ബിഹാറും അടപടലം; ഇനി എന്ന് പഠിക്കും കോൺഗ്രസ്

ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി കോൺഗ്രസ് മാറുന്നുവെന്ന വിമർശം ഉയർന്നുതുടങ്ങിയിട്ട് നാളുകളായി. എന്തായാലും നന്നാകില്ലെന്ന് സ്വയം തീരുമാനിച്ച മട്ടിലാണ് അവരുടെ പ്രവർത്തനം. ഏറ്റവും ഒടുവിൽ ബിഹാറിലെ കോൺഗ്രസ് നിയമസഭാകക്ഷി ഒന്നാകെ എൻഡിഎയിലേക്ക് പോകുന്നുവെന്ന മാധ്യമ റിപ്പോർട്ടുകളും ഇതിലേക്ക് വിരൽചൂണ്ടുന്നു.
ആകെയുള്ള ആറ് എംഎൽഎമാരും കോൺഗ്രസിൽനിന്ന് വിട്ടുനിൽക്കുകയാണ്. ബിജെപിയാണോ ജനതാദൾ യു ആണോ എൽജെപിയാണോ ഇവരുടെ താവളമെന്നുമാത്രമേ അറിയാനുള്ളൂ. തിങ്കളാഴ്‌ച പട്‌നയിൽ മുതിർന്ന നേതാക്കൾ പങ്കെടുത്ത വിരുന്നും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ പ്രക്ഷോഭം തീരുമാനിക്കാൻ പിസിസി അധ്യക്ഷൻ രാജേഷ് റാം വിളിച്ച യോഗവും ഇവർ ബഹിഷ്‌കരിച്ചതോടെയാണ് നീക്കം വെളിച്ചത്തായത്. കോൺഗ്രസ് എംഎൽഎമാർ മകരസംക്രാന്തിക്കുശേഷം എൻഡിഎയിലെത്തുമെന്ന് മന്ത്രിയും എൽജെപി (രാംവിലാസ്) വിഭാഗം നേതാവുമായ സഞ്‌ജയ് സിങ് പ്രഖ്യാപിക്കുകയും ചെയ്‌തു.
2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെത്തന്നെ ദുർബലപ്പെടുത്തി വിലപേശിയാണ് കോൺഗ്രസ് 61 സീറ്റിൽ മത്സരിച്ചത്. ജയിച്ചത് ആറിടത്തുമാത്രം. രണ്ടുമാസം തികയുംമുന്പ് ആറുപേരും എൻഡിഎയിലെത്തുന്നതോടെ ബിഹാർ മറ്റൊരു അരുണാചൽപ്രദേശാകും.
അരുണാചൽപ്രദേശടക്കം നാല് സംസ്ഥാനങ്ങളിൽ ഇന്ന് ബിജെപിയുടെ മുഖ്യമന്ത്രിമാർ മുൻ കോൺഗ്രസ് നേതാക്കളാണ്. മണിക് സാഹ- (ത്രിപുര), ഹിമന്ത് ബിശ്വ ശർമ (അസം), പേമ ഖണ്ഡു (അരുണാചൽ), നെയ്ഫിയു റിയോ (നാഗാലാൻഡ്). അശോക് ചവാനും ദിഗംബർ കാമത്തും അടക്കം കോൺഗ്രസിന്റെ 10 മുഖ്യമന്ത്രിമാരാണ് പാർടി വിട്ടത്. ഇതിൽ ഗുലാം നബി ആസാദ് ഒഴികെയുള്ള ഒമ്പതുപേരും ബിജെപി പാളയത്തിലേക്ക് ചേക്കേറി. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ടുപ്രകാരം 2014 മുതൽ 2021 നവംബർവരെ തെരഞ്ഞെടുപ്പുവിജയം തേടി പാർടി വിട്ട കോൺഗ്രസുകാർ 393 പേർ. ഇതിൽ 173 പേർ എംപിമാരോ എംഎൽഎമാരോ ആയിരുന്നു.
വർഗീയത, സാന്പത്തികനയം എന്നിവയിൽ ബിജെപിയുടെ ബി ടീമായതിന്റെ പരിണതഫലമാണ് ഇൗ ഒഴുക്കെന്ന് അവർ തിരിച്ചറിയുന്നില്ലെന്നതാണ് ഏറെ പരിതാപകരം. ബിജെപിയെ നേരിടാൻ മതനിരപേക്ഷ–ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുപകരം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇൗ നിലപാടിൽ പ്രതിഷേധിച്ചാണ് ഗുലാം നബി ആസാദും കപിൽ സിബലും അശ്വനികുമാറും കെ വി തോമസും പി സി ചാക്കോയുമടക്കമുള്ള നേതാക്കൾ കോൺഗ്രസ് വിട്ടത്.
എന്നിട്ടും കോൺഗ്രസ് മൃദുഹിന്ദുത്വം ഉപേക്ഷിക്കുന്നില്ല. ബാബ്‌റി മസ്ജിദ് കേസിൽ സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകസ്ഥാനത്തുനിന്ന് പിന്മാറാൻ കപിൽ സിബലിനോട് പാർടി ആവശ്യപ്പെട്ടത് 2018ലാണ്. ശിലാന്യാസ സമയത്ത് രാഹുൽ ഗാന്ധി ശ്രീരാമനെ വാഴ്‌ത്തിയെങ്കിൽ, അയോധ്യയിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനാണെന്നു പറഞ്ഞ് പ്രിയങ്ക ഗാന്ധി രാമക്ഷേത്രത്തിലേക്ക് വെള്ളി ഇഷ്ടിക കൊടുത്തയക്കുകയും ചെയ്‌തു. പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നപ്പോൾ കർണാടക സർക്കാരിനുകീഴിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും പ്രാർഥനയും നടത്താൻ കോൺഗ്രസ് സർക്കാർ പ്രത്യേക ഉത്തരവിറക്കി. ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാരാകട്ടെ പൊതു അവധി പ്രഖ്യാപിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രധാന തെരഞ്ഞെടുപ്പുവാഗ്ദാനം, അധികാരത്തിലെത്തിയാൽ നൂറ് അസംബ്ലി മണ്ഡലങ്ങളിൽ 10 കോടിവീതം ചെലവിട്ട് രാമക്ഷേത്രം പണിയുമെന്നായിരുന്നു.
ഏക സിവിൽ കോഡ് വിഷയത്തിലും വ്യക്തമായ നിലപാടില്ലാതെ കോൺഗ്രസ് ഉരുണ്ടുകളിച്ചു. ലോക്‌സഭയിൽ മുത്തലാഖ് ബിൽ ഭരണഘടനാവിരുദ്ധമാണെന്ന നിലപാടിൽ സിപിഐ എം എംപിമാർ ബില്ലിനെതിരെ വോട്ട് ചെയ്തപ്പോൾ കോൺഗ്രസ് എംപിമാർ ഒന്നടങ്കം സഭ ബഹിഷ്കരിക്കുകയാണ് ചെയ്തത്. കോൺഗ്രസും ബിജെപിയും ഒന്നിച്ചാണ് എൻഐഎ ഭേദഗതി ബിൽ പാസാക്കാൻ കൈ പൊക്കിയത്. ബിജെപി സർക്കാർ രാഷ്ട്രീയലക്ഷ്യങ്ങളോടെ കൊണ്ടുവന്ന യുഎപിഎ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാനും കോൺഗ്രസിന് മടിയുണ്ടായില്ല. ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിപക്ഷസംസ്ഥാനങ്ങളെ വേട്ടയാടിയപ്പോൾ അതിലും ഇരട്ടത്താപ്പാണ് സ്വീകരിച്ചത്. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ വേട്ടയാടിയപ്പോൾ അതിന് പൂർണപിന്തുണ നൽകി കോൺഗ്രസ്.
കേരളത്തിലും ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധം തുടരുന്നതിൽ ഒരപകടവും കോൺഗ്രസ് കാണുന്നില്ല. മറ്റത്തൂരിൽ പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിക്കാതിരിക്കാൻ ബിജെപിയുമായി ചേർന്നുവെന്നുമാത്രമല്ല, ജയിച്ച എട്ട് അംഗങ്ങളും കോൺഗ്രസിൽനിന്ന് രാജിവച്ചതും ഞെട്ടിക്കുന്നതാണ്. സ്ഥിരംസമിതി തെരഞ്ഞെടുപ്പുകളിലും ഇൗ കൂട്ടുകെട്ട് കൂടുതൽ തെളിഞ്ഞു. ഇൗ പോക്ക് അരുണാചൽപ്രദേശും അസമുംപോലെ കോൺഗ്രസിന്റെ സർവനാശത്തിലേക്കായിരിക്കുമെന്നതിൽ തർക്കമില്ല. ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്പിൽ കുന്പിട്ടുവണങ്ങി വിളക്കുകൊളുത്തിയ പ്രതിപക്ഷനേതാവ് പാർടിയെ നയിക്കുന്പോൾ മറ്റൊന്നും പ്രതീക്ഷിക്കാനില്ലല്ലോ.










0 comments