സകലരെയും ഉൾക്കൊള്ളുന്ന നയപ്രഖ്യാപനം

സാമൂഹികനീതിയും ക്ഷേമവും ഉറപ്പാക്കി, സമഗ്രവും സന്തുലിതവും സുസ്ഥിരവുമായ വികസനം വിഭാവനം ചെയ്യുന്ന നയത്തിന്റെ അടിസ്ഥാനത്തിൽ, കേരളം പത്തുവർഷം കൈവരിച്ച നേട്ടങ്ങളിൽ ഊന്നി, നവകേരളത്തിലേക്ക് ഉറ്റുനോക്കുന്നതാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ച സർക്കാരിന്റെ നയപ്രഖ്യാപനം.
നാടിന്റെ സാമൂഹികനേട്ടങ്ങളാകെ സംരക്ഷിച്ച് അതിവേഗത്തിലുള്ള സാന്പത്തികവളർച്ചയും സമഗ്രപുരോഗതിയും എങ്ങനെ കൈവരിക്കാമെന്നായിരുന്നു കഴിഞ്ഞ പത്തുവർഷവും സർക്കാർ അന്വേഷിച്ചുകൊണ്ടിരുന്നത്. ഒരു സാമൂഹ്യവ്യവസ്ഥയുടെ ഭാഗമായിരിക്കുന്പോൾത്തന്നെ, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്‌തമായി തനിമയാർന്ന യാത്ര. അങ്ങനെയൊരു ബദൽ സാധ്യമാണെന്നും അർഥപൂർണമായി നടപ്പാക്കാനാകുമെന്നും തെളിയിക്കാൻ സാധിച്ചതിന്റെ സാക്ഷ്യപത്രമായി നയപ്രഖ്യാപനപ്രസംഗം. എല്ലാ അർഥത്തിലും മനുഷ്യജീവിതത്തിന്റെ അർഥവത്തായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞുവെന്ന് വെളിപ്പെടുത്തുന്നതാണ് നയപ്രഖ്യാപനത്തിലെ ഓരോ വരിയും.
ക്ഷേമസമൂഹമെന്ന ലക്ഷ്യത്തിലേക്ക് ഏറ്റവും മുന്നേറിയ സംസ്ഥാനമാണ് കേരളമെന്ന് ആധികാരികമായി സമർഥിക്കുന്നു നയപ്രഖ്യാപനപ്രസംഗം. ശക്തമായ സമ്പദ്‌വ്യവസ്ഥയും കാര്യക്ഷമമായ ഭരണസംവിധാനവും ജനകേന്ദ്രീകൃതമായ നയസമീപനങ്ങളും കേരളത്തെ വേറിട്ടുനിർത്തുന്നു. സാർവത്രികവിദ്യാഭ്യാസത്തിലും ആരോഗ്യസംരക്ഷണത്തിലും പൊതുശുചിത്വത്തിലും സാമൂഹികസുരക്ഷയിലും കേരളം ഒന്നാംനിരയിലാണ്. അതിദാരിദ്ര്യം പൂർണമായി നിർമാർജനം ചെയ്‌തു. കേരളത്തിലെ ശിശുമരണനിരക്ക് വികസിത രാജ്യങ്ങളിലേതിനേക്കാൾ താഴെയാണ്. 80 ശതമാനത്തിലേറെ വയോജനങ്ങളെ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹികസുരക്ഷയിൽ വികസ്വര രാജ്യങ്ങൾക്ക് മാതൃകയായി കേരളം.
അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുകയും പ്ലാൻ ഫണ്ടിന്റെ 28 ശതമാനം തദ്ദേശ സർക്കാരുകൾക്കായി നീക്കിവയ്ക്കുകയും ചെയ്തു. സർക്കാർ സേവനങ്ങൾ ആയാസരഹിതമായി എത്തിക്കുന്നതിന് ഡിജിറ്റൽ ആപ്പുകൾ ഏർപ്പെടുത്തി. സേവനാവകാശനിയമവും ജപ്തിനടപടികളിൽനിന്ന് കിടപ്പാടം സംരക്ഷിക്കുന്നതിനുള്ള നിയമവും കൊണ്ടുവന്നു. മികച്ച നിക്ഷേപാന്തരീക്ഷമുള്ള സംസ്ഥാനമായി. ‘ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളം' എന്ന ലക്ഷ്യം പൂർത്തീകരണത്തോടടുക്കുന്നു. പത്തുവർഷത്തിനുള്ളിൽ 4,10,958 പേർക്ക് പട്ടയങ്ങൾ നൽകി. പവർകട്ട് ഇല്ലാതെ വൈദ്യുതിവിതരണം ഉറപ്പാക്കി. ആദ്യത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാകാനുള്ള തയ്യാറെടുപ്പിലാണ് കേരളമെന്നും നയപ്രഖ്യാപനപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. എല്ലാ ജനങ്ങൾക്കും ഇടത്തരം വരുമാനവും ഒപ്പം മികച്ച ജീവിതനിലവാരവും മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും മികവുറ്റ സ്ഥാപനങ്ങളും ഉറപ്പുനൽകുന്ന വിജ്ഞാനാധിഷ്ഠിത വികസിത സമ്പദ്‌വ്യവസ്ഥയിൽ അടിത്തറയിടുകയാണ് സർക്കാർ. കൃഷിയിലും വ്യവസായത്തിലും അടിസ്ഥാനസൗകര്യവികസനത്തിലും സാമൂഹികക്ഷേമത്തിലും തദ്ദേശഭരണത്തിലും ധനകാര്യത്തിലും പട്ടികജാതി–വർഗ ക്ഷേമത്തിലും കലാകായിക സാംസ്കാരിക രംഗങ്ങളിലും കൈവരിച്ച നേട്ടങ്ങൾ നവകേരളത്തിലേക്കുള്ള പ്രയാണം സുഗമമാക്കി.
2031ഓടെ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും കാർഷികവരുമാനം ഇരട്ടിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള "ആധുനികവും സുസ്ഥിരവും സ്വയംപര്യാപ്തവുമായ കാർഷിക കേരളം 2031’ പദ്ധതി കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കുകയും ആധുനികീകരിക്കുകയും ചെയ്തു. 22,000 കോടി രൂപയുടെ നിക്ഷേപം ആകർഷിച്ച ‘ഇയർ ഓഫ് ദി എന്റർപ്രൈസസ്’ പദ്ധതിയിൽ 3.53 ലക്ഷം സംരംഭങ്ങൾ ഏഴരലക്ഷത്തോളം തൊഴിലവസരം സൃഷ്ടിച്ചു.
1000 കോടി രൂപവരെ വാർഷിക വിറ്റുവരവ് കൈവരിക്കാൻ ശേഷിയുള്ള സംരംഭങ്ങൾ വളർത്തുന്നതിന് മിഷൻ 1000 പദ്ധതിയും മൈക്രോ നാനോ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മിഷൻ ഒരുലക്ഷം പദ്ധതിയും ആവിഷ്കരിച്ചിരിക്കുന്നു. കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴി ഉടൻ ആരംഭിക്കുമെന്ന് നയപ്രഖ്യാപനത്തിലുണ്ട്. താഴ്‌ന്ന വരുമാനമുള്ള കുടുംബങ്ങളിലെ യുവജനങ്ങളെ സഹായിക്കുന്നതിന് രൂപപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്സ് കണക്ട് ടു വർക്ക് സ്കീം തൊഴിൽനൈപുണ്യം നേടുന്നതിന് സഹായം നൽകും.
കിഫ്ബി മുഖേന 93,173 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കി. വരുംവർഷത്തിൽ 1200 കിലോമീറ്റർ പ്രധാന ജില്ലാറോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപിക്കുന്നു. സംസ്ഥാന ഹൈവേകളുടെ വീതി കൂട്ടുമെന്നും പ്രഖ്യാപനമുണ്ട്. 3100 കിലോമീറ്റർ റോഡുകൾ ഡിജിറ്റൈസ് ചെയ്യും. ശബരിമല ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം പണി ആരംഭിച്ച് 2029–30ഓടെ കമീഷൻ ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നു. വിഴിഞ്ഞം തുറമുഖം അടുത്ത ഘട്ടത്തോടൊപ്പം കൊല്ലം, അഴീക്കൽ, കൊച്ചി, ബേക്കൽ എന്നിവിടങ്ങളിലെ ചെറുതുറമുഖങ്ങളും ചേർന്ന് ചരക്കുനീക്കം സുഗമമാക്കും. ഇടുക്കിയിലെ പട്ടിശേരി ഡാം ഫെബ്രുവരി 15ന് കമീഷൻ ചെയ്യും.
ഉൾനാടൻ ജലഗതാഗതം, ജലസേചന പദ്ധതികൾ എന്നിവയിൽ സംസ്ഥാനം ഏറെ പുരോഗമിച്ചു. പവർകട്ട്‌രഹിത കേരളം എന്ന ഖ്യാതി നിലനിർത്തുന്നതിന് ദ്യുതി -2 പദ്ധതി, 2040ൽ 100 ശതമാനം പുനരുപയോഗ ഊർജം, 2050ൽ കാർബൺ ന്യൂട്രാലിറ്റി എന്നിവ സർക്കാരിന്റെ ലക്ഷ്യങ്ങളിൽപ്പെടുന്നു. സമഗ്രമായ ജലനയം രൂപീകരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സ്കൂളുകളെ മികവിന്റെ കേന്ദ്രമാക്കിയപ്പോൾ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി ഉന്നതവിദ്യാഭ്യാസമേഖലയെ സജ്ജമാക്കുന്നു.
മികച്ച പൊതുജനാരോഗ്യ സംവിധാനം നിലനിൽക്കുന്ന സംസ്ഥാനം, സാർവത്രിക സൗജന്യ ആരോഗ്യസുരക്ഷയിലേക്ക് ക്രമാനുഗതമായി മുന്നേറുകയാണെന്നും നയപ്രഖ്യാപനം വ്യക്തമാക്കുന്നു. ഡിജിറ്റൽ റീസർവേ പൂർത്തിയായിവരുന്നു. നേറ്റിവിറ്റി കാർഡ് ആവിഷ്കരിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം പൂർത്തിയാകുന്നു. റവന്യുവകുപ്പിന്റെ സേവനങ്ങൾ സ്മാർട്ടായി. അഴിമതി തടയാൻ സർക്കാർ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നുവെന്നും നയപ്രഖ്യാപനം അടിവരയിടുന്നു.
ധനകാര്യഫെഡറലിസത്തിലെ എല്ലാ അടിസ്ഥാനതത്വങ്ങളും ലംഘിച്ച് കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോഴാണ് സംസ്ഥാനം ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നും നയപ്രഖ്യാപനം ഓർമിപ്പിക്കുന്നു. നയപ്രഖ്യാപനപ്രസംഗത്തിൽ കേന്ദ്രത്തിന് ഹിതകരമല്ലാത്ത ഭാഗങ്ങൾ വിട്ടുകളയുക എന്ന മുൻഗാമികളുടെ പതിവ് ഈ ഗവർണറും തെറ്റിച്ചില്ല. വിട്ടുപോയ ഭാഗം വായിച്ചുകൊണ്ട് അത് നയപ്രഖ്യാപനപ്രസംഗത്തിന്റെ ഭാഗമായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.










0 comments