ad
Deshabhimani

print edition വേവുന്ന വേനൽ

editorial.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 25, 2026, 12:00 AM | 2 min read

താപമാപിനിയിലെ സൂചിക നാൽപ്പതിലും മുകളിൽ എത്തുമ്പോൾ വേനൽച്ചൂടിന്റെ കാഠിന്യം കൊണ്ട്‌ പൊറുതിമുട്ടുകയാണ്‌ രാജ്യം. ഇന്ത്യയടക്കമുള്ള ഉഷ്‌ണമേഖലാ രാജ്യങ്ങളിൽ സൂര്യപ്രകാശം നേരിട്ടുപതിക്കുന്ന ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ചൂട്‌ അസഹ്യമാകും. സമുദ്രസാമീപ്യം കൊണ്ടുള്ള ഇ‍ൗർപ്പം കേരളത്തിൽ ചൂടിന്റെ ആഘാതം ഇരട്ടിയാക്കുന്നു. കേരളത്തിന്റെ നേരെ മുകളിലൂടെയാണ്‌ ഇ‍ൗ സമയങ്ങളിൽ ഉത്തരാർധഗോളത്തിലേക്കുള്ള സൂര്യസഞ്ചാരം. അതുകൊണ്ടുതന്നെ സൂര്യാതപം നമുക്കുമേൽ നേരിട്ട്‌ പതിക്കും.


മേഘാവരണമില്ലെന്നതിനാൽ ചൂടിന്റെ വീര്യമേറും; അന്തരീക്ഷതാപം കൂടും. കാലാവസ്ഥാവ്യതിയാനം കാരണമുള്ള ഉഷ്‌ണതരംഗം കൂടുതൽ ശക്തവും ദൈർഘ്യമേറിയതുമായിട്ടുണ്ട്. ഇതെല്ലാം ചേർന്ന്‌ വേനൽക്കാലം പകൽ പുറത്തിറങ്ങാൻ കഴിയാത്തവിധം അസഹനീയമായി തുടരുന്നു.

ഉയർന്ന അൾട്രാവയലറ്റ്‌ സൂചിക, രാത്രിയിലെ വർധിച്ച താപനില എന്നിവയെല്ലാം ഇ‍ൗ വേനൽവേവിനെ കൂടുതൽ കഠിനമാക്കുന്നു. വേനൽമഴ ലഭിച്ചില്ലെങ്കിൽ ഏപ്രിലിനേക്കാൾ ക്ലേശകരമാകും മെയ്‌. പ്രീ മൺസൂൺ കാലത്ത്‌ ഇപ്പോൾത്തന്നെ വേനൽമഴയുടെ ഗണ്യമായ കുറവ്‌ രേഖപ്പെടുത്തിയിരിക്കുന്നു. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്‌ ഇ‍ൗ സാഹചര്യം കണക്കിലെടുത്താണ്‌.


​കേരളത്തിൽ സൂര്യാഘാതമേറ്റുണ്ടാകുന്ന ഗുരുതരമായ അസ്വാസ്ഥ്യങ്ങൾ മരണത്തിലേക്ക്‌ നയിക്കുമെന്നാണ്‌ കഴിഞ്ഞദിവസം കണ്ണൂരിൽനിന്നുള്ള വാർത്തകൾ നമ്മോട്‌ പറഞ്ഞത്‌. ചക്കരക്കല്ലിൽ കിണർ വൃത്തിയാക്കാനിറങ്ങിയ എം വി സനൽകുമാറെന്ന യുവാവ്‌ സൂര്യാഘാതമേറ്റു മരിച്ചത്‌ കേരളം കൂടുതൽ ജാഗ്രതപ്പെടേണ്ടതുണ്ടെന്ന സന്ദേശം നൽകുന്നു. പകൽ 11 മുതൽ മൂന്നുവരെ പുറത്തുള്ള തൊഴിലുകളിൽ ഏർപ്പെടുന്നതും നേരിട്ട്‌ വെയിലേൽക്കുന്നതും ഒഴിവാക്കണം. അനാവശ്യ യാത്രകളും ഒഴിവാക്കണം. ഇ‍ത്‌ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തേണ്ടത്‌ അനിവാര്യമാണ്‌. സെൽഫ്‌ ലോക്ക്‌ഡ‍ൗൺ സമയമായി ഇതിനെ കാണണമെന്ന്‌ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്‌. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കാനും നിർജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാനും ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്‌ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും നിർദേശമുണ്ട്‌. പ്രത്യേകിച്ച് ഹൃദ്‌രോഗം, പ്രമേഹം, ചർമരോഗങ്ങൾ, അർബുദം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവരും ആൽബനിസം തുടങ്ങിയ അവസ്ഥയിലുള്ളവരും വെയിലുള്ളപ്പോൾ പുറത്തിറങ്ങുന്നത്‌ നിർബന്ധമായും ഒഴിവാക്കണം.


​ഇതുകൂടാതെയാണ്‌ പാമ്പുകൾ സൃഷ്‌ടിക്കുന്ന ഭീഷണി. സംസ്ഥാനത്ത്‌ വിലപ്പെട്ട മൂന്നു ജീവനുകളാണ്‌ കഴിഞ്ഞദിവസം പാമ്പുകടിമൂലം നഷ്‌ടപ്പെട്ടത്‌. തൃശൂരിലും തിരുവനന്തപുരത്തും രണ്ടു കുട്ടികളും ആലപ്പുഴയിൽ ഒരു യുവതിയുമാണ്‌ പാമ്പുകടിയേറ്റു മരിച്ചത്‌. വനംവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലും സർപ്പ വളന്റിയർമാരുടെ സേവനസന്നദ്ധതയും വഴി കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞത്‌ അഭിമാനകരവും ആശ്വാസകരവുമാണ്‌. എങ്കിലും ഇ‍ൗ കൊടുംചൂടിൽ പാമ്പുകൾ പുറത്തിറങ്ങാനും പാമ്പുകടിയേൽക്കാനുമുള്ള സാധ്യത സാധാരണയുള്ളതിനേക്കാൾ കൂടുതലാണെന്നിരിക്കെ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.


​പാമ്പുകൾ എളുപ്പത്തിൽ ആകർഷിക്കപ്പെടാതിരിക്കാൻ വീടിനു ചുറ്റുമുള്ള മാളങ്ങൾ, വിള്ളലുകൾ, പൊത്തുകൾ, ചപ്പുചവറുകൾ, കുറ്റിക്കാടുകൾ, വലിയ കല്ലുകൾ എന്നിവ നീക്കം ചെയ്യേണ്ടതുണ്ട്‌. ഭക്ഷണാവശിഷ്‌ടങ്ങളിൽ എലികൾ എത്തുന്നതും വീടുകളിൽ പക്ഷികളെ വളർത്തുന്നതും പാമ്പുകളെ ആകർഷിക്കാൻ കാരണമാകും. ഇത്തരം സാഹചര്യങ്ങളും ഒഴിവാക്കേണ്ടതുണ്ട്‌. പാമ്പുകടിയേറ്റാൽ ഒറ്റമൂലികൾക്കും മുറിവൈദ്യന്മാരുടെ ചികിത്സയ്‌ക്കും കാത്തുനിൽക്കാതെ അതിവേഗം ആന്റിവെനം സൗകര്യമുള്ള ഏറ്റവും അടുത്ത ആശുപത്രിയിൽ രോഗിയെ എത്തിക്കണം. സർപ്പ മൊബൈൽ ആപ്ലിക്കേഷനെക്കുറിച്ചുള്ള അവബോധം എല്ലാവരിലും എത്തിക്കേണ്ടതും അനിവാര്യമാണ്‌.

​ചൂടിന്റെ അസഹ്യതയും പാമ്പുഭീഷണിയും നേരിടുന്നതിന്‌ സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കുക എന്നതാണ്‌ ഇ‍ൗ സാഹചര്യത്തിൽ ചെയ്യേണ്ട ഏറ്റവും പ്രധാനമായ കാര്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home