ad
Deshabhimani

print edition മാഫിയ നിഴലിലെ
പ്രവേശന പരീക്ഷകൾ

editorial today
വെബ് ഡെസ്ക്

Published on May 13, 2026, 12:01 AM | 2 min read

ദേശീയ മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് (യുജി) പരീക്ഷ, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന്‌ റദ്ദാക്കിയത് രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖല എത്തിയ ദുരവസ്ഥയെയാണ് വെളിവാക്കുന്നത്. പരീക്ഷയെഴുതിയ 22 ലക്ഷത്തിലേറെ വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലും കടുത്ത മാനസികസമ്മർദത്തിലും എത്തിച്ചിരിക്കുകയാണ്‌. വിദ്യാർഥികളുടെ ഭാവിസംബന്ധിച്ച് ഒരാശങ്കയുമില്ലാത്ത മോദിസർക്കാരിന്റെ നയത്തിന്റെ തുടർച്ചയാണിത്. എല്ലാം വാണിജ്യവൽകൃതമാകുന്ന കാലത്ത് പരീക്ഷാത്തട്ടിപ്പുകൾ ആരെയും ഞെട്ടിക്കുന്നില്ല. ‌ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പന്താടിക്കൊണ്ട്‌ വർഷംതോറും പ്രവേശനപരീക്ഷാ നടത്തിപ്പിലെ അപാകം കൂടിവരികയാണ്.


രാഷ്ട്രീയ–ഉദ്യോഗസ്ഥ–ഭരണ സംവിധാനങ്ങളുടെ ഉന്നതതലംമുതൽ താഴെത്തട്ടുവരെ നീളുന്ന വൻ മാഫിയസംഘങ്ങളും വൻകിട കോച്ചിങ്‌ സെന്ററുകളുമാണ്‌ ഇതിനുപിന്നിൽ. പേരിന്‌ അന്വേഷണം പ്രഖ്യാപിക്കുന്നതല്ലാതെ യഥാർഥ കുറ്റവാളികളെ പിടിക്കുന്നില്ല. നീറ്റ് പരീക്ഷാസംവിധാനത്തിന്റെ പോരായ്മകളെക്കുറിച്ച് പല സംസ്ഥാന സർക്കാരുകളും നേരത്തേതന്നെ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അതിനെയെല്ലാം അവഗണിക്കുകയായിരുന്നു കേന്ദ്രസർക്കാർ.


മാസങ്ങൾ നീണ്ട തയ്യാറെടുപ്പിൽ വൻതുക മുടക്കിയാണ്‌ വലിയ പ്രതീക്ഷകളോടെ ഭൂരിഭാഗംപേരും പരീക്ഷയ്‌ക്ക്‌ തയ്യാറെടുത്തത്‌. പരീക്ഷാ നടത്തിപ്പുചുമതലയുള്ള നാഷണൽ ടെസ്റ്റിങ്‌ ഏജൻസിയുടെ കെടുകാര്യസ്ഥതമൂലം വിദ്യാർഥികളുടെ ഭാവിയാണ്‌ തകരുന്നത്‌. വളരെ ബുദ്ധിമുട്ടേറിയ ചോദ്യങ്ങളായിരുന്നില്ല ഇത്തവണത്തേതെന്നായിരുന്നു കുട്ടികൾ അഭിപ്രായപ്പെട്ടത്. പൊടുന്നനെ പരീക്ഷ റദ്ദാക്കിയതിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് ഉയരുന്നത്.


അതിവിപുലമായ സുരക്ഷാസംവിധാനത്തോടെയാണ് ഇത്തവണയും പരീക്ഷ നടത്തിയത്. എന്നിട്ടും എല്ലാത്തിനെയും നോക്കുകുത്തിയാക്കി ചോദ്യപേപ്പർ ചില കേന്ദ്രങ്ങളിലൂടെ പണം വാങ്ങി വിൽക്കുന്ന സ്ഥിതിയുണ്ടായി. ഒരുലക്ഷത്തിനടുത്ത് എംബിബിഎസ് സീറ്റുകൾക്കായി 22,05,035 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. പരീക്ഷയ്ക്കുമുന്നോടിയായ സാധ്യതാചോദ്യങ്ങളിൽ യഥാർഥ ചോദ്യപേപ്പറിലെ നൂറിലേറെ ചോദ്യങ്ങളുണ്ടായിരുന്നു. ഒരുമാസം മുമ്പുതന്നെ വാട്സാപ് വഴി ഇത് പ്രചരിച്ചു.


​കഴിഞ്ഞ 10 വർഷത്തിനിടയിൽ വിവിധ മത്സരപരീക്ഷകളിലും ഉദ്യോഗപ്രവേശന പരീക്ഷകളിലുമായി 89 ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ട്. 2024ൽ ക്രമക്കേട് സംബന്ധിച്ച് അന്വേഷണത്തിന് സിബിഐയെ നിയോഗിച്ചെങ്കിലും എങ്ങുമെത്തിയില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടാതിരിക്കുമ്പോൾ ഇത്തരം തട്ടിപ്പുകൾ നിർബാധം തുടരുന്നു. സാങ്കേതികമേഖലയിലെ വളർച്ചയെ ഇത്തരം മാഫിയസംഘങ്ങൾ തങ്ങളുടെ തട്ടിപ്പിന് സഹായമാകുന്ന വിധത്തിൽ ഉപയോഗിക്കുന്നത് കണ്ടെത്താനാകുന്നില്ല. പരിശീലനകേന്ദ്രങ്ങളും സ്വകാര്യ കോളേജുകളും ഉൾപ്പെടുന്ന മെഡിക്കൽ പ്രവേശനരംഗത്ത്‌ വർഷംതോറും 56,000 കോടിയോളം രൂപയുടെ ഇടപാടുകൾ നടക്കുന്നതായാണ്‌ ദേശീയതലത്തിൽ അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

​പഠനമികവിനോ കഴിവിനോ അല്ല, പണത്തൂക്കത്തിനുമാത്രമാണ് മെഡിക്കൽ വിദ്യാഭ്യാസത്തിൽ പരിഗണന ലഭിക്കുന്നത്‌. ഒരുഭാഗത്ത് അർഹരല്ലാത്തവർ പ്രവേശനം നേടി ആരോഗ്യരംഗത്തേക്ക് വരുന്നു. മറുഭാഗത്ത്, സാമ്പത്തികം കുറഞ്ഞതുകൊണ്ടുമാത്രം വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്ന വലിയൊരു വിഭാഗവും ഉണ്ടാകുന്നു.


സർക്കാർതലത്തിൽ ഉത്തരവാദിത്വത്തോടെ നടത്തേണ്ട പ്രവേശനപരീക്ഷകളുടെ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്ന പ്രവണതയാണ് ക്രമക്കേടുകൾക്കും തട്ടിപ്പുകൾക്കും വഴിവയ്ക്കുന്നത്. എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷമാണ് ഇതിന് വേഗമേറിയത്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യുടെ മേൽനോട്ടത്തിലാണ് ഇത്തരം പരീക്ഷകളുടെ നടത്തിപ്പ്. 2024ൽ ക്രമക്കേട് സംബന്ധിച്ച് ആരോപണം ഉയർന്നപ്പോൾ അന്വേഷണസമിതിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചത് എൻടിഎയുടെ തലവനെത്തന്നെ. കോടികളുടെ കച്ചവടം ഏതറ്റംവരെ നീളുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ അഴിമതിയാകുന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രമാകാനാണ് സാധ്യത.


നവ ഉദാര നയത്തോടൊപ്പം രാജ്യത്ത് തുടങ്ങിയതാണ് വിദ്യാഭ്യാസമേഖലയിലെ കച്ചവടവും. കോൺഗ്രസ് തുടങ്ങിവച്ച നയപരിപാടികൾ അതിലേറെ ആവേശത്തിൽ ബിജെപി തുടർന്നുവരികയാണ്. സ്വാശ്രയമേഖലയിലെ സ്ഥാപനങ്ങൾ ഒരുവശത്ത് തങ്ങളുടെ സാമ്രാജ്യംപോലെ വിദ്യാർഥികളിൽ പ്രതിലോമ ആശയങ്ങൾ അടിച്ചേൽപ്പിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന പ്രവണതയും ഏറുകയാണ്. പൊതുവിദ്യാഭ്യാസമേഖലയെ കൂടുതൽ ശക്തിപ്പെടുത്തിയും വാണിജ്യവൽക്കരണത്തിനെതിരെയുള്ള പ്രതിരോധം ഉയർത്തിയും മാത്രമേ നമുക്ക്‌ മുന്നോട്ടുപോകാൻ സാധിക്കൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home