ഈ ഹൃദയമിടിപ്പിൽ അതിരറ്റ സ്നേഹതാളം

നേപ്പാൾ ഗഞ്ജിലെ മായാസദൻ അനാഥാലയത്തിലെ അന്തേവാസി ഇരുപത്തൊന്നുകാരി ദുർഗ കാമിയിൽ ഇപ്പോൾ തുടിക്കുന്നത് കൊല്ലം ചിറക്കര ഇടവട്ടത്തെ എസ് ഷിബുവിന്റെ ഹൃദയമാണ്. ദേശ അതിരുകൾ മായിച്ച മാനുഷികതയ്ക്ക്, ഹൃദയത്തിന്റെ കൈയൊപ്പ് ചാർത്തിയ എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് അഭിനന്ദനം. അവർ തുന്നിച്ചേർത്തത് രക്തം പമ്പുചെയ്യുന്ന അവയവം മാത്രമല്ല, അതിരുകളില്ലാത്ത മനുഷ്യത്വത്തെക്കുറിച്ചുള്ള സ്വപ്‌നംകൂടിയാണ്.
ഹൃദയഭിത്തികൾക്ക് കട്ടികൂടുന്നതുമൂലം രക്തം പമ്പുചെയ്യുന്നതിന്റെ അളവ് കുറയുന്ന കാർഡിയാക് സർക്കോയിഡോസിസ് ബാധിച്ചാണ് ദുർഗയുടെ അമ്മയും സഹോദരിയും മരിച്ചത്. അതേ രോഗബാധിതയായ ദുർഗ മലയാളിയായ ബെന്നി ചെറിയാൻ നടത്തുന്ന മായാസദൻ അനാഥാലയത്തിലെ അന്തേവാസിയായിരുന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ ഷാജൻ വർഗീസ് നേപ്പാൾയാത്രയ്ക്കിടെ അനാഥാലയം സന്ദർശിച്ചതാണ്, ഹൃദയമാറ്റ ശസ്ത്രക്രിയക്കായി ദുർഗ കാമി ഇന്ത്യയിലെത്തുന്നതിന് വഴിയൊരുക്കിയത്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിൽ പേര് രജിസ്റ്റർ ചെയ്തെങ്കിലും പരിഗണന കിട്ടാൻ വിദേശി എന്നത് തടസ്സമായി. സംസ്ഥാനം, മേഖല, ദേശീയം എന്ന ക്രമത്തിൽ സ്വദേശികൾ കഴിഞ്ഞിട്ടുമാത്രമേ വിദേശികൾക്ക് അവയവസ്വീകരണത്തിന് പരിഗണന കിട്ടൂ എന്നതാണ് കേന്ദ്രനിയമം. രോഗിക്ക് ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്ന ജനറൽ ആശുപത്രിയിലെ മെഡിക്കൽ ബോർഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ദുർഗയുടെ കേസ് അടിയന്തരമായി പരിഗണിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ചാത്തന്നൂർ ഇടവട്ടം ഷിജി നിവാസിൽ ഷിബുവിന്റെ അവയവങ്ങൾ ദാനംചെയ്യാൻ ബന്ധുക്കൾ അനുവാദം കൊടുത്തതോടെ ഒരുവർഷത്തെ ദുർഗ കാമിയുടെ കാത്തിരിപ്പിന് വിരാമമാകുകയായിരുന്നു. ഹൃദയം ലഭിക്കാൻ സാധ്യത തെളിഞ്ഞതോടെ കേരള സർക്കാരും ആരോഗ്യവകുപ്പും സർവസന്നാഹങ്ങൾ ഒരുക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോർജ് നടപടികൾക്ക് നേതൃത്വം വഹിച്ചു. തിങ്കൾ രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജൻ ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിൽ ഹൃദയശസ്ത്രക്രിയ തുടങ്ങി. പകൽ രണ്ടോടെ ഷിബുവിന്റെ ഹൃദയവുമായി ഡോക്ടർമാരുടെ സംഘം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് പറന്നു. മൂന്നാകാൻ പത്തു മിനിറ്റുള്ളപ്പോൾ ബോൾഗാട്ടിയിൽ ഇറങ്ങിയ മെഡിക്കൽ സംഘം ആംബുലൻസിൽ കേവലം നാലു മിനിറ്റുകൊണ്ട് എറണാകുളം ജനറൽ ആശുപത്രിയിലെത്തി. മൂന്നേകാലോടെ ശസ്ത്രക്രിയ തുടങ്ങി. ആറരയോടെ പൂർത്തിയായി; ദുർഗ കാമിയിൽ ഷിബുവിന്റെ ഹൃദയം മിടിച്ചു.
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യത്തെ ജില്ലാ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി ചരിത്രത്തിൽ ഇടംപിടിച്ചു. രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കലും വൃക്ക മാറ്റിവയ്ക്കലും നടത്തിയിട്ടുള്ള എറണാകുളം ജനറൽ ആശുപത്രിക്ക് ഇത് മറ്റൊരു പൊൻതൂവൽ. ഷിബുവിന്റെ ഹൃദയം മാത്രമല്ല, വൃക്കകളും കരളും നേത്രപടലങ്ങളും ത്വക്കും ദാനംചെയ്യാൻ സമ്മതിച്ച ബന്ധുക്കളുടെ പ്രത്യേകിച്ച് അമ്മ ശകുന്തളയുടെ ഹൃദയനൈർമല്യത്തെ, വിശാലതയെ എത്ര വാഴ്‌ത്തിയാലും മതിയാകില്ല. തീവ്രദുഃഖത്തിനിടയിലും കാരുണ്യത്തിന്റെ കൈത്തിരി കൊളുത്താൻ ധൈര്യം കാണിച്ച ആ കുടുംബം മനുഷ്യരാശിയുടെ കൃതജ്ഞത അർഹിക്കുന്നു. അറിവും കഴിവും മാത്രമല്ല, അലിവും കൈമുതലായ എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരോടാണ് ഈ അതുല്യനേട്ടത്തിന് കേരളം കടപ്പെട്ടിരിക്കുന്നത്. ആരോഗ്യരംഗത്ത് സംസ്ഥാനം കൈവരിച്ച മികവ്, സൂക്ഷ്മവൈദഗ്ധ്യം ആവശ്യമായ മേഖലയിലടക്കം സർവസജ്ജമാണെന്ന് ഇത് തെളിയിക്കുന്നു.
പ്രാഥമികാരോഗ്യകേന്ദ്രംമുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾവരെ ഏതു പ്രതിസന്ധിയെയും അഭിസംബോധന ചെയ്യാൻതക്കവിധം സദാ സജ്ജമായിരിക്കുന്നു. എറണാകുളം ഉദയംപേരൂരിൽ നിരത്തുവക്കിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ഒരു ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി, വാഹനാപകടത്തിൽപ്പെട്ട് അത്യാസന്നനിലയിലായ ഒരാളുടെ ജീവൻ രക്ഷിച്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ. ബി മനൂപും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ തോമസും കേരളം ആരോഗ്യരംഗത്ത് പുലർത്തുന്ന അതീവജാഗ്രതയുടെ ഉദാഹരണമാണ്.
ഹൃദയമാറ്റ ശസ്ത്രക്രിയപോലെ അതിസൂക്ഷ്മവും അതിവിദഗ്ധവുമായ ചികിത്സാരീതികൾ അധികം തയ്യാറെടുപ്പുകളൊന്നും കൂടാതെതന്നെ കൈകാര്യം ചെയ്യാനാകുംവിധം സ്വയംപര്യാപ്തമായിരിക്കുന്നു കേരളത്തിന്റെ ആരോഗ്യരംഗം. അത് വീണ്ടും തെളിയിച്ചിരിക്കുന്നു ആരോഗ്യവകുപ്പും ഡോക്ടർമാരും മറ്റു ജീവനക്കാരും.









0 comments