. അനശ്വരഗായികയ്ക്ക്‌ ആദരാഞ്ജലി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home