മകൾ മുഖ്യമന്ത്രിയെ വിമര്‍ശിച്ചു, അമ്മയുടെ മന്ത്രി സ്ഥാനം തെറിച്ചു; തെലങ്കാനയിൽ യെല്ലോ കോൺഗ്രസ് വിവാദം കത്തുന്നു

ഹൈദരബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്കും സഹോദരനും എതിരെ മന്ത്രിയുടെ മകൾ നടത്തിയ വിവാദ പരാമര്‍ശങ്ങൾക്ക് പിന്നാലെ വനം ദേവസ്വം വകുപ്പ് ചുമതലയുള്ള കൊണ്ടാ സുരേഖയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. സുരേഖയെ ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന കത്ത് ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയ്ക്ക് മുഖ്യമന്ത്രി കൈമാറി.
തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമാകവെ മന്ത്രി കൊണ്ടാ സുരേഖയുടെ മകൾ സുഷ്മിത പട്ടേൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും പര്‍കൽ മണ്ഡലം എം എൽ എ രേവൂരി പ്രകാശ റെഡ്ഡിക്കും എതിരെ പരസ്യമായി വിമര്‍ശനങ്ങൾ ഉന്നയിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടെ സഹോദരനെതിരെയും വിമര്‍ശനം ഉയര്‍ത്തി. സുഷ്മിതയുടെ പരസ്യപ്പെടുത്തലുകൾ കോൺഗ്രസിൽ വലിയ പ്രതിഷേധത്തിന് വഴി വെച്ചു. അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഭരണ കക്ഷി എം എൽ എമാരും പാര്‍ടി ഭാരവാഹികളും രംഗത്ത് വന്നു. തെലങ്കാന പ്രദേശ് കോൺഗ്രസ് അച്ചടക്ക സമിതി സുഷ്മിതയോട് വിശദീകരണം തേടി. ഇതിന് ഇടയിലാണ് മുഖ്യമന്ത്രിയുടെ പുറത്താക്കൽ നടപടി.
അധികാര തര്‍ക്കങ്ങളും
അറിയാത്ത ഗ്രൂപ്പുകളും
സ്വതന്ത്ര വ്യക്തിത്വമുള്ള മുതിര്‍ന്ന മകൾ നടത്തിയ പ്രസ്താവനകൾക്ക് അമ്മയെന്ന നിലയിൽ എന്നെ ഉത്തരവാദിയാക്കാൻ കഴിയില്ല. മകളുടെ അഭിപ്രായങ്ങൾക്ക് താൻ എന്തിന് ശിക്ഷ അനുഭവിക്കണം എന്നാണ് മന്ത്രി കൊണ്ടാ സുരേഖ ചോദിച്ചത്. തനിക്കെതിരെ അഴിമതി ആരോപണങ്ങൾ ഒന്നുമില്ലെന്നും മന്ത്രി എന്ന നിലയിലുള്ള പ്രകടനം പരിഗണിക്കേണ്ടതാണ് എന്നും പറഞ്ഞു.
2023 ഡിസംബറിൽ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേറ്റ ശേഷം മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെടുന്ന ആദ്യ മന്ത്രിയാണ് കൊണ്ടാ സുരേഖ. വാറങ്കൽ ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ്. അമ്മയുടെ ജന്മദിനവുമായി ബന്ധപ്പെട്ട പൊതുയോഗത്തിൽ സംസാരിക്കുമ്പോഴാണ് മകൾ വിവാദമായി പ്രസംഗം നടത്തിയത്.
തൊട്ടടുത്തുള്ള പര്‍കൽ മണ്ഡലത്തിൽ നിലവിലെ എം എൽ എ രേവൂരി പ്രകാശ് റെഡ്ഡി തന്നെ അടുത്ത തവണയം തുടരുമെന്ന് മുഖ്യമന്ത്രി അടുത്തിടെ ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചതിനെ സുഷ്മിത പട്ടേൽ ചോദ്യം ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിലെ സീറ്റ് നിശ്ചയിക്കാൻ രേവന്ത് റെഡ്ഡി ആരാണെന്ന് ചോദിച്ചു. കോൺഗ്രസ് ടിക്കറ്റ് നൽകിയില്ലെങ്കിൽ അടുത്ത തവണ സ്വതന്ത്രയായി മത്സരിക്കും എന്ന് പ്രഖ്യാപിക്കയും ചെയ്തു.
മുൻപ് തെലുഗുദേശം പാര്‍ടിയിൽ ഉണ്ടായിരുന്നവരെയാണ് മഖ്യമന്ത്രി ഇപ്പോൾ സംരക്ഷിക്കുന്നത്. ഇത് യെല്ലോ കോൺഗ്രസ് ആണ്. മുഖ്യമന്ത്രിയുടെ സഹോദരന് ഏക്കര്‍ കണക്കിന് ഭൂമി അനുവദിച്ചതിൽ അഴിമതിയുണ്ട്. മറ്റ് മന്ത്രിമാരെ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കുന്നത് അവസാനിപ്പിക്കണം എന്നിങ്ങനെയായിരുന്നു അമ്മയുടെ ജന്മദിനാഘോഷ ചടങ്ങിൽ സുഷ്മിതയുടെ പ്രസംഗം. ഇവരുടെ പിതാവ് കൊണ്ടാ മുരളി മുൻ എം എൽ സിയാണ്. സുഷ്മിത 'കൊണ്ടാ യുവസേന' എന്ന പേരിൽ സ്വന്തമായി ഒരു സംഘടന നയിക്കുന്നുണ്ട്. മഞ്ഞ നിറം തെലുഗുദേശം പാര്‍ടിയുടെ കൊടിയെയും സൂചിപ്പിക്കുന്നതാണ്. രേവന്ത് റെഡ്ഡി നേരത്തെ തെലുഗുദേശം പാര്‍ടിയിലെ പ്രമുഖ നേതാവായിരുന്നു. 2017 ലാണ് ടിഡിപി വിട്ട് അദ്ദേഹം കോൺഗ്രസിൽ എത്തുന്നത്.








0 comments