ad
Deshabhimani

അഴിമതിയുടെ മൊത്തവ്യാപാരികൾ ; അവർക്ക്‌ കൂട്ട്‌ മാധ്യമങ്ങളും

edit
വെബ് ഡെസ്ക്

Published on Feb 28, 2026, 12:01 AM | 2 min read


രാഷ്‌ട്രീയ യജമാനന്മാർക്കുവേണ്ടി വാർത്തകൾ സൃഷ്‌ടിക്കുകമാത്രമല്ല, അവർക്ക് അലോസരമുണ്ടാക്കുന്ന വാർത്തകൾ മൂടിവയ്‌ക്കുക എന്നതുകൂടിയാണ്‌ മുഖ്യധാരാ മാധ്യമങ്ങൾ തങ്ങളുടെ ദ‍ൗത്യമായി പരിഗണിക്കുന്നത്‌. രാജ്യമാകെ ബിജെപി അനുകൂല പൊതുബോധ സൃഷ്‌ടിക്കായി മാധ്യമങ്ങൾ വാർത്തകളും ചർച്ചകളും പടച്ചുണ്ടാക്കുന്പോൾ ഗോദി മീഡിയ എന്ന വിശേഷണത്തിന്‌ മാധ്യമങ്ങൾ എത്രമാത്രം അർഹരാണെന്ന്‌ ബോധ്യപ്പെടും. മോദി മടിയിലിരുത്തി ലാളിക്കുന്ന മാധ്യമങ്ങൾ എന്ന അർഥത്തിലാണ്‌ ചില മാധ്യമപ്രവർത്തകർതന്നെ ഇ‍ൗ വിശേഷണം ചാർത്തിക്കൊടുത്തത്‌. കോർപറേറ്റ്‌ മാധ്യമങ്ങളുടെ വർഗപരമായ പക്ഷപാതിത്വം മാത്രമല്ല ഇതിന്‌ കാരണം. സംഘപരിവാർ ഇച്ഛിക്കുംവിധം വാർത്ത നൽകിയില്ലെങ്കിൽ ഏത്‌ അർധരാത്രിയിലും കേന്ദ്ര ഏജൻസികൾ വന്ന്‌ വാതിലിൽ മുട്ടുമെന്നും അവർക്കറിയാം.


കേരളത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. കോൺഗ്രസിനും ബിജെപിക്കും തലച്ചോറ്‌ സമർപ്പിച്ചവരാണ്‌ ഭൂരിഭാഗം മാധ്യമ ഉടമകളും മാധ്യമപ്രവർത്തകരും. സഹജമായ കമ്യൂണിസ്റ്റ്‌ വിരോധംകൊണ്ട്‌ ആന്ധ്യം ബാധിച്ചതുകൊണ്ടുതന്നെയാകണം കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന ഐതിഹാസികമായ വികസനപദ്ധതികളൊന്നും അവർ കാണുന്നില്ല. പകരം എൽഡിഎഫ്‌ സർക്കാരിനെയും അതിനെ നയിക്കുന്ന മന്ത്രിമാരെയും ആക്ഷേപിക്കാനാണ്‌ മുഴുവൻ ഉ‍ൗർജവും ചെലവിടുക. സിപിഐ എമ്മിനെതിരെയുള്ള ദുരുപദിഷ്‌ടമായ ആരോപണങ്ങൾ സ്ഥൂലീകരിച്ച്‌ അവതരിപ്പിക്കുന്പോൾ കോൺഗ്രസ്‌ നേതാക്കളുടെ കൊടിയ അഴിമതികൾ മൂടിവയ്‌ക്കാൻ എന്തുത്സാഹമാണ്‌ മാധ്യമങ്ങൾക്ക്‌.

അതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ്‌ വെള്ളിയാഴ്‌ച ഇറങ്ങിയ പത്രങ്ങൾ. കഴിഞ്ഞദിവസം ഹരിയാനയിൽനിന്നൊരു കോൺഗ്രസ്‌ പ്രവർത്തകൻ തിരുവനന്തപുരത്തെത്തി സംസ്ഥാന പൊലീസ്‌ മേധാവി റവാഡ ചന്ദ്രശേഖറിന്‌ ഒരു പരാതി നൽകി. 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയായ തന്റെ ഭാര്യയെ സ്ഥാനാർഥിയാക്കാൻ പ്രിയങ്ക ഗാന്ധിയും എഐസിസിയുടെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷ്‌ എംപിയും ഏഴുകോടി വാങ്ങിയെന്നാണ്‌ പരാതിയിലെ ഉള്ളടക്കം.


അവരത്‌ തിരിച്ചുനൽകിയില്ലെന്ന്‌ ഗ‍ൗരവ്‌ കുമാർ വാർത്താസമ്മേളനത്തിൽ പറയുകയും ചെയ്‌തു. പണം വാങ്ങിയതിന്റെ തീയതിയടക്കം പരാതിയിലുണ്ട്‌. നേരിട്ടും അക്ക‍ൗണ്ടിലേക്കും പണം നൽകിയെന്നും ഗ‍ൗരവ്‌ കുമാർ പറഞ്ഞിട്ടുണ്ട്‌. ഒരു പ്രമുഖ കോൺഗ്രസ്‌ നേതാവിനുപോലും സീറ്റ്‌ ലഭിക്കാൻ അഖിലേന്ത്യ നേതാക്കൾക്കടക്കം കൈക്കൂലി നൽകേണ്ട ഗതികേടിന്റെ പേരാണ്‌ കോൺഗ്രസ്‌. ഓരോ തെരഞ്ഞെടുപ്പും ഇവരെ സംബന്ധിച്ചിടത്തോളം വിളവെടുപ്പുകാലമാണ്‌. നേതാക്കൾക്കടക്കം സീറ്റ്‌ വാഗ്‌ദാനംചെയ്‌ത്‌ കോടികൾ തട്ടി അഴിമതിയുടെ മൊത്തക്കച്ചവടക്കാരായ ക്രിമിനലുകളായി മാറിയിരിക്കുന്നു കോൺഗ്രസ്‌ നേതാക്കൾ. ഗുരുതരമായ ആരോപണമുന്നയിച്ച്‌ രണ്ടുദിവസമായിട്ടും അത്‌ നിഷേധിക്കാനോ ആരോപണം തെറ്റാണെങ്കിൽ ഗ‍ൗരവ്‌ കുമാറിനെതിരെ നിയമ നടപടിയെടുക്കുമെന്ന്‌ പറയാനോ ഉള്ള നട്ടെല്ലൊന്നും കെ സി വേണുഗോപാലിനോ കൊടിക്കുന്നിലിനോ പ്രിയങ്ക ഗാന്ധിക്കോ ഇല്ല. ഇത്തരമൊരു വാർത്ത പൂർണമായും തമസ്‌കരിച്ച മുഖ്യധാരാ മാധ്യമങ്ങളുടെ ചർമബലമോർത്ത്‌ ഓരോ മലയാളിയും ലജ്ജിച്ച്‌ തലതാഴ്‌ത്തുകയാണ്‌.


കെ സി വേണുഗോപാൽ തന്റെ വനിതാസുഹൃത്തുക്കൾക്ക്‌ സീറ്റുകൾ വാരിക്കോരി കൊടുത്തതുകൊണ്ടാണ്‌ ഹരിയാനയിൽ കോൺഗ്രസ്‌ പരാജയപ്പെട്ടതെന്ന്‌ കുപ്രസിദ്ധമായ കാസ്റ്റിങ്‌ ക‍ൗച്ച്‌ ആരോപണമുന്നയിച്ചുകൊണ്ട്‌ വെളിപ്പെടുത്തിയത്‌ കോൺഗ്രസ്‌ അനുഭാവികൂടിയായ മുതിർന്ന മാധ്യമപ്രവർത്തകൻ അശോക്‌ വാങ്കഡെയാണ്‌. സ്ഥാനാർഥിത്വത്തി‍ന്റെ കാര്യത്തിൽ തൊലിയിലും പണത്തിലുമാണ്‌ കാര്യമെന്ന്‌ കെ സി വേണുഗോപാലിനെ ഉന്നംവച്ച്‌ പറഞ്ഞത്‌ മുതിർന്ന കോൺഗ്രസ്‌ നേതാവും ബല്ലഭ്‌ഗഡിലെ മുൻ എംഎൽഎയുമായ ശാരദ റാത്തോഡാണ്‌. ഇതൊന്നും മാധ്യമങ്ങളുടെ പരിഗണനാവിഷയമല്ല.


പ്രളയകാലത്ത്‌ ചേർത്തലയിലെ ഒരു ക്യാന്പിൽ ഭക്ഷ്യവസ്‌തുക്കൾ എത്തിച്ചതിന്‌ 70 രൂപ ഓട്ടോക്കൂലി നൽകാൻ പണം ശേഖരിച്ച സിപിഐ എം പ്രവർത്തകൻ ഓമനക്കുട്ടനെ ഒരുദിവസം മുഴുവൻ ആരോപണങ്ങളുടെ മുൾക്കുരിശേറ്റിയവരാണവർ. സിപിഐ എമ്മിനെതിരെ എന്ത്‌, ആരെന്ത്‌ പറഞ്ഞാലും അതിന്‌ ഉച്ചഭാഷിണി വച്ചുകൊടുക്കുന്ന മാധ്യമങ്ങൾ, ലാവ്‌ലിൻ വിവാദകാലത്ത്‌ എന്തൊക്കെ നുണകളാണ്‌ പ്രചരിപ്പിച്ചത്‌. പിണറായി വിജയൻ പണം വാങ്ങുന്നത്‌ കണ്ടെന്നു കള്ളംപറഞ്ഞ ഒരാളെ വീരശൂരപരാക്രമിയായി ചിത്രീകരിച്ചതിൽ ഒരു കുറ്റബോധവുമില്ല ഇപ്പോഴും മാധ്യമപടുക്കൾക്ക്‌.


കേരളത്തെ സംബന്ധിച്ച്‌ അതൊരു പുതിയ കാര്യവുമല്ല. മാധ്യമങ്ങളുടെ വർഗപക്ഷപാതിത്വം വിമോചനസമര കാലംമുതൽ നമ്മൾ കണ്ടതാണ്‌. 1957ൽ അധികാരമേറ്റ ഇ എം എസ്‌ സർക്കാരിനെതിരെയുള്ള വിമോചനസമരമെന്ന അട്ടിമറിസമരത്തിന്റെ മൂർധന്യത്തിൽ കേരളം സന്ദർശിച്ച നെഹ്‌റുവിന്‌ വായിക്കാനായി ഇംഗ്ലീഷിൽ മുഖപ്രസംഗം അച്ചടിച്ച ചരിത്രം മലയാളമനോരമയ്‌ക്കുണ്ട്‌. വലതുപക്ഷം ദുർബലമാകുന്പോൾ അതിന്റെ നേതൃത്വം ഏറ്റെടുക്കുകയെന്നതാണ്‌ എക്കാലവും ബൂർഷ്വാമാധ്യമങ്ങളുടെ ദ‍ൗത്യം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home