ad
Deshabhimani

കെടുത്താനാകില്ല ; നന്മയുടെ നക്ഷത്രവെട്ടം

edit
വെബ് ഡെസ്ക്

Published on Dec 25, 2025, 12:00 AM | 3 min read


​ശാന്തിയുടെയും സമാധാനത്തിന്റെയും പ്രഭ ചൊരിയുന്ന ക്രിസ്മസ് ആഘോഷത്തിലമർന്നിരിക്കുകയാണ് ലോകം. ക്രൈസ്തവർ തിരുപ്പിറവിയുടെ പ്രത്യാശാഭരിതമായ ഓർമ പുതുക്കുന്ന ദിവസങ്ങൾ. സമൃദ്ധിയുടെ അപ്പവും സ്‌നേഹത്തിന്റെ മധുരവും ആഹ്ലാദവും നന്മയുമെല്ലാം പരസ്പരം പകർന്ന്‌, സാഹോദര്യത്തിന്റെയും പ്രതീക്ഷയുടെയും സമലോകമൊരുക്കുന്ന ക്രിസ്മസ് ആഘോഷത്തിലാണ്‌ ലോകമെങ്ങുമുള്ള ക്രൈസ്‌തവർ. എന്നാൽ ഇന്ത്യയിൽ വ്യത്യസ്‌തമാണ്‌ സ്ഥിതി. വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്‌മസിന്റെ അനുബന്ധ പരിപാടികൾ തടഞ്ഞും കാരൾ സംഘത്തെവരെ ആക്രമിച്ചും സംഘർഷാന്തരീക്ഷമുണ്ടാക്കുകയാണ്‌ സംഘപരിവാർ. ആർഎസ്‌എസും ബജ്‌രംഗ്‌ദളും വിഎച്ച്‌പിയുമെല്ലാം നേതൃത്വം നൽകുന്ന ഇ‍ൗ സംഘം അപരമതവിദ്വേഷം കൂടുതൽ തീവ്രമാക്കുകയാണ്‌. മോദിഭരണത്തിന്റെ തണലിൽ ഹിന്ദുത്വവാദം തഴച്ചുവളരുന്നതാണ്‌ ഏതാനും വർഷങ്ങളായി രാജ്യം ദർശിക്കുന്നത്‌. പരസ്യമായ ന്യൂനപക്ഷവേട്ടയ്‌ക്കുപുറമേ ജനാധിപത്യ സംവിധാനത്തിൽനിന്നുതന്നെ അകറ്റാനുള്ള ശ്രമം ഭരണഘടനാസ്ഥാപനങ്ങളെ കൂട്ടുപിടിച്ചും അതിതീവ്രമാക്കുകയാണ്‌.


​ക്രിസ്‌മസിന്റെ തലേന്ന്‌ ഛത്തീസ്‌ഗഡിൽ ബന്ദ്‌ ആചരിക്കണമെന്ന സംഘപരിവാറിന്റെ ആഹ്വാനം ജനാധിപത്യമൂല്യങ്ങൾക്ക്‌ നിരക്കാത്തതാണ്‌. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലാകട്ടെ സ്‌കൂളുകൾക്ക്‌ ക്രിസ്‌മസ്‌ അവധി നിഷേധിച്ച്‌, പകരം ബിജെപി നേതാവും മുൻപ്രധാനമന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്‌ദി ആഘോഷിക്കാനുള്ള തീരുമാനം അടിച്ചേൽപ്പിച്ചു. മധ്യപ്രദേശിലെ ജബൽപുരിൽ ക്രിസ്‌മസ്‌ പരിപാടിയിൽ പങ്കെടുത്ത കാഴ്‌ചപരിമിതിയുള്ള യുവതിയെ ബിജെപി നേതാവ്‌ കൈയേറ്റം ചെയ്യുന്നതും നാം കണ്ടു. രാജസ്ഥാനിൽ കുട്ടികൾ സാന്താക്ലോസിന്റെ മുഖംമൂടി ധരിച്ചുവരുന്നത്‌, വർഗീയവാദികളുടെ ഭീഷണിയെത്തുടർന്ന്‌ അധികൃതർതന്നെ വിലക്കി. ഡൽഹിയിൽ കാരൾ സംഘത്തെ വിലക്കി. ബിജെപി ഭരിക്കുന്ന പലയിടത്തും പ്രാർഥനകൾ തടഞ്ഞു. ഭീഷണിയും മറ്റും തുടരുന്നു.


​സ്ഥിതിഗതികളിൽ വിവിധ ക്രൈസ്‌തവസംഘടനകൾ ആശങ്കയും പ്രതിഷേധവും അറിയിച്ചിട്ടും ആവശ്യമായ നടപടികളെടുക്കാൻ മടിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നിലപാട്‌ സംശയാസ്‌പദമാണ്‌. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ചില സംഘടനകളും ഇന്ത്യയിലെ ക്രൈസ്‌തവവേട്ടയിൽ ആശങ്ക പങ്കുവയ്‌ക്കുന്നു. യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറവും കാത്തലിക്‌ ബിഷപ്‌സ്‌ കോൺഫറൻസ്‌ ഓഫ്‌ ഇന്ത്യയും പ്രതിഷേധം അറിയിച്ചെങ്കിലും ഭീതിയുടെ അന്തരീക്ഷമൊഴിവാക്കാനുള്ള നടപടികളൊന്നും കേന്ദ്രസർക്കാർ കൈക്കൊള്ളുന്നില്ല. ഒരുവശത്ത്‌ തെരഞ്ഞെടുപ്പ്‌ മാത്രം ലക്ഷ്യമിട്ടുള്ള പ്രീണനനയവും മറുവശത്ത്‌ അക്രമികൾക്ക്‌ ഒത്താശ ചെയ്യുന്ന നയവുമാണ്‌ ബിജെപി സ്വീകരിക്കുന്നത്‌. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയ ക്രിസ്‌ത്യൻപള്ളിയാണ്‌ പിന്നീട്‌ സംഘപരിവാർ സംഘം തകർത്തത്‌. ഇത്തവണയും മോദിയുടെ പതിവുസന്ദർശന നാടകങ്ങളുണ്ട്‌. മുമ്പ്‌ ന്യൂനപക്ഷങ്ങളുടെ ആഘോഷദിവസം പൊതുപ്രവേശനപരീക്ഷകൾ നടത്താനുള്ള മന്ത്രാലയത്തിന്റെ തീരുമാനം വിവാദമായിരുന്നു. വലിയ പ്രതിഷേധത്തിനൊടുവിലാണ്‌ അത്‌ പിൻവലിച്ചത്‌.


​നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 മുതല്‍ ഹിന്ദുത്വ ശക്തികള്‍ ക്രൈസ്തവ വേട്ട തുടരുകയാണ്. മതപരിവര്‍ത്തനം ആരോപിച്ച് പുരോഹിതരെയും കന്യാസ്‌ത്രീകളെയും കള്ളക്കേസില്‍ കുടുക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പതിവാണ്. ഇത്തരം സംഭവങ്ങളിൽ കുറ്റവാളികള്‍ക്കെതിരെ പരാതിപ്പെട്ടാലും പൊലീസ് നടപടി എടുക്കാറില്ല. വിദേശ മിഷനറിയായ ഗ്രഹാം സ്‌റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയതും കന്ദമലിൽ കന്യാസ്‌ത്രീകളെ ആക്രമിച്ചതും സ്‌റ്റാൻസ്വാമിയിലെ ജയിലിലടച്ച്‌ മരണത്തിലേക്കു നയിച്ചതുമെല്ലാം ചരിത്രത്തിലുണ്ട്‌. മതപരിവർത്തനം ആരോപിച്ച്‌ കന്യാസ്ത്രീകളെ ജയിലിലിട്ടതും തിരുവനന്തപുരം സ്വദേശിയായ വൈദികനെ കള്ളക്കേസിൽ ജയിലിലടച്ചതും അടുത്ത കാലത്താണ്‌.


​മതനിരപേക്ഷതയുടെ തുരുത്തായ കേരളത്തിലും ഇത്തരത്തിലുള്ള വിദ്വേഷപ്രവണതകൾ കൊണ്ടുവരാൻ ആസൂത്രിതനീക്കം ചില കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്‌. പാലക്കാട്ട്‌ കാരൾ നടത്തിയ കുട്ടികളെ സംഘപരിവാർ പ്രവർത്തകൻ ആക്രമിച്ചു. കുട്ടികളുടെ ബാൻഡും മറ്റും നശിപ്പിച്ചു. വ്യാപക പ്രതിഷേധമുണ്ടായ സംഭവത്തിൽ ബിജെപിയുടെ ഉന്നതനേതാവ്‌ നടത്തിയ പരാമർശം തികച്ചും പ്രതിഷേധാർഹമാണ്‌. കുട്ടികൾ മദ്യപിച്ചിരുന്നുവെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. കുട്ടികളോടുപോലും വിദ്വേഷം പ്രകടിപ്പിക്കാനുള്ള ചിന്താഗതി കേരളത്തിന്റെ മനഃസാക്ഷിക്കു ചേർന്നതല്ല. അതിനുമുൻപ്‌ ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന സ്‌കൂളുകളിൽ ക്രിസ്‌മസ്‌ ആഘോഷം പാടില്ലെന്ന തീരുമാനവും വന്നു. കേരളത്തിൽ സംഘപരിവാറിന്‌ സ്വാധീനമുള്ള മാനേജ്‌മെന്റ്‌ വിദ്യാലയങ്ങളിലും ഇത്തരം ആഘോഷങ്ങളോ പരിപാടികളോ സംഘടിപ്പിക്കരുതെന്ന്‌ നിർദേശിച്ചു. എന്നാൽ; ഇ‍ൗ നീക്കം അനുവദിക്കില്ലെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്‌തമാക്കിയിരുന്നു.

​കേരളത്തിൽ ഏത്‌ ആഘോഷവും ജനകീയമായി നടത്താനുള്ള എല്ലാ സ‍ൗകര്യങ്ങളും സർക്കാർ ഉറപ്പാക്കുന്നുണ്ട്‌. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേരത്തേ നൽകി.


ആഘോഷവേളകളിലെ വിലക്കയറ്റം നിയന്ത്രിക്കാൻ പൊതുവിപണികളും ഫെയറുകളും ഒരുക്കിയിട്ടുണ്ട്‌. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും സർക്കാർ സംവിധാനങ്ങൾ ശ്രദ്ധിക്കുന്നു. മതന്യൂനപക്ഷങ്ങൾക്ക്‌ ആശങ്കയില്ലാതെ കഴിയാനുള്ള സാഹചര്യം കേരളത്തിലുണ്ട്‌. വിശ്വാസം സംരക്ഷിക്കാനും ആചാരാനുഷ്‌ഠാനങ്ങൾ പാലിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്‌. അതിനുഭംഗം വരുത്തുന്ന വർഗീയവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്‌.


അങ്ങനെ നടപടിയെടുക്കുന്ന സർക്കാരും സിപിഐ എം നേതൃത്വം നൽകുന്ന ഇടതുപക്ഷവും സജീവമായതുകൊണ്ടാണ്‌ കലാപങ്ങളില്ലാത്ത നാടായി കേരളം മാറിയത്‌. അതിനിയും തുടരുമെന്നതിൽ സംശയം വേണ്ട. വർഗീയവിദ്വേഷം പരത്താനും തമ്മിലടിപ്പിക്കാനും ചില തൽപ്പരകക്ഷികൾ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും അതെല്ലാം കൂട്ടായി ചെറുക്കാനുള്ള ആർജവം ഇ‍ൗ നാടിനുണ്ട്‌. ഓണവും വിഷുവും ക്രിസ്‌മസും ബക്രീദുമെല്ലാം മലയാളികളുടെയെല്ലാം ഹൃദയത്തിലലിഞ്ഞു ചേർന്ന ഉത്സവങ്ങളാണ്‌. അതിൽ വിഷം കലക്കി മുതലെടുപ്പു നടത്തുന്നവരെ നമുക്ക്‌ അകറ്റിനിർത്താം.


​2025 മായുകയാണ്‌. അതോടൊപ്പം കഴിഞ്ഞുപോയ ദിനങ്ങളിലെ വേദനകളും സന്തോഷങ്ങളുമെല്ലാം ഭൂതകാലമാകും. നൂറ്റാണ്ടിന്റെ കാൽഭാഗം കൊഴിയുന്ന ദശാസന്ധിയിലെ ക്രിസ്‌മസ്‌ കാലവും പ്രതീക്ഷകളുടെയും പ്രത്യാശയുടെയും നക്ഷത്രരേണുക്കളാൽ നിറയട്ടെ. വിശ്വമാനവികതയുടെ നിത്യപ്രകാശമാണ്‌ ക്രിസ്‌മസ്‌ അടക്കമുള്ള ആഘോഷങ്ങൾ. മനുഷ്യനന്മയിൽ വിശ്വാസമില്ലാത്തവരുടെ വീണ്ടുവിചാരമില്ലാത്ത വികാരധാരകൾക്ക്‌ ആ നക്ഷത്രദീപ്‌തികളെ കെടുത്തിക്കളയാനാകില്ല. ഏവർക്കും ദേശാഭിമാനിയുടെ ക്രിസ്‌മസ്‌ ആശംസകൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home