തുരുമ്പിച്ച ആയുധവുമായി ഇഡിയുടെ രാഷ്‌ട്രീയവേട്ട

മൂന്നാം മോദിസർക്കാർ രൂപംകൊണ്ടതും നിലനിൽക്കുന്നതും ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ പിൻബലത്താലാണെന്ന് വസ്‌തുനിഷ്‌ഠമായി പറയാം. ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട ബിജെപിക്ക് പുതിയ ഘടകകക്ഷികളെ തരപ്പെടുത്താനും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർടികളിൽനിന്ന് നേതാക്കളെ കാലുമാറ്റിയെടുക്കാനും വഴിയൊരുക്കിയതിൽ ഇഡിക്കും സിബിഐക്കും വലിയ പങ്കുണ്ട്. അന്വേഷണം നേരിടുന്ന നേതാക്കൾ ബിജെപിയിൽ ചേർന്നാൽ അവർ ഉടൻ കുറ്റവിമുക്തരാകും. ഇക്കൂട്ടരുടെ നീണ്ടപട്ടിക നിരത്താനാകും. ജെഡിയു, തെലുഗുദേശം പാർടികൾ ബിജെപിക്കൊപ്പം നിൽക്കുന്നതും ഇതേ സാഹചര്യത്തിലാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് എന്ന ഇഡിക്ക് ‘ഇലക്‌ഷൻ ഡിപ്പാർട്ട്‌മെന്റ്’ എന്ന വിശേഷണം രാഷ്‌ട്രീയചർച്ചകളിൽ വന്നതിൽ തീരെ അതിശയോക്തിയില്ല.
സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാൻ 1957ൽ പ്രവർത്തനം തുടങ്ങിയ ഇഡിക്ക് അമിതാധികാരം നൽകുന്ന നിയമങ്ങൾ പാസാക്കിയത് 2002ൽ എ ബി വാജ്‌പേയി സർക്കാരാണ്. ഇൗ നിയമങ്ങൾക്ക് കൂടുതൽ വീര്യംപകർന്ന് പ്രാബല്യത്തിലാക്കിയത് 2005ൽ യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന പി ചിദംബരവും. അങ്ങേയറ്റം ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ള നിയമപരിഷ്‌കാരമാണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷം ശക്തിയായി വിയോജിച്ചിരുന്നു. മോദിസർക്കാർ വന്നശേഷം പി ചിദംബരത്തെത്തന്നെ ഇൗ നിയമത്തിന്റെ അടിസ്ഥാനത്തിൽ മോദിസർക്കാർ ജയിലിൽ അടച്ചതും ചരിത്രം. പ്രതിപക്ഷപാർടികളെയും ബിജെപിയിതര സർക്കാരുകളെയും ദുർബലപ്പെടുത്താൻ മോദിഭരണം ഇഡിയെ രാഷ്‌ട്രീയമായി ഉപയോഗിച്ചതിന്റെ ഉദാഹരണങ്ങൾ ഒട്ടേറെയുണ്ട്. ഡൽഹിയിൽ ആം ആദ്‌മി പാർടി സർക്കാരിനെ തകർത്തത് ഇത്തരത്തിലാണ്. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും ദീർഘകാലം ജയിലിൽ അടച്ചിടുകയും ഇതിന്റെ മറവിൽ രാഷ്‌ട്രീയപ്രചാരണങ്ങൾ നടത്തുകയും ചെയ്‌തു. കോൺഗ്രസിന്റെ ഒത്താശയോടെയായിരുന്നു ഇൗ അധാർമിക പദ്ധതി. സിബിഐ എടുത്ത കേസിന്റെ മറവിൽ ഇഡി വിപുലമായ ഗൂഢാലോചനകൾ കൂട്ടിച്ചേർത്ത് എഎപി സർക്കാരിനെ കുടുക്കുകയായിരുന്നു. ഒടുവിൽ കേന്ദ്ര ഏജൻസികളുടെ ആഖ്യാനം തെളിവില്ലാത്ത, ആസൂത്രിത തിരക്കഥയാണെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി കേസ് തന്നെ റദ്ദാക്കി. ഐതിഹാസിക കർഷകസമരത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിച്ച ന്യൂസ്‌ക്ലിക്കിനെയും അതിന്റെ സാരഥികളെയും ഇഡിയെ ഉപയോഗിച്ച് വേട്ടയാടി. വിദേശഫണ്ട് കൈപ്പറ്റിയെന്നതുൾപ്പെടെയുള്ള കഥകൾ മെനഞ്ഞ് ഇൗ പോർട്ടലിനെ ആക്രമിച്ചെങ്കിലും ആരോപണങ്ങൾ ആവിയായി. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഇഡി കേസിൽ ജയിലിലടച്ചു. അതേസമയം, ബിജെപിയിൽ ചേരാൻ തയ്യാറായ കോൺഗ്രസ് നേതാക്കൾക്ക് ഇഡി ക്ലീൻചിറ്റും നൽകി.
കോലാഹലത്തോടെ കാടിളക്കുന്നതല്ലാതെ, കേസ് യുക്തിസഹമായും നീതിപൂർവമായും അന്വേഷിക്കുന്നതിലും കുറ്റപത്രം സമയബന്ധിതമായി സമർപ്പിക്കുന്നതിലും അത് തെളിയിക്കുന്നതിലും ഇഡിയുടെ പ്രകടനം ദയനീയമാണ്. ഇഡി രൂപംകൊണ്ടശേഷം 8851 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്, ഇതിൽ 4622 കേസും 2021നുശേഷം. ഇവയിൽ വിചാരണയ്‌ക്ക് സാധിച്ചത് 2396 കേസിൽ; വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞത് 60 എണ്ണത്തിൽമാത്രം. പതിറ്റാണ്ടുകളായി വിചാരണയും നടപടികളും നീളുന്നത് മനുഷ്യാവകാശലംഘനത്തിന്റെ വിഷയം ഉയർത്തുന്നു. കേസുകൾ അനന്തമായി നീട്ടുന്നതിനെതിരെ സുപ്രീംകോടതി പലതവണ ഇടപെട്ടിട്ടുണ്ട്. ഇഡിയിൽ സ്ഥിരം ഉദ്യോഗസ്ഥർ താരതമ്യേന കുറവാണ്. കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇതര ഏജൻസികളിൽനിന്നും വകുപ്പുകളിൽനിന്നും ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നവരാണ് കൂടുതൽ. കേന്ദ്രത്തിന്റെ കൂട്ടിലടച്ച തത്തയാണ് ഇഡിയെന്ന് വ്യക്തം.
കേരളത്തിൽ ഇഡി പല രീതിയിൽ ഇടപെടുന്ന സിഎംആർഎൽ കേസിലും അവരുടെ രാഷ്‌ട്രീയലാക്ക് പ്രകടം. ടി വീണയുടെ നിയമപരമായ ഇടപാടുകൾക്കെതിരെ ആദായനികുതി തർക്കപരിഹാര ബോർഡ് കേസെടുത്തതുമുതൽ നാൾവഴി പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. സിഎംആർഎൽ–എക്‌സാലോജിക് കമ്പനികൾ തമ്മിൽ കരാർപ്രകാരം നടത്തിയ ഇടപാടുകളുടെ പേരിലായിരുന്നു ഇഡി അന്വേഷണം. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി മുമ്പും സംസ്ഥാന പൊലീസിന് കത്ത് നൽകിയതാണ്. വിഷയത്തിൽ പൊലീസ് വസ്‌തുനിഷ്‌ഠമായി നടത്തിയ അന്വേഷണത്തിന്റെയും, വിജിലൻസ് കോടതിയുടെയും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധിന്യായങ്ങൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിൽ ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തി ഇഡിയുടെ ആവശ്യം തള്ളുകയായിരുന്നു. സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഇഡി പുതിയ നീക്കവുമായി രംഗത്തെത്തിയെന്നുമാത്രം.
ടി വീണമാത്രമാണ് ഇടപാട് നടത്തിയതെന്ന് നേരത്തേ പറഞ്ഞിരുന്നവർ ഇപ്പോൾ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കൂട്ടിച്ചേർക്കാൻ ശ്രമിക്കുകയാണ്. എസ്‌എഫ്‌ഐഒയുടെ ഇടക്കാല റിപ്പോർട്ടിൽ അകാരണമായി പിണറായി വിജയന്റെ പേര് ചേർത്തപ്പോൾത്തന്നെ കേന്ദ്ര ഏജൻസികളുടെ ദുരുദ്ദേശ്യം വെളിച്ചത്തുവന്നിരുന്നു. അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഇഡിയുടെ കത്തിൽ എന്ത് അഴിമതിയാണ് നടന്നതെന്നു പറയുന്നില്ല. ടി വീണയുടെ എക്‌സാലോജിക് കമ്പനിയുമായി സിഎംആർഎൽ ഒപ്പിട്ടത്, അന്നത്തെ മുഖ്യമന്ത്രിയിൽനിന്നോ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽനിന്നോ സർക്കാരിൽനിന്നോ എന്തെങ്കിലും അന്യായമായി നേടാൻവേണ്ടിയായിരുന്നു എന്നതിന് തെളിവൊന്നുമില്ല.അതേസമയം, സിഎംആർഎൽ ഓഫീസ് റെയ്‌ഡ് ചെയ്‌തപ്പോൾ കിട്ടിയതെന്ന് അവകാശപ്പെടുന്ന ഡയറിയിൽ 182 കോടി രൂപ വിവിധ രാഷ്‌ട്രീയനേതാക്കൾക്കും മാധ്യമങ്ങൾക്കും നൽകിയതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇതിൽ രണ്ടോ മൂന്നോ കോടിയുടെ കാര്യത്തിൽമാത്രമാണ് ഇഡിക്ക് ഉൽക്കണ്‌ഠ. നിലവിലെ ചില സംസ്ഥാന മന്ത്രിമാരും പണം വാങ്ങിയവരുടെ പട്ടികയിലുണ്ട്; അവർ സമ്മതിച്ചിട്ടുമുണ്ട്. ഇൗ സാഹചര്യത്തിൽ, കേന്ദ്ര ഏജൻസികളെ ബിജെപിയുടെ രാഷ്‌ട്രീയ ആയുധമായി കാണുന്ന കോൺഗ്രസിന്റെ പൊതുനിലപാടിനോട് അവർ കേരളത്തിൽ നീതിപുലർത്തുമോ എന്നും കണ്ടറിയണം.










0 comments