ഖത്തറിനെ ആക്രമിച്ചത് ഇസ്രയേലിന്റെ തെമ്മാടിത്തം

ജനാധിപത്യ ലോകക്രമത്തെ തെല്ലും വിലകൽപ്പിക്കാത്ത തെമ്മാടിരാഷ്ട്രമാണ് തങ്ങളെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ഇസ്രയേൽ. രാഷ്ട്രങ്ങളുടെ പരമാധികാരം, സ്വയംനിർണയാവകാശം, രാജ്യാന്തര നിയമങ്ങൾ, യുഎൻ ഉടന്പടികൾ തുടങ്ങിയവയെ ധിക്കരിച്ചുകൊണ്ടാണ് കഴിഞ്ഞ രാത്രി ഖത്തറിൽ ആക്രമണം നടത്തിയത്. അന്താരാഷ്ട്രനിയമങ്ങളെയും ഖത്തറിന്റെ പരമാധികാരത്തെയുമാണ് വെല്ലുവിളിച്ചിരിക്കുന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് സയണിസ്റ്റ് ഭീകരരാഷ്ട്രമായ ഇസ്രയേൽ ദോഹയിൽ കടന്നാക്രമണം നടത്തിയത്. ഹമാസ് നേതാക്കളെയായിരുന്നു ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നതെങ്കിലും ആഭ്യന്തര രാഷ്ട്രീയത്തിലെ പ്രതിസന്ധിയിൽനിന്ന് ജനശ്രദ്ധ തിരിക്കാനായിരുന്നു തിരക്കിട്ട നീക്കം. ഹമാസ് നേതാവും അവരുടെ മധ്യസ്ഥചർച്ചകളുടെ മുഖവുമായ ഖലീൽ അൽ ഹയ്യയെയായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാൽ, ആ ലക്ഷ്യം ഫലംകണ്ടില്ല. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്‌ച ദോഹയിൽ നടന്ന ആക്രമണം ഗൾഫ് മേഖലയെയാകെ ഞെട്ടിച്ചു. ഹമാസ്–ഇസ്രയേൽ സംഘർഷങ്ങൾക്ക് അയവുവരുത്താനുള്ള മധ്യസ്ഥചർച്ചകളിൽ പ്രധാന പങ്കുവഹിക്കുന്ന ഖത്തറിനെ ആക്രമിച്ച നടപടിയെ സൗദി അറേബ്യയടക്കം മേഖലയിലെ പ്രധാന രാജ്യങ്ങളെല്ലാം ശക്തമായി അപലപിച്ചു. അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവരുടെ മുൻകൈയിലായിരുന്നു മധ്യസ്ഥശ്രമങ്ങൾ. വെടിനിർത്തൽ ചർച്ചയ്‌ക്കായി ഹമാസിന്റെ രാഷ്ട്രീയനേതൃത്വം ദോഹയിൽ ഒത്തുകൂടിയിരിക്കെയാണ് ഇസ്രയേൽ മുൻകൂട്ടി തീരുമാനിച്ച് ആക്രമണം നടത്തിയത്. അമേരിക്കയെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ, ഇത് മറച്ചുവച്ച യുഎസ് അക്രമം തടയാൻ നടപടിയെടുത്തില്ല. പശ്ചിമേഷ്യയിൽ യുഎസിന് ഏറ്റവും അടുപ്പമുള്ള രാജ്യമാണ് ഖത്തർ. അമേരിക്കയുടെ ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്ന് ഇവിടെയാണുള്ളത്. എന്നിട്ടും ഏകപക്ഷീയമായി ഇസ്രയേൽ അവിടെ നേരിട്ട് ആക്രമണം നടത്തിയതിനെ ന്യായീകരിക്കുന്ന സമീപനമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. യൂറോപ്യൻ യൂണിയനും ബ്രിട്ടനുമെല്ലാം ഇസ്രയേൽ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. എന്നാൽ, ലോകരാജ്യങ്ങളുടെ എതിർപ്പൊന്നും വകവയ്‌ക്കാൻ ഇസ്രയേൽ തയ്യാറായിട്ടില്ല. തങ്ങൾക്കെതിരായ ശക്തികൾ എവിടെയുണ്ടോ അവിടെയെല്ലാം ആക്രമണം നടത്തുമെന്ന ഭീഷണിയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായത്.
പിഞ്ചുകുഞ്ഞുങ്ങളെയടക്കം പട്ടിണിക്കിട്ട് കൊല്ലാക്കൊല ചെയ്തും ദിവസേനയെന്നോണം ഗാസയിൽ ദുരിതം വിതച്ചുകൊണ്ടേയിരിക്കുകയാണ് ഇസ്രയേൽ. ഗാസയ്ക്കു പുറത്ത് മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിച്ച് നടക്കുന്ന ആക്രമണങ്ങൾ ഗൾഫ് രാഷ്ട്രങ്ങളെ പ്രകോപിതരാക്കുന്നുണ്ട്. ദോഹപോലെ വളരെ ശാന്തമായ ഒരു നഗരത്തിൽ നടന്ന കടന്നുകയറ്റം ഞെട്ടിക്കുന്നതാണ്. ഇസ്രയേലിന്റെ ഭരണകൂട ഭീകരവാദമാണ് ഇതിലൂടെ തെളിഞ്ഞതെന്നാണ് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി പ്രതികരിച്ചത്. പ്രാകൃതമായ ആക്രമണത്തിനെതിരെ പ്രതികരിക്കാനുള്ള എല്ലാ അവകാശവും ഖത്തറിൽ നിക്ഷിപ്തമാണ്, പ്രതികരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. ആക്രമണത്തെ തത്വത്തിൽ ന്യായീകരിക്കുന്ന നിലപാടാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായത്. ഖത്തറിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അമേരിക്ക അവകാശപ്പെട്ടു. ആക്രമണം നടത്തിയത് അമേരിക്കയുടെ അറിവോടെയാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇസ്രയേലിന്റെ യുദ്ധവെറിക്ക് എല്ലായ്‌പോഴും പിന്തുണ നൽകുന്നത് അമേരിക്കയാണ്. ഇറാനുമായി ഇസ്രയേൽ ദീർഘയുദ്ധം പ്രഖ്യാപിച്ചതിനുപിന്നാലെ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി യുഎസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യാന്തരനിയമങ്ങളോടും യുഎൻ ഉടമ്പടിയോടും എന്നും പ്രതിബദ്ധത കാട്ടിയിരുന്ന ഇന്ത്യ, ഇസ്രയേൽ നടപടിയെ ശക്തമായി അപലപിക്കുകയാണ് വേണ്ടത്. ഇന്ത്യക്ക് ഖത്തറുമായും മറ്റു ഗൾഫ് രാഷ്ട്രങ്ങളുമായുള്ള മികച്ച ബന്ധമുണ്ട്. അവിടങ്ങളിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ട്. ഇന്ത്യയുടെ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിയുടെ പകുതിയിലേറെയും ഖത്തറിൽനിന്നാണ്. ഇൗ സാഹചര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ മോദി സർക്കാർ തയ്യാറാകണം. ഇത്തരം അക്രമം ആവർത്തിക്കാതിരിക്കാൻ ഇസ്രയേലിനുമേൽ ഇന്ത്യ സമ്മർദം ചെലുത്തുകയും വേണം. ഹമാസിനെ പൂർണമായി ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേൽ ആവർത്തിക്കുന്നുണ്ടെങ്കിലും സാധാരണ മനുഷ്യരാണ് ഇരയാകുന്നത്. കടുത്ത മനുഷ്യാവകാശലംഘനങ്ങൾ ഗാസയിൽ തുടർന്നിട്ടും ഇസ്രയേലിനെ ഒന്നിച്ചുനിന്ന് എതിർക്കാൻ പശ്ചിമേഷ്യയിലെ പ്രധാനപ്പെട്ട രാജ്യങ്ങളൊന്നും തയ്യാറായിരുന്നില്ല. ആഗോളസമാധാനത്തിന് ഗൗരവഭീഷണി ഉയർത്തുന്ന ഇസ്രയേലിനും ശക്തിസ്രോതസ്സായ യുഎസിനും താക്കീത് നൽകാൻ എല്ലാ രാഷ്ട്രങ്ങളും ഒന്നിക്കേണ്ട സമയമാണിത്.









0 comments