ad
Deshabhimani

നാലാമത്തെ സാമ്പത്തിക ശക്തിയെന്ന വാദം മറ്റൊരു ഗിമ്മിക്കുമാത്രം

edit
വെബ് ഡെസ്ക്

Published on Jan 02, 2026, 12:01 AM | 2 min read


​ജപ്പാനെ പിന്തള്ളിക്കൊണ്ട്‌ ഇന്ത്യ ലോകത്തെ നാലാമത്തെ വൻ സാമ്പത്തികശക്തിയായി മാറിയെന്നാണ്‌ മോദിസർക്കാർ അവകാശപ്പെടുന്നത്‌. എന്നാൽ, രാജ്യത്ത്‌ നിലനിൽക്കുന്ന സാമൂഹ്യ, സാമ്പത്തിക സ്ഥിതിവച്ച്‌ നോക്കുന്പോൾ യാഥാർഥ്യം ഇതിൽനിന്ന്‌ ഏറെ അകലെയാണ്‌. രാജ്യത്തിന്റെ യഥാർഥ സാമ്പത്തികസ്ഥിതിയും ജനങ്ങളുടെ ജീവിതനിലവാരവും കണക്കിലെടുക്കാതെയുള്ള മേനിനടിക്കൽമാത്രമാണ്‌ നാലാമത്തെ സാന്പത്തികശക്തി എന്ന പ്രഖ്യാപനം. 4.18 ലക്ഷം കോടി ഡോളറിന്റെ ജിഡിപി മൂല്യവുമായി ഇന്ത്യ ജപ്പാനെ മറികടന്നെന്നാണ്‌ കേന്ദ്രസർക്കാരിന്റെ വർഷാന്ത്യ സാന്പത്തിക അവലോകനത്തിലെ അവകാശവാദം. ഐഎംഎഫ്‌ ഒ‍ൗദ്യോഗിക റിപ്പോർട്ട്‌ പുറത്തുവരുന്നതിനുമുന്പാണ്‌ ഇ‍ൗ അവകാശവാദം ഉയർത്തിയിരിക്കുന്നത്‌. ഐഎംഎഫ്‌ റിപ്പോർട്ടുപ്രകാരം ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യ 144–ാംസ്ഥാനത്താണ്‌. 2024–25ൽ ഇന്ത്യയുടെ ആളോഹരി വരുമാനം 2,44,800 രൂപയാണ്‌. എന്നാൽ, ജപ്പാനിലെ ആളോഹരി വരുമാനം 29 ലക്ഷമാണ്‌. മൊത്തം ദേശീയവരുമാനംവച്ച് കണക്കാക്കിയാൽ ജനപ്പെരുപ്പത്തിൽ ഒന്നാംസ്ഥാനമുള്ളതുകൊണ്ട് നമ്മൾ മറ്റുള്ളവരെ മറികടക്കും. എന്നാൽ, ഒരു പൗരന്റെ വരുമാനമെടുത്താൽ നമ്മുടെ റാങ്ക് ഏറ്റവും താഴെയാണ്‌.


സാമ്പത്തികവളർച്ചയുടെ വേഗം ജനങ്ങളുടെ ക്ഷേമത്തിൽ പ്രതിഫലിക്കുന്നില്ല. മാനവവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 193 രാജ്യങ്ങളിൽ 130 ആണ്. സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 167-ൽ 99 ആണ്. ലോക പട്ടിണിസൂചികയിൽ 123 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 102 ആണ്. രാജ്യത്തുണ്ടാകുന്ന സമ്പത്ത് വർധന ഒരു ചെറുന്യൂനപക്ഷത്തിന്റെ കൈകളിലേക്കാണ് പോകുന്നത്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ച് പാരിസിലെ വേൾഡ് ഇൻ ഇക്വാളിറ്റി ലാബിലെ സാമ്പത്തിക വിദഗ്ധരായ ലൂക്കാസ് ചാൻസൽ, റിക്കാർഡോ ഗോമസ്-കരേര, റൊവൈഡ മോഷ്രിഫ്, തോമസ് പിക്കറ്റി എന്നിവർ എഡിറ്റ് ചെയ്ത വേൾഡ് ഇൻ ഇക്വാളിറ്റി റിപ്പോർട്ട്‌– 2026ലെ വിശദാംശങ്ങൾ കടുത്ത ആശങ്കയുളവാക്കുന്നതാണ്. ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് റിപ്പോർട്ട് പറയുന്നു. അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ കൈയിലാണ് സമ്പത്തിന്റെ 40 ശതമാനവും. ഏറ്റവും താഴെത്തട്ടിലുള്ള 50 ശതമാനത്തിന്റെ പക്കൽ സമ്പത്തിന്റെ രണ്ട് ശതമാനംമാത്രമാണുള്ളത്‌. ജനസംഖ്യയിലെ വലിയ ഭാഗത്തിന്, അതായത് ഏകദേശം 90 ശതമാനത്തിനും തങ്ങളുടെ ഇഷ്ടപ്രകാരമുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും വിനിയോഗിക്കുന്നതിന് ശേഷിയില്ലെന്നാണ് അടുത്തിടെ വന്ന മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വർധിച്ചുവരുന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം, ജീവിതച്ചെലവിലെ വർധന, വേതനക്കുറവ് തുടങ്ങിയ ഘടകങ്ങൾ കാരണം വാങ്ങൽശേഷിയിൽ കുറവുണ്ടാകുന്നു. സാമ്പത്തികമായ അസന്തുലിതാവസ്ഥ സാമൂഹികനീതിയുടെ എല്ലാ മാനകങ്ങളെയും മറികടക്കുന്ന രീതിയില്‍ വളർന്നുവരുന്നു.


ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ ഒട്ടും ആശാവഹമല്ല. അന്താരാഷ്ട്ര നാണയനിധി തങ്ങളുടെ വാർഷിക അവലോകനത്തിൽ ഇന്ത്യയുടെ ജിഡിപി വിവരങ്ങൾക്ക് ‘സി’ ഗ്രേഡാണ് നൽകിയത്. ഇതിനർഥം രാജ്യത്തിന്റെ സാമ്പത്തികക്കണക്കുകൾ വിശ്വസനീയമല്ല എന്നുതന്നെയാണ്. ലഭ്യമായ വിവരങ്ങളിലെ അവ്യക്തതകളും പോരായ്മകളും സമ്പദ്‌വ്യവസ്ഥയുടെ കൃത്യമായ ചിത്രം അസാധ്യമാക്കുന്നു. ഐഎംഎഫ്‌ സാന്പത്തികവിവരങ്ങൾ സ്വന്തമായി ശേഖരിച്ച്‌ റിപ്പോർട്ട്‌ തയ്യാറാക്കാറില്ല. കേന്ദ്രസർക്കാർ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്‌. രാജ്യത്തിന്റെ സന്പദ്‌ഘടന, സാന്പത്തിക സൂചകങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പല നിർണായകവിവരങ്ങളും ലഭ്യമല്ല. ലഭ്യമായ വിവരങ്ങൾ വിശ്വാസ്യയോഗ്യവുമല്ല. മോദിഭരണത്തിൻ ഇന്ത്യയുടെ സമ്പദ്ഘടന താഴേക്ക് പോകുകയാണ്. വിവിധ മേഖലകളിൽ തുടർച്ചയായ മാന്ദ്യം ഉണ്ടായിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രധാന സൂചകങ്ങളെല്ലാം മാന്ദ്യമാണ് രേഖപ്പെടുത്തുന്നത്. തൊഴിൽസാഹചര്യങ്ങളിലെയും ബാങ്ക് വായ്പവളർച്ചയിലെയും ഇടിവ്, കാർഷികമേഖലയിലെ സ്തംഭനാവസ്ഥ, മിക്കവാറും എല്ലാ പ്രധാന വ്യവസായമേഖലകളിലെയും കയറ്റുമതി വളർച്ചയിലെയും മാന്ദ്യം എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്.


അന്താരാഷ്ട്രവിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് സാന്പത്തികപ്രതിസന്ധി രൂക്ഷമാക്കുന്നു. 2025 ജനുവരിമുതൽ ഡിസംബർ 31 കാലയളവിൽ യുഎസ് ഡോളറിനെതിരെ 4.9 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏഷ്യയിൽ ഏറ്റവും മോശം അവസ്ഥയിലുള്ള കറൻസിയായി ഇന്ത്യൻ രൂപ മാറിയെന്നാണ് വിലയിരുത്തൽ. മോദിസർക്കാരിന്റെ നയവെെകല്യങ്ങളും വിഭാഗീയ കാഴ്ചപ്പാടുകളുംകൊണ്ട് സാന്പത്തികമായും സാമൂഹ്യമായും അപരവൽക്കരിക്കപ്പെടുന്ന ജനതയുടെ നാടായി മാറുകയാണ് ഇന്ത്യ. കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന സ്ഥിതിവിവരക്കണക്കുകളിലൂടെ നാലാമത്തെ സാന്പത്തികശക്തിയായി ഇന്ത്യ മാറിയെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം മറ്റൊരു ഗിമ്മിക്കുമാത്രമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home