ഹൈക്കോടതി പരാമർശം മോദിസർക്കാരിന്റെ മുഖത്തേറ്റ അടി

കേരളത്തെയും ദുരന്തബാധിതരെയും നിരന്തരം അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മോദിസർക്കാരിന്റെ മുഖത്തേറ്റ ശക്തമായ അടിയാണ് കഴിഞ്ഞദിവസം കേരള ഹൈക്കോടതിയിൽനിന്നുണ്ടായ രൂക്ഷമായ പരാമർശങ്ങൾ. മോദിസർക്കാർ 2014ൽ അധികാരമേറ്റതുമുതൽ രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം തകർക്കാൻ പലവഴിയിൽ ശ്രമിക്കുകയാണ്. പ്രകൃതിദുരന്തങ്ങൾ നേരിടാൻ സഹായം നൽകുന്നതിൽമുതൽ വിദ്യാഭ്യാസമേഖലയിലെ വിവിധ വിഷയങ്ങളിൽവരെ പ്രതിപക്ഷപാർടികൾ നയിക്കുന്ന സംസ്ഥാന സർക്കാരുകളോട് അനീതി കാട്ടുന്നു. ഇതിനെതിരെ പലതവണ സുപ്രീംകോടതി ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടും നിലപാട് മാറ്റാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. ഇൗ സാഹചര്യത്തിലാണ്, മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാൻ കഴിയില്ല എന്നല്ല; അതിനുള്ള മനസ്സില്ല എന്ന് ജനങ്ങളോട് തുറന്നുപറയാൻ കേന്ദ്രസർക്കാരിന് ധെെര്യമുണ്ടോയെന്ന് ഹെെക്കോടതി ഉന്നയിച്ച ചോദ്യം പ്രസക്തമാകുന്നത്. ദുരന്തബാധിതരോട് ചിറ്റമ്മനയം വേണ്ടെന്നും കെെയിലുള്ള അധികാരങ്ങൾ മറച്ചുവച്ച് ആരെയാണ് വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. മഹാദുരന്തവേളയിലും തുടർന്നും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ക്രൂരമായ സമീപനമാണ് ഉണ്ടായത്. ഉറ്റവരുൾപ്പെടെ എല്ലാം നഷ്ടപ്പെട്ട് വേദനയുടെ തീക്കനലുകളുമായി കഴിയുന്നവരോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായ നിലപാടാണ് ഓരോ കാര്യത്തിലും കൈക്കൊണ്ടത്.
ദുരന്തബാധിതർക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജിയിൽ കേരള ഹൈക്കോടതി പലതവണ കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയിട്ടും നിലപാട് മാറ്റാൻ തയ്യാറായില്ല. വായ്പകൾ എഴുതിത്തള്ളാൻ വ്യവസ്ഥയില്ലെന്നും റിസർവ് ബാങ്കിന്റെയടക്കം അധികാരങ്ങളിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും കേന്ദ്രസർക്കാർ നിലപാട് ആവർത്തിച്ചപ്പോഴാണ് ഹെെക്കോടതി ആഞ്ഞടിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം തള്ളിക്കളഞ്ഞ കോടതി, കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാത്ത കേന്ദ്രസർക്കാർ ഗുജറാത്ത്, ഹരിയാന, അസം അടക്കം മറ്റ് സംസ്ഥാനങ്ങൾക്ക് കോടികൾ വാരിക്കോരി കൊടുക്കുന്നത് എങ്ങനെയെന്നുമുള്ള ചോദ്യവും ഉന്നയിച്ചു. ഇത്, കേരളത്തോട് മോദിസർക്കാർ കാട്ടുന്ന അവഗണന തുറന്നുകാട്ടുന്നതായി. കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതാണെന്നും പൗരന്മാരെ അന്യഗ്രഹജീവികളായി കാണാനാകില്ലെന്നും ഇത് ഒന്നിന്റെയും അവസാനമല്ലെന്നും കോടതി പറഞ്ഞു. ‘കേന്ദ്രത്തിന്റെ കാരുണ്യം ദുരന്തബാധിതര്‍ക്ക് വേണ്ട. ഭരണഘടനയുടെ ആർട്ടിക്കിൾ 73 പ്രകാരം പാർലമെന്റിനുള്ള അധികാരങ്ങൾ അറിയില്ലേ. ഇതാണ് മനോഭാവമെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടിവരു’മെന്നും കോടതി മുന്നറിയിപ്പ് നൽകി.
ദുരന്തനിവാരണനിയമത്തിന്റെ 13–-ാം വകുപ്പുപ്രകാരം ദുരന്തബാധിതരുടെ എല്ലാ വായ്പകളും എഴുതിത്തള്ളണമെന്ന് സംസ്ഥാന സർക്കാർ തുടക്കംമുതലേ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര, ധന മന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു. എന്നാൽ, എഴുതിത്തള്ളില്ലെന്ന നിലപാടാണ് കേന്ദ്രം ആവർത്തിച്ച് സ്വീകരിച്ചത്. കോർപറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ എഴുതിത്തള്ളാൻ ഒരു മടിയും കാണിക്കാത്ത കേന്ദ്രസർക്കാർ, ദുരന്തബാധിതരോട് കാണിക്കുന്നത് കൊടുംക്രൂരതയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ 15 ലക്ഷത്തോളം കോടി രൂപയുടെ കോർപറേറ്റ് വായ്‌പകളാണ് പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത്. രാജ്യത്ത് ഇതുവരെ സംഭവിച്ചതിൽ ഏറ്റവും വലിയ ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നും അധികസഹായം നൽകാനാകില്ലെന്നുമുള്ള നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചു. അഞ്ചുമാസത്തിനുശേഷം അതിതീവ്ര ദുരന്തമാണെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രത്യേകസഹായം നൽകിയില്ല. ഒടുവിൽ ഹൈക്കോടതിയുടെ തുടർച്ചയായ ഇടപെടലും എൽഡിഎഫിന്റെ ശക്തമായ പ്രതിഷേധവും ഉയർന്നപ്പോൾ ഫെബ്രുവരി രണ്ടാംവാരം 529.8 കോടി രൂപ മൂലധനവായ്‌പയായി അനുവദിച്ച് മാർച്ച് 31നകം ചെലവഴിക്കണമെന്ന നിബന്ധന വച്ചു. കോടതി വീണ്ടും ഇടപെട്ടപ്പോൾ ഇൗ മാനദണ്ഡത്തിൽ മാറ്റംവരുത്തി.
മുണ്ടക്കൈ ഉരുൾപൊട്ടലിനുശേഷമുള്ള ദുരിതാശ്വാസത്തിനും പുനർനിർമാണത്തിനുമായി കേന്ദ്രസർക്കാർ രണ്ടാഴ്‌ചമുന്പ് 260.56 കോടിമാത്രമാണ് അനുവദിച്ചത്. പുനർനിർമാണത്തിനടക്കം 2221.03 കോടിയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കേരളത്തോട് അനീതികളുടെ പരമ്പര തുടരുകയാണ് കേന്ദ്രസർക്കാർ. യുഡിഎഫും ബിജെപിയും മിക്കപ്പോഴും കേന്ദ്രനിലപാടിന് പ്രോത്സാഹനം നൽകുന്ന പ്രതികരണങ്ങളാണ് നടത്തുന്നത്. എൽഡിഎഫ് സർക്കാരിനോടുള്ള രാഷ്‌ട്രീയ എതിർപ്പ് കാരണം, സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുന്നതിന് കൂട്ടുനിൽക്കുകയാണ് പ്രതിപക്ഷപാർടികൾ. രാഷ്‌ട്രീയവിഷയമായി കാണുകയല്ല, ദുരന്തബാധിതരെ മെച്ചപ്പെട്ട നിലയിൽ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ എല്ലാവരും ഒറ്റക്കെട്ടായി ശബ്ദിക്കുകയാണ് വേണ്ടത്.










0 comments