വി ഡി സതീശന്റെ മണ്ഡലത്തിലെ വർഗീയകൂട്ടുകെട്ട് തള്ളാതെ കോൺഗ്രസ്

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സ്വന്തം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതയുമായി പരസ്യ കൂട്ടുകെട്ട്. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ രണ്ട് സീറ്റുകളാണ് ജമാഅത്തെ ഇസ്ലാമിക്ക് നൽകിയിരിക്കുന്നത്. 18-ാം വാർഡിൽ ജമാഅത്തെ ഇസ്ലാമിയുടെ കെ കെ നാസറിനെ യുഡിഎഫ് സ്വന്ത്രനാക്കിയും 9ാം വാർഡിൽ ജഅമാത്തെ ഇസ്ലാമിയുടെ പലിശ രഹിത സ്ഥാപനത്തിൻ്റെ സെക്രട്ടറിക്ക് കൈപ്പത്തി ചിഹ്നം നൽകിയുമാണ് മത്സരിപ്പിക്കുന്നത്. അതേസമയം, പരസ്‌പരസഹായ സംഘമായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായി വിവിധ വാർഡുകളിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. ഇവിടങ്ങളിൽ ബിജെപി വോട്ട് വാങ്ങി അവരാവശ്യപ്പെട്ട സ്ഥലങ്ങളിൽ കോൺഗ്രസ് വോട്ട് മറിക്കാനുമാണ് ധാരണ.
തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ രൂപംകൊടുത്ത വർഗീയകൂട്ടുകെട്ട് തള്ളാതെ ന്യായീകരണങ്ങൾ ചമയ്ക്കുകയാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ് നാടിന് അപകടകരമായ കോൺഗ്രസിന്റെ നീക്കം. വി ഡി സതീശന്റെ മണ്ഡലമായ പറവൂരാണ് പ്രധാന പരീക്ഷണശാല. പറവൂരിലെ കൂട്ടുകെട്ടിനെക്കുറിച്ച് വാർത്താസമ്മേളനത്തിൽ ചോദ്യം ഉയർന്നപ്പോൾ പ്രാദേശികമായി ഏതെങ്കിലും സ്ഥലത്ത് മണ്ഡലം കമ്മിറ്റികൾ തീരുമാനിച്ച പൊതുസ്ഥാനാർഥികൾ മത്സരിക്കുന്നുണ്ടാകുമെന്നായിരുന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ മറുപടി. വെൽഫെയർ, എസ്‌ഡിപിഐ പാർടികളെ മുന്നണിയിൽ എടുത്തിട്ടില്ലെന്ന് ആവർത്തിക്കുകയും ചെയ്‌തു.
ധാരണയുള്ള സ്ഥലങ്ങളിൽ വെൽഫെയർ പാർടിയും എസ്‌ഡിപിഐയും ശക്തിതെളിയിച്ചാൽ പരസ്യമായി അംഗീകരിച്ച് ഒൗദ്യോഗിക ഘടകക്ഷിയാക്കാനാണ് സതീശന്റെയും കൂട്ടരുടെയും തീരുമാനം. വെൽഫെയർ പാർടി സഖ്യത്തെ എതിർക്കുന്നവർ നിലവിൽ കോൺഗ്രസിലും മുസ്ലിംലീഗിലുമുണ്ട്. നിലവിൽ ഒൗദ്യോഗികമായി ധാരണയുണ്ടാക്കിയാൽ തിരിച്ചടിയുണ്ടാകുമെന്നും സതീശനും കൂട്ടരും ഭയക്കുന്നു. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടായാൽ അതുയർത്തി പാർടിക്കുള്ളിലെ എതിർചേരിയുടെ അതൃപ്‌തി നീക്കാമെന്നാണ് മനസ്സിലിരുപ്പ്. ബിജെപിയുമായും ആർഎസ്‌എസുമായും സതീശനുള്ള ആത്മബന്ധമാണ് വളരെ വേഗത്തിൽ ധാരണ രൂപപ്പെടുത്താൻ സഹായകരമായത്. അതേസമയം, പറവൂരിൽ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികൾ തമ്മിൽ ചേരിപ്പോരും രൂക്ഷമാണ്.








0 comments