print edition ഇന്ധനക്ഷാമം സൃഷ്ടിച്ചത് മോദി സർക്കാരിന്റെ യുഎസ് ദാസ്യ നയം

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് രൂപപ്പെട്ട ഇന്ധനക്ഷാമം സാധാരണ ജനജീവിതത്തെയും സാമ്പത്തികമേഖലയെയും ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഘർഷം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ എൽപിജി വിതരണത്തിൽ തടസ്സമുണ്ടാകുകയും വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിലയ്‌ക്കുകയും ചെയ്യുന്ന സ്ഥിതി എങ്ങനെയുണ്ടായി എന്നത് പരിശോധിക്കേണ്ടതാണ്. പ്രധാന നഗരങ്ങളിലെ ഭക്ഷണശാലകൾ അടച്ചുപൂട്ടലിലേക്ക് നീങ്ങി.
വാതകശ്മശാനങ്ങൾവരെ പ്രവർത്തനം നിർത്തേണ്ടിവന്നു. പശ്ചിമേഷ്യൻ സംഘർഷം മാത്രമല്ല ഈ പ്രതിസന്ധി സൃഷ്ടിച്ചത്; മോദിസർക്കാർ ഇത് വരുത്തിവച്ചതാണ്. കേന്ദ്രസർക്കാരിന്റെ ഭരണപരമായ വീഴ്ചയോടൊപ്പം തെറ്റായ വിദേശനയവും ഊർജനയവുമാണ് ഇൗ ദുരവസ്ഥയ്‌ക്ക് പ്രധാന കാരണം.
എൽപിജി ക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ചെറുകിട ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകൾ കടുത്ത പ്രതിസന്ധിയിലായി. വലിയ നഗരങ്ങളിൽ ഭക്ഷണശാലകൾ കൂട്ടത്തോടെ അടച്ചിടുന്നു. ഇന്ധനക്ഷാമം തുടർന്നാൽ രാസവളം നിർമാണം, വൈദ്യുതോൽപ്പാദനം, പെട്രോകെമിക്കൽ മേഖല തുടങ്ങി നിരവധി വ്യവസായങ്ങൾക്കും കനത്ത തിരിച്ചടിയാകും.
അതിന്റെ ആഘാതം കർഷകരിൽനിന്ന് സാധാരണ ഉപഭോക്താക്കളിലേക്കെല്ലാം വ്യാപിക്കും. എംഎസ്എംഇ മേഖലയടക്കമുള്ള വ്യാവസായികോൽപ്പാദനത്തിലും കയറ്റുമതിയിലും ഇത് പ്രത്യാഘാതം സൃഷ്ടിക്കും. പാചകവാതകക്ഷാമം ഏറ്റവും കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നത് കേരളത്തിലാണ്. വീടുകളിലും ഹോട്ടലുകൾ, ബേക്കറി എന്നുവേണ്ട എല്ലായിടത്തും നൂറ് ശതമാനവും പാചകവാതകത്തെയാണ് ആശ്രയിക്കുന്നത്. ഗാർഹിക കണക്‌ഷനുകളുടെ ബുക്കിങ് ഇടവേള 27 ദിവസമായി പരിമിതപ്പെടുത്തിയതും വാണിജ്യ സിലിണ്ടറുകൾ കിട്ടാനില്ലാത്തതും കേരളത്തെ ബുദ്ധിമുട്ടിലാക്കി. ആശുപത്രി കാന്റീനുകളും ഹോസ്റ്റലുകളും അടച്ചിടേണ്ട സ്ഥിതിയാണ്. സംസ്ഥാനത്ത് പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നു.
ഊർജസുരക്ഷ ഉറപ്പാക്കേണ്ടത് കേന്ദ്രസർക്കാരിന്റെ പ്രധാന ബാധ്യതയാണ്. എന്നാൽ, 90 ദിവസത്തെ ക്രൂഡോയിൽ കരുതൽശേഖരം ഉറപ്പാക്കുന്നതിൽപ്പോലും മോദിസർക്കാർ ഗുരുതരമായ വീഴ്ചവരുത്തി. അതിന്റെ ഫലമാണ് രാജ്യം അഭിമുഖീകരിക്കുന്ന ഇന്ധനക്ഷാമം. രാജ്യത്തെ എൽപിജി ലഭ്യതയുടെ 65 ശതമാനത്തിലേറെ ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. അതിൽ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. അതിനാൽ പശ്ചിമേഷ്യയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് കരുതൽശേഖരവും ബദൽനടപടികളും ഉറപ്പാക്കേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമായിരുന്നു. എന്നാൽ, അന്താരാഷ്ട്ര ഊർജ ഏജൻസി നിർദേശിച്ച 90 ദിവസത്തെ ക്രൂഡോയിൽ കരുതൽശേഖരംപോലും ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്നത് ഗുരുതര പരാജയമാണ്. ഫെബ്രുവരിയിൽ പെട്രോളിയം മന്ത്രി പാർലമെന്റിൽ അവകാശപ്പെട്ടത് 74 ദിവസത്തെ ശേഖരമുണ്ടെന്നാണ്. എന്നാൽ, സംഘർഷം തുടങ്ങിയശേഷം പറഞ്ഞത് 25 ദിവസത്തേക്കുള്ള ഇന്ധനശേഖരം ഉണ്ടെന്നായിരുന്നു.
ഇത് സംശയങ്ങൾക്ക് ഇടയാക്കുന്നു.
അമേരിക്കൻ സമ്മർദത്തെ തുടർന്ന് റഷ്യയിൽനിന്നുള്ള എണ്ണവാങ്ങൽ അവസാനിപ്പിച്ചതാണ് ഇന്ത്യയെ വേഗത്തിൽ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ നിഷ്പക്ഷത പാലിക്കാതെ യുഎസ്–ഇസ്രയേൽ കൂട്ടുകെട്ടിനൊപ്പം തുറന്ന നിലപാട് സ്വീകരിച്ചതും ഇന്ത്യയുടെ നയതന്ത്രസാധ്യതകൾ പരിമിതപ്പെടുത്തി. ഇറാനുമായി ചരിത്രപരമായ ബന്ധങ്ങൾ സൂക്ഷിച്ചിരുന്ന ഇന്ത്യ, അമേരിക്കൻ ആക്രമണത്തെ അപലപിക്കാൻപോലും തയ്യാറായില്ല. ചേരിചേരാനയത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യ, ഇന്ന് യുഎസ് താൽപ്പര്യങ്ങളോട് അടിമപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ് തുടങ്ങിയ ഇൗ അടിമപ്പെടൽ മോദിഭരണത്തിൽ പാരമ്യത്തിലെത്തി.
രാജ്യത്തിന്റെ ഊർജസുരക്ഷയും സാമ്പത്തികസ്വാതന്ത്ര്യവും സംരക്ഷിക്കാൻ സ്വതന്ത്രവും സമതുലിതവുമായ വിദേശനയമാണ് ആവശ്യമായത്. അന്താരാഷ്ട്രസമ്മർദങ്ങൾക്ക് വഴങ്ങി ദേശീയതാൽപ്പര്യങ്ങൾ അവഗണിക്കുന്ന സമീപനം തുടർന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾ ആവർത്തിക്കും. ഇപ്പോഴത്തെ അനുഭവം മോദിസർക്കാരിന് നൽകുന്നത്, യുഎസ്–ഇസ്രയേൽ ദാസ്യപ്പണി അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പാണ്.










0 comments