print edition മികവ് പ്രതിഫലിക്കുന്ന പരീക്ഷാഫലം

സംസ്ഥാനത്തെ പ്ലസ്‌ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ ഉപരിപഠനമേഖലയുടെ പുതുവഴികളിലേക്ക് കടക്കുകയാണ്. കഴിഞ്ഞ പത്തുവർഷം കേരളത്തിലെ എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ പരിഷ്‌കാരങ്ങളും ഗുണമേന്മാ പദ്ധതികളും വിജയകരമായി എന്ന് തെളിയിക്കുന്നതാണ് പരീക്ഷാഫലം. വിജയശതമാനം ഇക്കുറിയും ഉയർന്നു. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളുടെ മികവും എടുത്തുപറയേണ്ടതുണ്ട്. ഇൗ വർഷം 2,90,381 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. ഇവരിൽ 1,67,475 പേരും പെൺകുട്ടികളാണ്. ആകെ വിജയശതമാനം 77.97. സർക്കാർ സ്‌കൂളുകളിൽനിന്ന് പരീക്ഷ എഴുതിയ 1,21,661 പേരും എയ്‌ഡഡ് മേഖലയിലെ 1,50,604 പേരും ഉപരിപഠനത്തിന് അർഹരായി.
പട്ടികജാതി–വർഗ വിഭാഗം വിദ്യാർഥികളുടെ വിജയശതമാനവും ഉയർന്നു. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണവും വർധിച്ചു. റെഗുലർ സ്‌കൂൾ ഗോയിങ് വിഭാഗത്തിൽ 30,561 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇടുക്കി ജില്ലയാണ് വിജയശതമാനത്തിൽ മുന്നിൽ– 84.64 ശതമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്‌ക്കിരുത്തിയ തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ 85.39 ശതമാനംപേരെ ഉപരിപഠനാർഹരാക്കി മുന്നിലെത്തി. നൂറുമേനി നേടിയ സ്‌കൂളുകളിലും സർക്കാർ, എയ്‌ഡഡ് മേഖലകളാണ് മുന്നിൽ. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 48 സ്‌കിൽ കോഴ്‌സുകളിൽ പരിശീലനം നൽകിയ 18,311 വിദ്യാർഥികൾ ഉന്നതപഠനത്തിന് അർഹത നേടി. 72.49 ആണ് വിജയം. ടെക്‌നിക്കൽ ഹയർ സെക്കൻഡറിയിൽ 72.82 ശതമാനവും.
പത്തുവർഷമായി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയിൽ നടപ്പാക്കിയ നവീകരണത്തിന്റെ ഗുണഫലങ്ങൾ പ്രതിഫലിക്കുന്നതാണ് പരീക്ഷാഫലം. പഠനത്തിൽ പിന്നാക്കംനിൽക്കുന്ന വിദ്യാർഥികളെ മുഖ്യധാരയിലെത്തിക്കാൻ നടപ്പാക്കിയ പദ്ധതികളും വിജയംകണ്ടു. ഹയർ സെക്കൻഡറിയിലും വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും ഇൗ കാലയളവിൽ നടപ്പാക്കിയ മാറ്റങ്ങൾ അത്ഭുതാവഹമാണ്. സിലബസ് പരിഷ്‌കരണം, പരീക്ഷാപരിഷ്‌കരണം എന്നിവയെല്ലാം മാതൃകയായി. നൂറുകണക്കിന് ഹയർ സെക്കൻഡറി സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം കിഫ്‌ബിവഴി നടപ്പാക്കി. ആയിരക്കണക്കിന് ക്ലാസ്‌റൂമുകളും ലാബുകളും ആധുനികീകരിച്ചു. പുതുക്കിയ എൻഎസ്‌ക്യുഎഫ് കോഴ്‌സുകൾക്ക് അനുസരിച്ച് 714 വൊക്കേഷണൽ ഹയർ സെക്കൻഡറി ലാബുകൾ നവീകരിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി എസ്‌സിഇആർടിയുമായി ചേർന്ന് ഓൺലൈൻ ചോദ്യശേഖരം ലഭ്യമാക്കി. ഹയർ സെക്കൻഡറി തലത്തിൽ ഭൗതികശാസ്‌ത്ര പരീക്ഷണങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയതും ഏറെ ഗുണകരമായി. ഹയർ സെക്കൻഡറി പ്രവേശനം കൂടുതൽ സുതാര്യമാക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് അവരുടെ പ്രദേശങ്ങളിൽത്തന്നെ പ്രവേശനം ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. എസ്‌എസ്‌എൽസി വിജയിക്കുന്നവർക്കെല്ലാം പ്ലസ് വൺ അടക്കം ഉപരിപഠനസൗകര്യം ഉറപ്പാക്കി.
പുതിയ പരീക്ഷാ മാന്വൽ നടപ്പാക്കിയത് പരീക്ഷാനടത്തിപ്പ് കൂടുതൽ കൃത്യമാക്കാൻ സഹായകമായി. അധ്യാപകർക്ക് ആധുനിക പരിശീലനവും ഉറപ്പുവരുത്തി. വിഎച്ച്‌എസ്‌ഇയിൽ തൊഴിൽമേളകളും പ്രത്യേക തൊഴിൽ പരിശീലനങ്ങളും നടത്തി. ഇക്കാലയളവിൽ ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ മേഖലയിൽ നടത്തിയ അധ്യാപക–അനധ്യാപക നിയമനങ്ങളും റെക്കോഡാണ്. മെഡിക്കൽ, എൻജിനിയറിങ് പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായുള്ള പരിശീലനവും കൈറ്റ് വഴി ലഭ്യമാക്കി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനും ആധുനികീകരിക്കാനും എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികളെല്ലാം ഗുണകരമായി. ഇൗ മാതൃക പുതിയ സർക്കാർ തുടരുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.
സംസ്ഥാനത്ത് ഉപരിപഠനത്തിനുള്ള വൈവിധ്യമാർന്ന സൗകര്യങ്ങൾ ഏറെയുണ്ട്. തൊഴിൽസാധ്യത, അഭിരുചി തുടങ്ങിയവയെല്ലാം പരിഗണിച്ചാകണം ഇവ തെരഞ്ഞെടുക്കേണ്ടത്. ഉപരിപഠനത്തിന് അർഹരായവരെ ഇൗ അവസരത്തിൽ അഭിനന്ദിക്കുന്നു. അർഹരാകാത്തവർ നിരാശയിലേക്ക് പോകാതെ ഉടനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുക. വിജയം എല്ലാവർക്കും ഒപ്പമുണ്ട്.











0 comments