ജെഎൻയുവിൽ 
മുഴങ്ങുന്നത്‌ രാജ്യത്തിന്റെ ശബ്‌ദം

modi and Us Trade Agreement
വെബ് ഡെസ്ക്

Published on Nov 08, 2025, 12:00 AM | 2 min read


​സംഘപരിവാറിന്റെ വർഗീയ വിദ്വേഷ പ്രത്യയശാസ്ത്രത്തിനേറ്റ കനത്ത തിരിച്ചടിയാണ് രാജ്യതലസ്ഥാനത്തെ ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിദ്യാർഥിസഖ്യത്തിന്റെ വിജയം. ഇന്ത്യയുടെ അഭിമാനമായിരുന്ന സർവകലാശാലയെ തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ നീക്കത്തിന്‌ ജെഎൻയുവിലെ വിദ്യാർഥികൾ നൽകിയ ശക്തമായ മറുപടിയാണ്‌ ഇ‍ൗ വിജയം. മോദിസർക്കാർ അധികാരമേറിയതുമുതൽ ജെഎൻയുവിനെ വരുതിയിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ക്യാമ്പസിന്റെ തനിമ തകർക്കാൻ സംഘപരിവാർ പ്രത്യയശാസ്ത്രം നടത്തിയ ആസൂത്രിതനീക്കങ്ങളെ എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർഥിസംഘടനകൾ നിരന്തരപ്രക്ഷോഭങ്ങളിലൂടെ എതിർത്തുകൊണ്ടിരുന്നു. എബിവിപിയെ വിജയിപ്പിക്കാൻ ഏതറ്റംവരെയും പോകാൻ സർവകലാശാലയുടെ തലപ്പത്തുള്ളവർ നിരന്തരം നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തി. കേന്ദ്ര സർക്കാരിന്റെയും സംഘപരിവാറിന്റെയും മുഴുവൻ സന്നാഹങ്ങളെയും എതിർത്തുകൊണ്ടാണ്‌ ഇടതുപക്ഷസഖ്യം ഇത്തവണ വിജയം കണ്ടത്.


ജെഎൻയു ഒരു മിനിയേച്ചർ ഇന്ത്യ പോലെയാണ്‌, വിവിധ ഭാഷകൾ സംസാരിക്കുന്നവരും വൈവിധ്യങ്ങളായ സാംസ്‌കാരിക പ്രത്യേകതകൾ വച്ചുപുലർത്തുന്നവരുമാണ്‌ ഇവിടത്തെ വിദ്യാർഥികൾ. കമ്യൂണിസത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും മതനിരപേക്ഷതയെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും സംസാരിക്കുന്ന ആളുകളായിരുന്നു ജെഎൻയുവിൽ. സംവാദത്തിനും വിയോജിപ്പിനും ചർച്ചയ്ക്കുമുള്ള ഇടമായിരുന്ന സർവകലാശാലയെ വർഗീയവൽക്കരിക്കാനുള്ള ആസൂത്രിതനീക്കങ്ങളാണ്‌ ഓരോ ഘട്ടത്തിലും മോദിസർക്കാർ നടപ്പാക്കിയത്‌.


ഇതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോൾ സർവകലാശാല അടച്ചിടുന്ന സ്ഥിതിയുണ്ടായി. ഹോസ്റ്റൽ ഫീസ് വർധനയ്‌ക്കെതിരായ പ്രതിഷേധങ്ങളെ ചോരയിൽ മുക്കുകയായിരുന്നു ഡൽഹി പൊലീസ്‌. വിദ്യാർഥികളെയും അവരുടെ പോരാട്ടങ്ങളെയും അരികുവൽക്കരിക്കാനും അടിച്ചമർത്താനും ശ്രമിച്ചു. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ മോദിസർക്കാർ പലപ്പോഴും അരാജകവാദികൾ, രാജ്യദ്രോഹികൾ, അല്ലെങ്കിൽ അതിലും മോശമായ ദേശവിരുദ്ധർ എന്നിങ്ങനെയാണ്‌ വിശേഷിപ്പിച്ചത്‌. മോദിഭരണത്തിൽ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരന്തരം ആക്രമണത്തിന് വിധേയമാകുന്ന ഒരു വലിയ പ്രവണതയുടെ ഭാഗമായിരുന്നു ജെഎൻയുവും.


ജെഎൻയു രാജ്യവിരുദ്ധരുടെയും ഭീകരരുടെയും കേന്ദ്രമാണെന്ന്‌ കേന്ദ്രമന്ത്രിമാർ നിരന്തരം പ്രചരിപ്പിച്ചു. ക്യാമ്പസിനെക്കുറിച്ച് അപവാദങ്ങളും കള്ളപ്രചാരണങ്ങളുമായി തുടങ്ങിയ യൂണിവേഴ്‌സിറ്റി പിടിച്ചടക്കൽ തന്ത്രം ഗുണ്ടാ ആക്രമണങ്ങളിലേക്കും കടന്നിരുന്നു.

പുറത്തുനിന്ന്‌ ആർഎസ്‌എസ്‌ ക്രിമിനൽസംഘത്തെ ഇറക്കി ഇടതുപക്ഷ സംഘടനകളിൽപ്പെട്ട വിദ്യാർഥികളെ ആക്രമിച്ചു. നിരവധി വിദ്യാർഥികൾക്കാണ്‌ ഗുരുതരമായി പരിക്കേറ്റത്‌. സംഘടനാനേതാക്കളെ ക്യാന്പസിൽനിന്ന്‌ പുറത്താക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്‌ക്കുകയും ചെയ്‌തു. ഇടതുപക്ഷസ്വാധീനം കുറയ്‌ക്കാൻ സർവകലാശാലാ തലപ്പത്തുമാത്രമല്ല, വകുപ്പ്‌ മേധാവികളായും സംഘപരിവാറുകാരെ നിയോഗിച്ചു. മുൻ വൈസ് ചാൻസലർ ജഗദീഷ് കുമാറിനും നിലവിലെ വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റിനുമുള്ള ഒരേയൊരു ദൗത്യം ക്യാമ്പസിന്റെ മതനിരപേക്ഷസ്വഭാവം തകർത്ത്‌ സംഘപരിവാറിന്റെ നിയന്ത്രണത്തിലാക്കുക എന്നതായിരുന്നു.


മാനവിക വിഷയങ്ങൾക്കും ശാസ്ത്രങ്ങൾക്കും പകരം ‘തൊഴിലധിഷ്ഠിതം' എന്ന പേരിൽ കോഴ്സുകൾ അടിച്ചേൽപ്പിച്ചു. മാനവിക വിഷയങ്ങളെ കാവി ആശയങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുന്ന ചുമതല സംഘപരിവാർ അനുകൂലികളായ അധ്യാപകർക്ക്‌ കൈമാറി. എബിവിപിക്കാരെ തിരുകിക്കയറ്റാനായി പുതിയ ഡിപ്പാർട്ട്‌മെന്റുകളും കോഴ്‌സുകളും തുടങ്ങി. പ്രതിഭകളായ അധ്യാപകർക്ക് പേരുകേട്ട ജെഎൻയുവിൽ അക്കാദമിക് മികവോ മാനദണ്ഡങ്ങളോ പരിഗണിക്കാതെ ആർഎസ്എസ് അനുകൂലികളെ അധ്യാപകരായി നിയമിച്ചു. അഡ്‌മിഷൻ രീതിതന്നെ അട്ടിമറിച്ച് പൊതു പ്രവേശനപരീക്ഷയുടെ ഭാഗമാക്കുകയും ആ പരീക്ഷയുടെ നടത്തിപ്പ് ഏജൻസികളെ ഏൽപ്പിക്കുകയും ചെയ്തു.


ദക്ഷിണേന്ത്യയിൽനിന്നുള്ള വിദ്യാർഥികളുടെ പ്രവേശനം തടയാനും നീക്കമുണ്ടായി. ഇടതുപക്ഷ വിദ്യാർഥിസംഘടനകൾക്ക്‌ യൂണിയന്റെ നിയന്ത്രണം ലഭിക്കുമെന്ന്‌ ഭയന്ന്‌ തുടർച്ചയായി നാലുവർഷം തെരഞ്ഞെടുപ്പ്‌ നടത്തിയില്ല. നാലുവർഷത്തിനുശേഷം കഴിഞ്ഞവർഷം നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട മൂന്ന്‌ സീറ്റുകളിൽ ഇടതുപക്ഷ വിദ്യാർഥിസഖ്യം വിജയിച്ചിരുന്നു. ഇത്തവണ എസ്‌എഫ്‌ഐകൂടി ഉൾപ്പെട്ട ഇടതുപക്ഷ വിദ്യാർഥിസഖ്യമാകട്ടെ മുഴുവൻ മേജർ സീറ്റുകളും വൻ ഭൂരിപക്ഷത്തോടെയാണ്‌ വിജയിച്ചത്‌. ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത്‌ എസ്‌എഫ്‌ഐയുടെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥി മലയാളികൂടിയായ കെ ഗോപിക ബാബുവാണ്‌.


സംവരണവിരുദ്ധതയിലും ദളിത്‌, സ്‌ത്രീ, മുസ്ലിം വിരുദ്ധതയിലും ഉ‍ൗന്നിയായിരുന്നു എബിവിപിയുടെ പ്രചാരണം. ഇതിനെതിരെ ശക്തമായ നിലപാട്‌ ഉയർത്തിപ്പിടിച്ചായിരുന്നു ഇടതുപക്ഷ വിദ്യാർഥിസഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. അതുകൊണ്ടുതന്നെ ഇത് കേവലമൊരു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയംമാത്രമല്ല, ഇത്‌ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സമത്വബോധത്തിന്റെയും വിജയമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home