ad
Deshabhimani

കോൺഗ്രസിന്റെ ഭവനതട്ടിപ്പും പുനർജനിക്കൊള്ളയും

edit
വെബ് ഡെസ്ക്

Published on Jan 09, 2026, 12:00 AM | 2 min read


തട്ടിപ്പും വെട്ടിപ്പും അഴിമതിയും കോൺഗ്രസ്‌ നേതാക്കളുടെ മുഖമുദ്രയാണ്‌. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും പൊതുപണവും ജനങ്ങളുടെ പണവും തട്ടിയെടുക്കാൻ കോൺഗ്രസ്‌ എന്നും മിടുക്കുകാട്ടുന്നു. പ്രകൃതിദുരന്തങ്ങളുണ്ടായപ്പോൾ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനെന്ന പേരിൽ പണം പിരിച്ച്‌ വെട്ടിപ്പ്‌ നടത്തിയ ചരിത്രമാണ്‌ കോൺഗ്രസിനും യൂത്ത്‌ കോൺഗ്രസിനുമുള്ളത്‌. നേതാക്കളുടെ പേരിൽ സ്‌മാരകങ്ങൾ നിർമിക്കുന്നതിനായി പിരിച്ച പണം തട്ടിയെടുത്തതിന്റെ നിരവധി കഥകളുണ്ട്‌ ഓരോ ജില്ലയിലും. അതിന്റെ ഉദാഹരണമാണ്‌ തിരുവനന്തപുരത്ത്‌ നിർമിക്കാൻ തീരുമാനിച്ച കെ കരുണാകരന്റെ പേരിലുള്ള സ്‌മാരകം. മൂന്ന്‌ കെപിസിസി പ്രസിഡന്റുമാരുടെയും കെ മുരളീധരന്റെയും നേതൃത്വത്തിൽ പലതവണ പിരിവ്‌ നടത്തിയെങ്കിലും പണം എവിടെപ്പോയി എന്നുമാത്രം ആർക്കുമറിയില്ല. ഇതിനുസമാനമാണ്‌ 2018ലെ പ്രളയദുരിതബാധിതർക്ക്‌ വീട്‌ നിർമിച്ചുകൊടുക്കാൻ കോൺഗ്രസ്‌ പിരിച്ച കോടിക്കണക്കിന്‌ രൂപയുടെ കണക്കും. പിരിച്ച പണം എത്രയെന്നോ അത്‌ എവിടെയെന്നോ എങ്ങോട്ട്‌ പോയെന്നോ ഇതുവരെ തുറന്നുപറയാൻ പറ്റാത്തവരാണ്‌ കോൺഗ്രസ്‌ നേതാക്കൾ.

ഒടുവിൽ വയനാട്‌ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരെ സഹായിക്കാനായി കോൺഗ്രസ്‌ പിരിച്ച പണത്തിനും കണക്കില്ല. 100 വീട്‌ നിർമിക്കുമെന്നാണ്‌ കെപിസിസി പ്രഖ്യാപിച്ചത്‌.


ഇതിന്‌ പ്രത്യേക ആപ്പുണ്ടാക്കി വ്യാപകമായി പണം പിരിച്ചു. വിവിധതലങ്ങളിലെ കോൺഗ്രസ്‌ ജനപ്രതിനിധികളും അനുകൂല സർവീസ്‌ സംഘടനകളിൽപ്പെട്ട ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ പണം നൽകാതെ കെപിസിസിയുടെ ഭവനനിർമാണഫണ്ടിലേക്കാണ്‌ നൽകിയത്‌. കോടിക്കണക്കിന്‌ രൂപ ലഭിച്ചിട്ടും കോൺഗ്രസ്‌ വീടുനിർമാണം നീട്ടിക്കൊണ്ടുപോവുകയാണ്‌. ദുരന്തബാധിതർക്കായി 2.80 കോടി രൂപയും സ്‌പോൺസർഷിപ് തുകയും ശേഖരിച്ച്‌ 30 വീടുകൾ നിർമിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റികളിൽനിന്ന്‌ രണ്ടുലക്ഷം രൂപവീതം സ്വരൂപിച്ചിരുന്നു. പിരിഞ്ഞുകിട്ടിയ തുക മുഴുവനും വെളിപ്പെടുത്തുകയോ വീടുനിർമാണം ആരംഭിക്കുകയോ ചെയ്‌തിട്ടില്ല. 2018ലെ മഹാപ്രളയം ഉണ്ടായപ്പോഴാണ്‌ കെപിസിസി ആയിരം വീട്‌ നിർമിച്ചുനൽകുമെന്ന്‌ പ്രഖ്യാപിച്ചത്‌. ഇതിനായി ഓരോ ബൂത്ത്‌ കമ്മിറ്റിയും 25,000 രൂപവരെ പിരിക്കാൻ നിർദേശിച്ചു. വർഷം ഏഴു കഴിഞ്ഞിട്ടും പ്രഖ്യാപിച്ച ആയിരം വീടുകളിൽ നൂറ്‌ വീടുകൾപോലും നിർമിച്ചതിന്‌ തെളിവില്ല. പിരിച്ച പണത്തിന്റെ കണക്കുമില്ല.


ദുരന്തത്തിന്റെ പേരിലെ ഏറ്റവും വലിയ തട്ടിപ്പിന്‌ നേതൃത്വം കൊടുത്തത്‌ ഇപ്പോഴത്തെ പ്രതിപക്ഷനേതാവായ വി ഡി സതീശനാണ്‌. പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാനും ദുരന്തബാധിതരെ സഹായിക്കാനുമായി ‘പുനർജനി’ പദ്ധതി പ്രഖ്യാപിച്ചായിരുന്നു തട്ടിപ്പ്‌. വീട് നഷ്ടപ്പെട്ടവർക്ക് വീട്, സ്കൂളുകളുടെ നവീകരണം, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കൽ, ജീവനോപാധി നൽകൽ തുടങ്ങിയവയായിരുന്നു പദ്ധതി. ഗൾഫ്‌ രാഷ്ട്രങ്ങളും യുകെയും സന്ദർശിച്ച്‌ കോടിക്കണക്കിന്‌ രൂപ ഇതിനായി സതീശൻ ശേഖരിച്ചു. എന്നാൽ, വിവിധ സംഘടനകളും സഹകരണ സ്ഥാപനങ്ങളും നിർമിച്ച വീടുകൾക്ക്‌ പുനർജനി എന്ന്‌ ബോർഡ്‌ വച്ച്‌ അവകാശവാദം ഉന്നയിക്കുകയായിരുന്നു സതീശൻ. പുത്തൻവേലിക്കര പഞ്ചായത്തിലെ എളന്തിക്കര താഴഞ്ചിറ പാടശേഖരത്തിന്റെ ഭാഗമായ മൂട്ടിക്കപ്പാടത്ത്‌ ഇപ്പോഴും കാണാം, പുല്ലുമൂടി കിടക്കുന്ന വലിയൊരു കല്ല്‌. 2019 ജൂലൈ 13ന്‌ വി ഡി സതീശൻ ആഘോഷപൂർവം ഇട്ട കല്ലാണിത്‌. ഭൂ–ഭവന രഹിതരായ 12 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പ്രഖ്യാപിച്ച പുനർജനി പദ്ധതിയുടെ വഞ്ചനയുടെ പ്രതീകമാണിത്‌.


സതീശനും കോൺഗ്രസും കഴിഞ്ഞ എട്ടുവർഷത്തിനിടെ പ്രഖ്യാപിച്ച ഭവനപദ്ധതികളെല്ലാം പ്രഖ്യാപനത്തിലും കല്ലിടലിലും ഒതുങ്ങി. പുനർജനി പദ്ധതിയുടെ പേരിൽ കോടികളുടെ വെട്ടിപ്പാണ്‌ നടന്നത്‌. വിദേശത്തുനിന്നുംമറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും ഫണ്ടുശേഖരണത്തിൽ എഫ്‌സിആർഎ ചട്ടലംഘനംനടന്നുവെന്നും ക­ണ്ടെത്തിയതിനെ തുടർന്ന്‌ വിജിലൻസ്‌ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌ത്‌ സർക്കാരിന്‌ റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്‌. ഒരു സംഘടനയുടെ പേരിൽ വിദേശപണം സമാഹരിക്കുക, സ്വകാര്യ സന്ദർശനത്തിനായി അനുമതി നേടിയശേഷം വിദേശത്തുപോയി ധനസമാഹരണം നടത്തി, സ്വകാര്യസംഘടനയുടെ അക്കൗണ്ടുവഴി സതീശൻ സംസ്ഥാനത്തെത്തിച്ചതായാണ്‌ കണ്ടെത്തൽ.


റിപ്പോർട്ട്‌ നൽകിയ വിവരം പുറത്തുവന്നപ്പോൾത്തന്നെ പ്രതിപക്ഷനേതാവിന്‌ ഹാലിളകി. കെപിസിസിയുടെയും പ്രതിപക്ഷനേതാവിന്റെയും തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവരുന്പോൾ തട്ടിപ്പ്‌ തുറന്നുകാട്ടുന്നവരെ ഭീഷണിപ്പെടുത്തുകയാണ്‌. ഒരു അധികാരവും ഇല്ലാത്ത സാഹചര്യത്തിൽപ്പോലും ഭീഷണിയിലൂടെയാണ്‌ വി ഡി സതീശൻ പ്രതികരിക്കുന്നത്‌. സ്വന്തം മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളിലെ അഴിമതി ചൂണ്ടിക്കാട്ടുന്നവരെ ഫാസിസ്റ്റ്‌ രീതിയിൽ നേരിടുക എന്ന സമീപനമാണ്‌ സതീശൻ വർഷങ്ങളായി തുടരുന്നത്‌. ഭീഷണിക്കുപകരം അഴിമതി ആരോപണങ്ങളിൽ അന്വേഷണം നേരിടാൻ തയ്യാറാവുകയാണ്‌ വേണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home