രാഹുലിന് ക്രിമിനൽ പശ്ചാത്തലം; പ്രോസിക്യൂഷൻ നിരത്തിയത് ശക്തമായ വാദങ്ങൾ

തിരുവനന്തപുരം: രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളിയാണെന്നും രാഹുലിന്റെ ലാപ്‌ടോപ്പിൽ നിന്ന് വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. യുവതിയുടെ ചിത്രങ്ങളടക്കം ലാപ്‌ടോപ്പിലുണ്ട്. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിൽ വിവരങ്ങൾ പങ്കുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈശ്വറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്.
വീഡിയോകൾ പരിശോധിച്ച ശേഷമാണ് ജഡ്ജി രാഹുലിനെ റിമാൻഡ് ചെയ്തത്. ഡിസംബർ 15 വരെയാണ് റിമാൻഡ് ചെയ്തത്. പൊലീസ് ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങൾ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ അവസരത്തിൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി അറിയിച്ചു. രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്കു കൊണ്ടുപോയി. ജയിലിൽ നിരാഹാരസമരം ഇരിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. അറസ്റ്റ് നിയമപരമല്ലെന്നും പിടികൂടി കഴിഞ്ഞാണ് നോട്ടിസ് നൽകിയതെന്നും രാഹുൽ കോടതിയെ അറിയിച്ചു. എന്നാൽ നോട്ടിസ് കൈപ്പറ്റിയില്ലെന്നും അതിജീവിതയെ മോശമാക്കുന്ന രീതിയിൽ രാഹുൽ പ്രവർത്തിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.








0 comments