print edition പ്രകടമാകുന്നത് യുഡിഎഫിന്റെ ജീർണ രാഷ്ട്രീയം

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കത്തിനിൽക്കുകയാണ്. 10 വർഷമായി കേരളം കണ്ടത് സമാനതകളില്ലാത്ത വികസനക്കുതിപ്പും ജനക്ഷേമ പ്രവർത്തനങ്ങളുമാണ്. എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ ഉയർത്തുന്ന പ്രധാന മുദ്രാവാക്യം ‘വികസനവും ക്ഷേമവും' എന്നതാണ്. എന്നാൽ, വികസനചർച്ചകളിൽ അടിപതറുന്ന യുഡിഎഫ് വ്യക്തിഹത്യയിലേക്കും വ്യാജ ആരോപണങ്ങളിലേക്കും പ്രചാരണത്തെ തിരിച്ചുവിടുകയാണ്. വികസനത്തെക്കുറിച്ചോ ഭാവികേരളത്തെക്കുറിച്ചോ വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിക്കാൻ ഇല്ലാത്തതുകൊണ്ടുമാത്രമാണ് വിവാദങ്ങളിലൂടെയും അപവാദപ്രചാരണങ്ങളിലൂടെയും വോട്ട് പിടിക്കാൻ യുഡിഎഫ് ശ്രമിക്കുന്നത്.
സ്ഥലകാലവിഭ്രാന്തി പിടിപെട്ടവരെപ്പോലെയാണ് പ്രതിപക്ഷനേതാക്കൾ ഓരോ ദിവസവും പ്രതികരിക്കുന്നത്. വികസനനേട്ടങ്ങളെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്ത യുഡിഎഫ്, ഏറ്റവും തരംതാണ പ്രചാരണരീതികളാണ് അവലംബിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്‌ക്കെതിരെയുണ്ടായ വ്യക്തിപരമായ അധിക്ഷേപം. യുഡിഎഫ് മണ്ഡലം കൺവീനറും മുസ്ലിംലീഗ് നേതാവുമായ എ ഇർഷാദാണ് ശാരീരിക അധിക്ഷേപം നടത്തി അപമാനിച്ചത്. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ, ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ്, സ്ഥാനാർഥി എം ലിജു എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇൗ അധിക്ഷേപം.
രാഷ്ട്രീയമായ വിയോജിപ്പുകളെ ആശയങ്ങൾകൊണ്ട് നേരിടുന്നതിനുപകരം, വനിതാ നേതാക്കളുടെ വ്യക്തിത്വത്തെ അപമാനിക്കുന്നത് യുഡിഎഫിന്റെ സംസ്കാരശൂന്യതയാണ് വെളിപ്പെടുത്തുന്നത്. സ്‌ത്രീത്വത്തെ അപമാനിക്കുക എന്നത് എക്കാലവും കോൺഗ്രസിന്റെയും മുസ്ലിംലീഗുകാരുടെയും സംസ്‌കാരത്തിന്റെ ഭാഗമാണ്. മുമ്പും ഇടതുപക്ഷത്തെ വനിതാ നേതാക്കൾക്കെതിരെ മോശം പദപ്രയോഗങ്ങളുമായി ഇവർ രംഗത്തുവന്നിട്ടുണ്ട്. സ്ത്രീകളെ ബഹുമാനിക്കാനും അവർക്ക് തുല്യമായ രാഷ്ട്രീയ ഇടം നൽകാനും കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് സാധിക്കില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രതിപക്ഷത്തിരിക്കുന്പോൾമാത്രമല്ല, അധികാരത്തിൽ ഇരിക്കുന്പോഴും കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കളും മന്ത്രിമാരും സ്‌ത്രീത്വത്തെ അപമാനിച്ച് കേസിൽ പ്രതികളായവരാണ്. കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയവർ ആരോഗ്യമന്ത്രിയായ കെ കെ ശൈലജയെ അവഹേളിച്ചിരുന്നു. പൊതുസ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള വനിതാ നേതാക്കളെ നിരന്തരം അപമാനിക്കുന്ന സമീപനമാണ് കോൺഗ്രസ് തുടരുന്നത്. രാഷ്ട്രീയരംഗത്ത് സ്ത്രീകളെ അപമാനിക്കുന്ന യുഡിഎഫിന്റെ സമീപനം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്.
പത്തുവർഷത്തിനിടെ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകം അംഗീകരിച്ചതാണ്. അടിസ്ഥാനസൗകര്യ വികസനംമുതൽ പാവപ്പെട്ടവന്റെ ക്ഷേമം ഉറപ്പുവരുത്തുന്ന വിവിധ ക്ഷേമപദ്ധതികൾ ജനമനസ്സുകളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ദേശീയപാത വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, കെ -ഫോൺ തുടങ്ങിയ വൻകിട പദ്ധതികൾ യാഥാർഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സ്കൂളുകൾ സ്മാർട്ടായി. ആർദ്രം ദൗത്യത്തിലൂടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തപ്പെട്ടു. ക്ഷേമ പെൻഷനുകൾ മുടങ്ങാതെ വീട്ടിലെത്തിക്കുന്നതിലും വീടില്ലാത്തവർക്ക് ലൈഫ് മിഷൻ വഴി വീടുകൾ നൽകുന്നതിലും സർക്കാർ കാണിച്ച മാതൃക സമാനതകളില്ലാത്തതാണ്. വികസനവും ക്ഷേമവും എൽഡിഎഫ് പ്രചാരണായുധമാക്കുന്നു.
തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായപ്പോഴാണ് യുഡിഎഫ് ‘എൽഡിഎഫ്-–ബിജെപി ഡീൽ' എന്ന പൊള്ളയായ ആരോപണം ഉയർത്തുന്നത്. സത്യത്തിൽ, വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. കോൺഗ്രസ് ഓരോ തെരഞ്ഞെടുപ്പിലും വർഗീയശക്തികളുമായി ഡീൽ ഉണ്ടാക്കുകയായിരുന്നു. കേരളത്തിൽമാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ്–ബിജെപി ഡീൽ ഉണ്ടാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഹരിയാന, ഒഡിഷ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയെ സഹായിക്കുകയായിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ചത് സംഘടനാകാര്യ സെക്രട്ടറി കെ സി വേണുഗോപാലാണെന്ന് കോൺഗ്രസ് നേതാക്കൾതന്നെ വെളിപ്പെടുത്തുകയുണ്ടായി.
ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയ, പ്രതിസന്ധികളിൽ ചേർത്തുപിടിച്ച ഒരു സർക്കാരിന് ലഭിക്കുന്ന ജനപിന്തുണ യുഡിഎഫിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ആ പരാജയഭീതിയിൽനിന്നാണ് കള്ളപ്രചാരണങ്ങളും സ്ത്രീവിരുദ്ധ പരാമർശങ്ങളും ഉണ്ടാകുന്നത്. നുണക്കഥകൾക്കും വിവാദങ്ങൾക്കും പിന്നാലെയല്ല, മറിച്ച് വികസനത്തിന്റെയും സാമൂഹികനീതിയുടെയും പാതയിലൂടെയാണ് എൽഡിഎഫ് സഞ്ചരിക്കുന്നത്. എന്നാൽ, ജനശ്രദ്ധ തിരിച്ചുവിടാനും തങ്ങളുടെ അണികളെ പിടിച്ചുനിർത്താനും യുഡിഎഫ് പടച്ചുവിടുന്ന ഇത്തരം നുണക്കഥകൾ കേരളത്തിന്റെ മണ്ണിൽ വിലപ്പോകില്ല. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ വികസനത്തുടർച്ചയ്ക്കുള്ള ജനവിധിയായി മാറും എന്നതിൽ തർക്കമില്ല.










0 comments