print edition ഭരണവും നീതിയും കൂടുതൽ ജനകീയമാക്കാൻ ഒരു ചുവടുവയ്പുകൂടി

ഇന്ത്യ ബ്രിട്ടീഷ് കൊളോണിയൽ നുകം വലിച്ചെറിഞ്ഞിട്ട് എട്ടുപതിറ്റാണ്ടിലേക്ക് എത്തുന്പോഴും കോടതിയും ഭരണനടപടികളടക്കമുള്ള ബഹുഭൂരിപക്ഷം വ്യവഹാരങ്ങളും ഇംഗ്ലീഷിൽ തുടരുകയാണ്. അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് ഇന്നും നീതിയും നിയമവും ഭരണപങ്കാളിത്തവുമെല്ലാം അപ്രാപ്യമാണെന്ന് തോന്നുന്നതിനുള്ള പ്രധാന കാരണവും ഇതുതന്നെ. മാതൃഭാഷ ഭരണഭാഷയായാലേ സംവദിക്കുന്നതും ഗ്രഹിക്കുന്നതുമായ ആശയം ഒന്നുതന്നെയാകൂ. ആ നിലയിൽ മലയാളം ഭരണഭാഷയാക്കിയതിലൂടെ ഭരണവും നീതിനിർവഹണവും കൂടുതൽ ജനകീയമാക്കാനുള്ള മറ്റൊരു ചുവടുവയ്പാണ് ഔദ്യോഗിക ഭാഷാനിയമത്തിലൂടെ എൽഡിഎഫ് സർക്കാർ നടത്തിയിരിക്കുന്നത്. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന മുഹൂർത്തം. ഭൂപരിഷ്കരണം, വിദ്യാഭ്യാസപരിഷ്കരണം, സാക്ഷരത, അധികാരവികേന്ദ്രീകരണം, ക്ഷേമപെൻഷനുകൾ, കിഫ്‌ബി മോഡൽ പശ്ചാത്തലവികസനം, മുണ്ടക്കൈ–ചൂരൽമല പുനരധിവാസം എന്നിവപോലെ ഇതും ചരിത്രത്തിൽ കേരളത്തിന്റെ മറ്റൊരു മാതൃകയായി മാറിയെന്നതിൽ തർക്കമില്ല.
1957ൽ ഇ എം എസ് സർക്കാരിന്റെ കാലംമുതൽ മലയാളത്തെ ഔദ്യോഗികഭാഷയാക്കാൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ, അതിനുള്ള സമഗ്രമായ ബിൽ നിയമസഭ പാസാക്കുന്നതാകട്ടെ 2025 ഒക്ടോബറിലും. ഏറെ വൈകിയാണെങ്കിലും ഗവർണർ ഒപ്പുവച്ചതോടെ ഒടുവിൽ ബിൽ നിയമമായി. മാതൃഭാഷയെന്നാൽ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല. മനുഷ്യന് ജീവിതാവലംബമായ സംസ്കാരവുമായുള്ള ജൈവബന്ധമാണത്. ആ നിലയിൽ പുതിയ ഔദ്യോഗിക ഭാഷാനിയമത്തിലൂടെ സംസ്കാരത്തിന്റെ പുതുയുഗത്തിലേക്കാണ് കേരളം പ്രവേശിച്ചിരിക്കുന്നത്.
മാതൃഭാഷയുടെ വളർച്ചയ്‌ക്കും സംരക്ഷണത്തിനും ജനകീയപ്രസ്ഥാനങ്ങൾ വളർന്നുവരേണ്ടതിന്റെ ആവശ്യകത ഇ എം എസ് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. അതിനനുസരിച്ച് രൂപീകൃതമായ ഐക്യമലയാള പ്രസ്ഥാനത്തിന്റെയും മാതൃഭാഷ ഉപദേശകസമിതിയുടെയും വിശിഷ്യ പുരോഗമന കലാസാഹിത്യപ്രസ്ഥാനങ്ങളുടെയും ഏറെനാളത്തെ പോരാട്ടവും സമ്മർദവുംകൂടിയാണ് ഫലം കണ്ടത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2012 മുതൽ ഇൗ സമരം തെരുവിലേക്കും പടർന്നിരുന്നു. നിവേദനങ്ങളും സൂചനാസമരങ്ങളും ഫലംകാണാതായപ്പോൾ 2013 മാർച്ചിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. നിയമനിർമാണം നടത്താമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. പക്ഷേ, ആ സർക്കാർ ഉറപ്പുപാലിച്ചില്ല. തുടർന്ന് രാപകൽസമരംപോലുള്ള നിരവധി പോരാട്ടങ്ങൾ.
ഒടുവിൽ പ്രതിപക്ഷപിന്തുണയോടെ 2015ൽ മലയാള ഭാഷാപരിപോഷണവും വ്യാപനവും എന്ന ബിൽ നിയമസഭ പാസാക്കി. ഏകകണ്ഠമായി അംഗീകരിച്ച ബിൽ പക്ഷേ അന്നത്തെ ഗവർണർ രാഷ്‌ട്രപതിക്ക് അയക്കുകയാണുണ്ടായത്. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനുശേഷം 2025 മേയിൽ രാഷ്‌ട്രപതി അനുമതി നൽകാതെ ബിൽ തിരിച്ചയച്ചു. തുടർന്നാണ് എൽഡിഎഫ് സർക്കാർ മലയാളഭാഷാ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയത്. ആദ്യം ഗവർണർ പതിവുപോലെ മാറ്റിവച്ചെങ്കിലും സർക്കാരിന്റെയും സാംസ്‌കാരിക നായകരുടെയും സമ്മർദത്തെ തുടർന്ന് ഒപ്പിടേണ്ടിവന്നു. ബിൽ നിയമമായതോടെ ഇനി സർക്കാർ ഉത്തരവുകളും ജില്ലാകോടതിവരെയുള്ള വിധിന്യായങ്ങളും മലയാളത്തിലാകും. എല്ലാ ഒൗദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കേണ്ടിവരും. ഭാഷയുടെ വളർച്ച, പരിപോഷണം, പരിപാലനം എന്നിവ ഉറപ്പുവരുത്തുന്നതിനൊപ്പം ന്യൂനപക്ഷ ഭാഷാവിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
നിലവിലുള്ള ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഒൗദ്യോഗികഭാഷ)വകുപ്പിനെ മലയാള ഭാഷാവികസന വകുപ്പാക്കി മാറ്റും. വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച് മലയാള ഭാഷാവികസന ഡയറക്ടറേറ്റുണ്ടാക്കും. നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകൾ, പാസാക്കുന്ന നിയമങ്ങൾ, സർക്കാർ ഓർഡിനൻസുകൾ, ഭരണഘടനപ്രകാരമോ പാർലമെന്റോ നിയമസഭയോ ഉണ്ടാക്കിയ ഏതെങ്കിലും നിയമപ്രകാരമോ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, ചട്ടങ്ങൾ, റെഗുലേഷനുകൾ, ബൈലോകൾ എന്നിവ മലയാളത്തിലായിരിക്കണം. ആവശ്യമെങ്കിൽ ഇംഗ്ലീഷ് പരിഭാഷയാകാം. കേന്ദ്ര–സംസ്ഥാന നിയമങ്ങളും ഭേദഗതികളും നിശ്ചിത കാലയളവിനകം മലയാളത്തിലാക്കും. എന്നാൽ കേന്ദ്രസർക്കാർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, മറ്റു രാജ്യങ്ങൾ, സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകൾക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പത്താംക്ലാസ്‌വരെ മലയാളം നിർബന്ധമാക്കും. മറ്റു ഭാഷ മാതൃഭാഷയായ വിദ്യാർഥികൾക്ക് മലയാളവും പഠിക്കാൻ സൗകര്യമൊരുക്കും. ഏകീകൃത ലിപിവിന്യാസം നടപ്പാക്കും. ഭാഷാന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഉത്തരവുകൾ അവരുടെ മാതൃഭാഷയിലോ ഇംഗ്ലീഷിലോ ലഭ്യമാക്കും. തദ്ദേശ, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ ബോർഡുകളിലും വാഹനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തും. സർക്കാർ വെബ്‌സൈറ്റുകൾ, ആപ്പുകൾ എന്നിവയ്ക്ക് മലയാളം പതിപ്പുകളുണ്ടാക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
നിർദിഷ്‌ട നിയമത്തെപ്പോലും വിവാദത്തിലാക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിച്ചത്. എന്നാൽ, ഭാഷാനിയമം ഇവിടെ താമസിക്കുന്ന എല്ലാ ഭാഷാവിഭാഗങ്ങളുടെയും മാതൃഭാഷാവകാശത്തെ സംരക്ഷിച്ചുകൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ വ്യക്തമാക്കിയിരുന്നു. ഭാഷാന്യൂനപക്ഷങ്ങൾക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാനും വ്യവഹാരം നടത്താനുമുള്ള അവകാശം കാത്തുസൂക്ഷിക്കുന്നുണ്ട്. കേരളത്തിലെ പ്രധാന ഭാഷാന്യൂനപക്ഷ വിഭാഗമായ തമിഴ് ജനത ഇൗ നിയമത്തിൽ ഒരാശങ്കയും പ്രകടിപ്പിച്ചിട്ടില്ലെന്നിരിക്കെ, കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ പലതവണ ഇടപെട്ടതിനുപിന്നിലുള്ള രാഷ്‌ട്രീയം തിരിച്ചറിയാതെ പോകരുത്.










0 comments