ad
Deshabhimani

നീതിദേവതയുടെ തുലാസിലെ ജാതിബോധം

editorial today
വെബ് ഡെസ്ക്

Published on May 09, 2026, 12:01 AM | 2 min read

ജാതിവ്യവസ്ഥ രൂഢമൂലമായ ഇന്ത്യൻ സമൂഹത്തിലെ തൊഴിൽവിഭജനത്തെക്കുറിച്ച്‌ ഡോ. ബി ആർ അംബേദ്‌കർ പറഞ്ഞത്‌, അത്‌ സ്വാഭാവിക അഭിരുചിയിൽ അധിഷ്‌ഠിതമല്ല എന്നാണ്‌. ‘‘വ്യക്തികൾ തെരഞ്ഞെടുക്കപ്പെടുന്നത്‌ പരിശീലനം സിദ്ധിച്ച കഴിവിന്റെ അടിസ്ഥാനത്തിലല്ല. മാതാപിതാക്കളുടെ സാമൂഹികപദവിയുടെ അടിസ്ഥാനത്തിലാണ്‌. തൊഴിലിന്റെ ഇ‍ൗ അടരുകൾ ജാതിവ്യവസ്ഥയിലധിഷ്‌ഠിതമാണ്‌.’’ 1936ൽ ലാഹോറിലെ ജാത്‌–പാത്‌ തോഡക്‌ മണ്ഡലിന്റെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കാനായി അംബേദ്‌കർ തയ്യാറാക്കിയ അധ്യക്ഷപ്രസംഗത്തിലാണ്‌ ഇ‍ൗ പരാമർശമുള്ളത്‌. അംബേദ്‌കർ ഇക്കാര്യം പറഞ്ഞ്‌ 90 വർഷം കഴിഞ്ഞിട്ടും ജാതിവ്യവസ്ഥയുടെ മാറാലക്കെട്ടുകൾ ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ അടരുകളിലുമുണ്ടെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ജുഡീഷ്യറിയിലുണ്ടായ സമീപകാല സംഭവങ്ങൾ.


ഒഡിഷ ഹൈക്കോടതി ജഡ്‌ജി സഞ്‌ജീബ്‌ കുമാർ പാണിഗ്രഹി ചില പ്രതികൾക്ക്‌ ജാമ്യം നൽകുന്പോൾ നിർബന്ധപൂർവം അടിച്ചേൽപ്പിച്ച ഉപാധികൾ ഇന്ത്യൻ നീതിന്യായവ്യവസ്ഥയിലെ ചിലരുടെയെങ്കിലും മനസ്സിൽ ആഴത്തിൽ വേരൂന്നിയ ജാതിബോധത്തിന്റെയും കീഴാളവിരുദ്ധതയുടെയും ഞെട്ടിക്കുന്ന തെളിവുകളാണ്‌. ദളിത്-–ആദിവാസി വിഭാഗങ്ങളിൽപ്പെട്ട പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ അദ്ദേഹം മുന്നോട്ടുവച്ച ഉപാധികൾ ഇവയെല്ലാമാണ്‌: പൊലീസ് സ്റ്റേഷനുകളും ബാങ്കുകളും ക്ഷേത്രങ്ങളും വൃത്തിയാക്കുക, പരിസരം വൃത്തിയാക്കുന്നതടക്കമുള്ള ജോലികൾ ചെയ്യുക.


2025 ഏപ്രിൽമുതൽ സെപ്‌തംബർവരെ 50 ജാമ്യാപേക്ഷകളിലാണ്‌ ഇത്തരത്തിലുള്ള കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്‌. രാവിലെ ആറിനും പത്തിനും ഇടയ്‌ക്ക്‌ മൂന്നുമണിക്കൂർ ജോലി ചെയ്യണമെന്നായിരുന്നു ഓണറബിൾ ന്യായാധിപന്റെ കൽപ്പന. ബാങ്ക്‌ വായ്‌പയെടുത്ത്‌ തിരിച്ചടവിൽ വീഴ്‌ചവരുത്തിയ ഒരു സ്‌ത്രീയോട്‌, മാസങ്ങളോളം അതേ ബാങ്കിന്റെ തറ തുടയ്‌ക്കാനുമുള്ള ക്രൂരവും അപഹാസ്യവുമായ കൽപ്പനയും ജസ്റ്റിസ്‌ പാണിഗ്രഹിയിൽനിന്ന്‌ ഉണ്ടായി. പല പ്രതികളോടും മൂന്നുമാസംവരെ ജോലി ചെയ്യണമെന്നും നിർദേശിച്ചു.


ഇ‍ൗ വ്യവസ്ഥകൾ കഴിഞ്ഞദിവസം സുപ്രീംകോടതി ശക്തമായ ഭാഷയിൽ തള്ളിക്കളഞ്ഞതോടെയാണ്‌ സംഭവം രാജ്യത്തി‍ന്റെ ശ്രദ്ധയിലെത്തിയത്‌. അരികുവൽക്കരിക്കപ്പെട്ട ജനതയോടുള്ള ഇ‍ൗ വിവേചനപരമായ സമീപനത്തെ ജാതീയവും അപമാനകരവും ഭരണഘടനാവിരുദ്ധവും എന്നാണ്‌ സുപ്രീംകോടതി വിശേഷിപ്പിച്ചത്‌. ഇത്തരത്തിലുള്ള ജാമ്യനിബന്ധനകൾ നിയമപരമല്ലെന്ന്‌ ചൂണ്ടിക്കാട്ടിയ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്റ്റിസ്‌ ജോയ്‌മാല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ച്‌ അവ ഒഴിവാക്കാൻ രാജ്യത്തെ എല്ലാ കോടതികൾക്കും നിർദേശം നൽകി. ജുഡീഷ്യറിയിലെ കൊളോണിയൽ മനോഭാവവും ജാതിവിവേചനവുമാണ്‌ ഇത്‌ കാണിക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.


തീവ്രവലതുപക്ഷം ഭരിക്കുന്ന രാജ്യത്ത്‌ തൊഴിലാളികളോടും സാമൂഹികവും സാന്പത്തികവുമായി പിന്നാക്കംനിൽക്കുന്നവരോടുമുള്ള അധികാരിവർഗത്തിന്റെ സമീപനം കൂടുതൽ കൂടുതൽ പ്രതിലോമകരമായി വരികയാണെന്നതിന്റെ ഉത്തമോദാഹരണമാണ്‌ പാണിഗ്രഹി എന്ന ന്യായാധിപന്റെ തീട്ടൂരങ്ങൾ. നിയമം അനുശാസിക്കുന്നതിനപ്പുറമുള്ള ശിക്ഷാവിധി കൽപ്പിക്കാൻ ഇ‍ത്തരം ന്യായാധിപരെ പ്രേരിപ്പിക്കുന്നത്‌ സഹസ്രാബ്‌ദങ്ങളായി ഇന്ത്യൻ മനസ്സുകളിൽ അടിഞ്ഞുകൂടിയ വരേണ്യബോധമല്ലാതെ മറ്റൊന്നുമല്ല.


ഇന്ത്യയിലെ പല ജയിലുകളിലും തടവുകാർക്ക്‌ ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിലുകൾ വീതിച്ചുനൽകിയതിനെക്കുറിച്ചുള്ള വിവരങ്ങൾ 2024ൽ പുറത്തുവന്നത്‌ ഇ‍ൗ സാഹചര്യത്തിൽ ഓർക്കേണ്ടതാണ്‌. ശുചിമുറി വൃത്തിയാക്കലിന്‌ ദളിത് വിഭാഗക്കാരെയും പാചകത്തിന്‌ മേൽജാതിക്കാരെയും മാത്രമായി നിയോഗിക്കുന്ന തരത്തിലായിരുന്നു ചില സംസ്ഥാനങ്ങളിലെ ജയിൽ മാന്വലുകളിലെ തൊഴിൽവിഭജനം. അടുക്കള വൃത്തിയാക്കൽ, മലിനജലം നീക്കംചെയ്യൽ, മുടിവെട്ടൽ, കൃഷിപ്പണി, ഓഫീസ് സഹായം തുടങ്ങിയ ജയിലിനകത്തെ ജോലികൾക്ക്‌ ദളിത്‌, ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ വ്യാപകമായി നിയോഗിച്ചിരുന്നു. ഇ‍ൗ വിവേചനത്തെ സുപ്രീംകോടതിതന്നെ രൂക്ഷമായി വിമർശിച്ചിരുന്നു. തൊട്ടുകൂടായ്‌മ നിരോധിക്കുന്ന ഭരണഘടനയുടെ 17–ാം അനുച്ഛേദം ലംഘിക്കാൻ പാടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. പല സംസ്ഥാനങ്ങളിലെയും ജയിൽ മാന്വലുകൾ തിരുത്താനും ആവശ്യപ്പെട്ടിരുന്നു. കോടതികളിലും ജയിലുകളിലും തുടരുന്ന ജാതിവിവേചനം, സമൂഹത്തിന്റെ എല്ലാ തട്ടിലും ഇന്നും നിലനിൽക്കുന്ന ക്രൂരമായ ജാതിവിവേചനത്തിന്റെ പ്രതിഫലനം മാത്രമാണ്‌.


എല്ലാ അർഥത്തിലും ഭരണഘടനാവ്യവസ്ഥകളുടെ ലംഘനമാണിത്‌. എല്ലാ പൗരന്മാർക്കും നിയമത്തിനുമുമ്പിൽ സമത്വവും തുല്യ സംരക്ഷണവും ഉറപ്പുനൽകുന്ന അനുച്ഛേദം 14, മതം, ജാതി, വർഗം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്ന അനുച്ഛേദം 15, പൊതുജോലികളിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ലെന്ന്‌ നിർദേശിക്കുന്ന അനുച്ഛേദം 16, തൊട്ടുകൂടായ്മ നിർത്തലാക്കുകയും ഏതു രൂപത്തിലുള്ള അതിന്റെ ആചരണം നിരോധിക്കുകയും ചെയ്യുന്ന അനുച്ഛേദം 17 എന്നിവയുടെ നഗ്നമായ ലംഘനമാണ്‌ ഇവയെല്ലാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home