തിരശ്ശീലയിൽ പടരുന്ന വിഷം

ആശയപ്രചാരണത്തിന് സിനിമകളെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് ഹിറ്റ്‌ലറുടെ കാലത്തെ ജർമനിയിലെ നാസി ഭരണകൂടമാണ്. പൊതുജനാഭിപ്രായം രൂപീകരിക്കാനുള്ള ശക്തമായ ആയുധം സിനിമയാണെന്ന് ഹിറ്റ്‌ലറും പ്രചാരണമന്ത്രി ജോസഫ് ഗീബൽസും വിശ്വസിച്ചു.
ഹിറ്റ്‌ലറെ ദൈവതുല്യനായി അവതരിപ്പിച്ച ട്രയംഫ് ഓഫ് ദ വിൽ (1935) അത്തരം നാസി പ്രചാരണ സിനിമകളിൽ പ്രധാനം. 1938ലെ ഒളിംപിയ എന്ന ചിത്രം ആര്യവംശത്തിന്റെ കായികക്കരുത്ത് ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാൻവേണ്ടിയാണ് നിർമിച്ചതെങ്കിൽ ലക്ഷക്കണക്കിന് ജൂതരെ ഉന്മൂലനം ചെയ്യാൻ നടപ്പാക്കിയ ആസൂത്രിതമായ വംശഹത്യയെ ശാസ്‌ത്രീയമായിത്തന്നെ ന്യായീകരിക്കാൻവേണ്ടി നിർമിച്ചതായിരുന്നു ‘ദി എറ്റേണൽ ജ്യൂ’ എന്ന ഡോക്യുമെന്ററി. ജൂതർക്കെതിരെ വെറുപ്പും വിദ്വേഷവും സൃഷ്‌ടിക്കുക എന്നതുമാത്രമായിരുന്നു അതിന്റെ ലക്ഷ്യം. ജൂതമതക്കാർ യൂറോപ്പിൽനിന്ന് ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന ഹിറ്റ്‌ലറുടെ പ്രസംഗത്തോടെയും തുടർന്നുള്ള കൈയടികളോടെയുമാണ് ഇൗ ഡോക്യുമെന്ററി അവസാനിക്കുന്നത്.
നാസി ജർമനിയിലേതിന് സമാനമായ അനുഭവങ്ങളാണ് പ്രൊപ്പഗാൻഡ സിനിമകളുടെ കാര്യത്തിൽ ഇന്ത്യയിലും ആവർത്തിക്കുന്നത്. സവർണഹിന്ദുക്കളുടെ വംശമഹിമ ഉദ്‌ഘോഷിക്കുന്ന സിനിമകൾ, രാജ്യത്തിന് ഒരു സൗവർണ ഭൂതകാലമുണ്ടെന്നും അത് തകർത്തത് വൈദേശികരായ മുസ്ലിം ഭരണാധികാരികളാണെന്നും സ്ഥാപിക്കുന്ന സിനിമകൾ. മുസ്ലിം ന്യൂനപക്ഷങ്ങൾ ഹിന്ദു പെൺകുട്ടികളെ പ്രണയം അഭിനയിച്ച് തട്ടിക്കൊണ്ടുപോയി മതംമാറ്റുകയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ‘ദ കേരള സ്റ്റോറി’പോലുള്ള സിനിമാപരന്പരകൾ. യൂറോപ്പിൽ ബ്യൂബോണിക് പ്ലേഗ് പടർത്തുന്നത് ജൂതന്മാരാണെന്നും അവർ ജൂതരല്ലാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി രക്തം ഉൗറ്റിയെടുത്ത് ആഭിചാരക്രിയ നടത്തുന്നുണ്ടെന്നും നാസികൾ പ്രചരിപ്പിച്ചതിന് സമാനമായ പ്രചാരണങ്ങളാണ് ഇൗ സിനിമകളിലൂടെ നടക്കുന്നത്.
കേരളത്തെക്കുറിച്ച് ആർഎസ്‌എസ് ശാഖകളിലും ഉത്തരേന്ത്യയിലെ സംഘപരിവാർ വൃത്തങ്ങളിലും പ്രചരിക്കുന്ന പച്ചനുണകളാണ് കേരള സ്റ്റോറി (2023)യുടെ ഒന്നാംപതിപ്പിന്റെ ഇതിവൃത്തം. കേരളത്തിൽനിന്ന് 32,000 സ്‌ത്രീകൾ മതപരിവർത്തനം ചെയ്യപ്പെട്ട് ഐഎസിൽ ചേർന്നുവെന്ന് കൊട്ടിഘോഷിച്ചായിരുന്നു ചിത്രം ഇറങ്ങിയത്. ഇതിനെതിരെ രാജ്യത്തെ മതനിരപേക്ഷസമൂഹം ശക്തമായി പ്രതിഷേധിച്ചപ്പോൾ 32,000 വെറും മൂന്നായി മാറി. തങ്ങളുടെ വാദത്തിന് കൃത്യമായ രേഖകളില്ലെന്ന് സമ്മതിച്ചായിരുന്നു സംവിധായകൻ സുദീപ്‌തോ സെൻ ഇൗ മാറ്റം വരുത്തിയത്. കള്ളങ്ങളുടെ ദുർബലമായ അടിത്തറയിൽ തയ്യാറാക്കിയ ഇൗ വികല സൃഷ്‌ടിക്ക് 2025ൽ സുദീപ്‌തോ സെൻ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരത്തിന് അർഹനായി.
ഇപ്പോഴിതാ കേരള സ്റ്റോറിയുടെ രണ്ടാംപതിപ്പായ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടിന്റെ ടീസർ പുറത്തുവന്നപ്പോൾ ആദ്യപതിപ്പിനേക്കാൾ വലിയ കള്ളങ്ങളായിരിക്കും സിനിമയിലുണ്ടാകുക എന്ന് വ്യക്തം. എക്കാലവും മതനിരപേക്ഷമൂല്യങ്ങളും സാഹോദര്യബോധവും ഉയർത്തിപ്പിടിക്കുന്ന കേരളത്തെ, രാജ്യത്തെ ഓരോ ഹിന്ദുത്വവാദിക്കും ഭയമാണ്. കേരളത്തിന്റെ ശക്തമായ മതനിരപേക്ഷ അടിത്തറയെ തകർക്കുകയാണ് അവരുടെ ലക്ഷ്യം. വിഷലിപ്‌തമായ ആ മനോനിലയുടെ പ്രകടനമാകും കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്. ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന അപഹാസ്യമായ ദൃശ്യങ്ങളടങ്ങിയ ടീസറാണ് പുറത്തുവന്നത്. ഭക്ഷണത്തിലെ ജനാധിപത്യം പരമപ്രധാനമെന്ന് വിശ്വസിക്കുന്ന കേരളീയർക്കുമുന്നിൽ ഇത്തരം വൈകൃതങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഇൗ സിനിമയുടെ സ്രഷ്‌ടാക്കൾ അപഹാസ്യരായിരിക്കുകയാണ്.
‘‘ബീഫ് എന്ന് പേരിട്ടതുകൊണ്ട് ചലച്ചിത്രമേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതിപോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശനാനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്’’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇൗ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമാണ്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും അടക്കമുള്ള സ്‌ത്രീകളുടെ കഥകളാണ് പറയുന്നതെന്ന് ടീസറിലുണ്ട്. എന്നിട്ടും എന്തിനാണ് കേരള സ്റ്റോറി എന്ന പേര് എന്നത് വ്യക്തമാകുന്നില്ല. സാമൂഹികസൂചികകളിൽ കേരളം നേടിയ പുരോഗതി, അതിദരിദ്രരെ വിമോചിപ്പിക്കാനുള്ള ശ്രമം, ഉരുളിൽ ഒടുങ്ങിയ ഒരു നാടിന്റെ അത്ഭുതകരമായ അതിജീവനം തുടങ്ങി അന്താരാഷ്‌ട്ര ശ്രദ്ധനേടിയ വികസനപാഠങ്ങളാണ് യഥാർഥ കേരള സ്റ്റോറി. അവ മറച്ചുവയ്‌ക്കാനും കേരളത്തെ ദേശീയ–അന്തർദേശീയ തലത്തിൽ അപമാനിക്കാനുംവേണ്ടി ആർഎസ്‌എസിന്റെ മൂശയിൽ വാർത്തെടുത്തതാണ് വിദ്വേഷത്തിന്റെ ഇൗ കേരള സ്റ്റോറി.










0 comments