ad
Deshabhimani

print edition സമാധാനത്തിന് 
അമേരിക്കയെ ഒറ്റപ്പെടുത്തണം

editorial.
വെബ് ഡെസ്ക്

Published on Apr 24, 2026, 12:00 AM | 2 min read

അമേരിക്കയും ഇസ്രയേലും ചേർന്ന്‌ ഇറാനിൽ ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യയിൽ ആരംഭിച്ച നിലവിലെ സംഘർഷം ഇന്ന്‌ എട്ടാഴ്‌ച പിന്നിടുകയാണ്‌. ഏതാനും ദിവസങ്ങൾക്കകം, അല്ലെങ്കിൽ അഞ്ചോ ആറോ ആഴ്‌ചയ്‌ക്കകം ലക്ഷ്യംകണ്ട്‌ യുദ്ധം അവസാനിപ്പിക്കുമെന്നാണ്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തുടക്കത്തിൽ പറഞ്ഞിരുന്നത്‌. ഇതിനിടെ ഏപ്രിൽ എട്ടിന്‌ രണ്ടാഴ്‌ചത്തേക്ക്‌ വെടിനിർത്തലിൽ എത്തിയിരുന്നെങ്കിലും ബുധനാഴ്‌ചയോടെ അത്‌ അവസാനിച്ചു. ട്രംപ്‌ വെടിനിർത്തൽ നീട്ടിയിട്ടുണ്ടെങ്കിലും അമേരിക്ക പ്രകോപനപരമായ നടപടികൾ തുടരുന്നതിനാൽ പാകിസ്ഥാന്റെ മാധ്യസ്ഥ്യത്തിൽ തുടങ്ങിവച്ച ചർച്ച പുനരാരംഭിക്കാൻ ഇറാൻ വിസമ്മതിക്കുകയാണ്‌. ഇറാന്റെ തുറമുഖങ്ങൾക്ക്‌ ഉപരോധം ഏർപ്പെടുത്തിയതാണ്‌ പ്രധാന പ്രശ്‌നം. ലെബനനിൽ ഇസ്രയേൽ തുടർന്നുവരുന്ന അതിക്രമങ്ങളും വെടിനിർത്തൽ ധാരണയുടെ ലംഘനംതന്നെയാണ്‌. ഇടയ്‌ക്ക്‌ അമേരിക്ക ഇടപെട്ട്‌ ഇസ്രയേലിനെ തടഞ്ഞിരുന്നെങ്കിലും ബുധനാഴ്‌ചയും വനിതാ മാധ്യമപ്രവർത്തക അടക്കം അഞ്ചുപേർ ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സമാധാനം ആഗ്രഹിക്കുന്ന ലോകത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ സഹായിക്കുന്നതല്ല മേഖലയിൽനിന്നുള്ള റിപ്പോർട്ടുകൾ.


​ട്രംപ്‌ വെടിനിർത്തൽ നീട്ടിയശേഷവും ഹോർമുസ്‌ കടലിടുക്കിലൂടെ കടത്താൻ ശ്രമിച്ച രണ്ടു കപ്പലുകൾ ഇറാൻ പിടിച്ചെടുത്തു. ഹോർമുസിലൂടെ കടത്തിവിടുന്ന കപ്പലുകളിൽനിന്ന്‌ ഇറാൻ ടോൾ പിരിച്ചുതുടങ്ങി എന്ന റിപ്പോർട്ടും വ്യാഴാഴ്‌ച പുറത്തുവന്നിട്ടുണ്ട്‌. ഇറാന്റെ നിയന്ത്രണത്തിലുള്ള കടലിടുക്കിലൂടെ, ഫെബ്രുവരി 28ന്‌ ആക്രമണം തുടങ്ങുംമുന്പുവരെ കപ്പൽഗതാഗതം സ്വതന്ത്രവും സുരക്ഷിതവുമായിരുന്നു. യാങ്കി–സയണിസ്റ്റ്‌ സാമ്രാജ്യത്വ സഖ്യം യുദ്ധം അടിച്ചേൽപ്പിക്കുകയും തങ്ങളെ വരിഞ്ഞുമുറുക്കുകയും ചെയ്‌തതോടെയാണ്‌ ലോകത്തെ ഇന്ധനനീക്കത്തിന്റെ പ്രധാന സമുദ്രപാതകളിലൊന്നായ ഹോർമുസ്‌ കടലിടുക്ക്‌ ഇറാൻ അടച്ചത്‌. ഇറാനിൽ ഭരണമാറ്റവും അവരുടെ ആണവപദ്ധതി അവസാനിപ്പിക്കലും പ്രധാന ലക്ഷ്യങ്ങളായി പ്രഖ്യാപിച്ച്‌ യുദ്ധത്തിനിറങ്ങിയ ട്രംപിന്‌ അതോടെ ഹോർമുസ്‌ തുറക്കലായി പ്രധാന ആവശ്യം. എന്നാൽ, ഇനി ഹോർമുസ്‌ തങ്ങളുടെ പൂർണനിയന്ത്രണത്തിലായിരിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള ഇറാൻ അവിടെ ടോൾ പിരിക്കാൻ തുടങ്ങിയതോടെ അമേരിക്ക കൂടുതൽ വെട്ടിലായി. ഹോർമുസിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കാൻ ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ്‌ അമേരിക്കൻ പ്രതിരോധവകുപ്പ്‌ കണക്കാക്കുന്നത്‌.


​പലസ്‌തീൻ ജനതയെ അവരുടെ നാട്ടിൽനിന്ന്‌ പൂർണമായി തുരത്താനും മേഖലയിലാകെ സന്പ‍ൂർണ രാഷ്‌ട്രീയ ആധിപത്യം സ്ഥാപിക്കാനും ആഗ്രഹിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഉറപ്പ്‌ വിശ്വസിച്ചാണ്‌ ട്രംപ്‌ കെണിയിൽ ചാടിയതെന്ന്‌ സ്ഥിരീകരിക്കുന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നു. ഇറാൻ നേതൃത്വത്തെ ഉന്മൂലം ചെയ്യൽ, അവരുടെ പ്രതിരോധശേഷി തകർക്കൽ, ‘ജനകീയ’ പ്രക്ഷോഭം ഉയർത്തൽ, ഭരണമാറ്റം നടപ്പാക്കൽ എന്നിങ്ങനെ നാലു ഭാഗങ്ങളുള്ള പദ്ധതിയാണ്‌ ഫെബ്രുവരി 11ന്‌ ട്രംപും മറ്റു പ്രധാന അമേരിക്കൻ നേതാക്കളും പങ്കെടുത്ത യോഗത്തിൽ നെതന്യാഹു അവതരിപ്പിച്ചത്‌. അമേരിക്കൻ രാഷ്‌ട്രീയ–സൈനിക–രഹസ്യാന്വേഷണ നേതൃത്വം വിശദമായി ചർച്ച ചെയ്‌തപ്പോൾ ചില ലക്ഷ്യങ്ങൾ അപ്രായോഗികമെന്ന്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നെങ്കിലും അത്‌ അവഗണിച്ച്‌ ആക്രമണപദ്ധതിയുമായി മുന്നോട്ടുപോകാൻ ട്രംപ്‌ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ട്രംപ്‌ പ്രതീക്ഷിച്ചതൊന്നുമല്ല സംഭവിച്ചത്‌.


​വിജയം അവകാശപ്പെട്ട്‌ എങ്ങനെയും യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക്‌ ഉടനെയൊന്നും സാധിക്കില്ലെന്നാണ്‌ വാർത്തകൾ സൂചിപ്പിക്കുന്നത്‌. താൻ പ്രതീക്ഷിച്ച സഹായം യൂറോപ്യൻ കൂട്ടാളികളിൽനിന്നുപോലും ലഭിക്കാതിരുന്നതിനാലാണ്‌ ട്രംപ്‌ രണ്ടാഴ്‌ചമുന്പ്‌ വെടിനിർത്തൽ പ്രഖ്യാപിച്ചത്‌. എന്നാൽ, അപ്പോഴും യാഥാർഥ്യവുമായി പൊരുത്തമൊന്നുമില്ലാത്ത വീരവാദങ്ങൾക്ക്‌ കുറവുണ്ടായില്ല. അറബ്‌ രാജ്യങ്ങളെയുംമറ്റും ഉപയോഗിച്ച്‌ ഇറാനെതിരെ സമ്മർദം ശക്തമാക്കാനും ട്രംപ്‌ ശ്രമിക്കുന്നുണ്ട്‌. ഇന്ത്യൻ പത്രങ്ങളിലടക്കം അറബ്‌ നയതന്ത്രപ്രതിനിധികൾ എഴുതുന്നത്‌ ഇതിന്റെ ഭാഗമാണ്‌. ഇത്തരം കുതന്ത്രങ്ങൾ അവസാനിപ്പിച്ച്‌ സമാധാനത്തിന്‌ സഹായകമായ നിലപാടെടുക്കാൻ ട്രംപിനെ നിർബന്ധിതമാക്കാൻ ലോകത്തിന്‌ സാധിക്കണം. ഒരു കാര്യത്തിലും സ്ഥിരതയില്ലാത്ത ട്രംപിനെ വിശ്വസിക്കാനാകില്ലെന്നതാണ്‌ ഇന്ത്യയടക്കം ഭൂരിപക്ഷം രാജ്യങ്ങളുടെയും അനുഭവം. അമേരിക്ക നൽകുന്ന ഉറപ്പുകൾ പാലിക്കുമെന്നതിന്‌ എന്താണ്‌ ഉറപ്പ്‌ എന്നതാണ്‌ ഇറാൻ ഉന്നയിക്കുന്ന പ്രധാന ചോദ്യവും. ഇന്ത്യയടക്കം യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന മുഴുവൻ രാജ്യങ്ങളും അമേരിക്കയെ ഒറ്റപ്പെടുത്താൻ മുന്നോട്ടുവരികയാണ്‌ ഇ‍ൗ ആശങ്കയ്‌ക്ക്‌ പരിഹാരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home