ad
Deshabhimani

കലങ്ങിമറിയുന്ന അയൽപക്കം

wayanad housewife suicide
വെബ് ഡെസ്ക്

Published on Dec 22, 2025, 12:01 AM | 2 min read


ഷെയ്ഖ്‌ ഹസീന സർക്കാരിന്റെ പതനത്തെ തുടർന്ന്‌ ഒന്നര വർഷത്തോളമായി ബംഗ്ലാദേശ്‌ അകപ്പെട്ട പ്രതിസന്ധി പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്‌. ഹസീനയുടെ അവാമി ലീഗ്‌ സർക്കാരിനെ താഴെയിറക്കിയ വിദ്യാർഥിപ്രക്ഷോഭത്തിന്റെ നേതാക്കളിൽ ഒരാളായ ഷെറീഫ്‌ ഉസ്‌മാൻ ഹാദിയുടെ കൊലപാതകമാണ്‌ രാജ്യത്ത്‌ പുതിയ സംഘർഷങ്ങൾക്കും കലാപസ്ഥിതിക്കും ഇടയാക്കിയിരിക്കുന്നത്‌.


വിദ്യാർഥിപ്രക്ഷോഭകർക്കിടയിൽ പിന്നീടുണ്ടായ ഭിന്നതകൾക്കോ അവാമി ലീഗ്‌ വിരുദ്ധപക്ഷത്തുള്ള ബംഗ്ലാദേശ്‌ നാഷണലിസ്റ്റ്‌ പാർടി (ബിഎൻപി), ബംഗ്ലാദേശ്‌ ജമാഅത്തെ ഇസ്ലാമി എന്നിവയ്ക്കോ ഹാദിയുടെ വധത്തിൽ പങ്കുണ്ടോയെന്ന്‌ അന്വേഷിച്ച്‌ കണ്ടെത്തേണ്ട കാര്യമാണ്‌. ഇപ്പോൾ ഈ സംഭവം ആ രാജ്യത്തിനകത്തെ സ്ഥിതി വഷളാക്കാനും ഇന്ത്യാവിരുദ്ധ വികാരം മൂർച്ഛിപ്പിക്കാനും സ്ഥാപിത താൽപ്പര്യക്കാർ ആയുധമാക്കുന്നു എന്നതാണ്‌ ഗൗരവമുള്ള കാര്യം. ദക്ഷിണേഷ്യൻ മേഖലയിലാകെ അപകടകരമായ പ്രതിഫലനങ്ങൾക്ക്‌ ഇടയാക്കുന്നതാണിത്‌. രണ്ടുമാസത്തിനകം രാജ്യത്ത്‌ തെരഞ്ഞെടുപ്പ്‌ നടത്താനിരിക്കെ മുതലെടുപ്പിന്‌ ശ്രമങ്ങളുണ്ടാകും എന്നുറപ്പാണ്‌. അത്തരം നീക്കങ്ങൾ അവിടത്തെ ജനങ്ങളുടെ ജനാധിപത്യാഭിലാഷങ്ങളെയും ഭാഷാഭിമാനത്താൽ പ്രചോദിതമായി രൂപീകരിക്കപ്പെട്ട രാജ്യത്തിന്റെ സ്വത്വത്തെയും അട്ടിമറിക്കുന്നതാകും.


​ബംഗ്ലാദേശ്‌ വിമോചന പോരാളികളുടെ അനന്തരാവകാശികൾക്ക്‌ നൽകിയിരുന്ന തൊഴിൽ സംവരണം സുപ്രീംകോടതി ഉത്തരവിനെ തുടർന്ന്‌ പുനഃസ്ഥാപിച്ചതാണ്‌ 15 വർഷമായി രാജ്യം ഭരിച്ചുവന്ന ഹസീനയ്‌ക്കെതിരെ കഴിഞ്ഞവർഷം ജൂലൈയിൽ വിദ്യാർഥിപ്രക്ഷോഭത്തിന്‌ ഇടയാക്കിയത്‌. പ്രധാനമന്ത്രിസ്ഥാനം രാജിവച്ച്‌ രാജ്യം വിടാൻ ഹസീന നിർബന്ധിതമായതിനെ തുടർന്ന്‌ സമാധാന നൊബേൽ സമ്മാന ജേതാവ്‌ മുഹമ്മദ്‌ യൂനുസ്‌ നയിക്കുന്ന ഇടക്കാല സർക്കാരാണ്‌ ഇപ്പോൾ അധികാരത്തിൽ. ഈ സർക്കാർ നിയമിച്ച ട്രിബ്യൂണൽ അന്താരാഷ്‌ട്ര നിയമങ്ങൾ പാലിക്കാതെ അടുത്തിടെ ഹസീനയുൾപ്പെടെ മുൻ സർക്കാരിലെ ചിലർക്ക്‌ വധശിക്ഷയടക്കം വിധിച്ചിരുന്നു.


ഇന്ത്യയിൽ അഭയംതേടിയ ഹസീനയെ വിട്ടുകിട്ടണമെന്ന ഇടക്കാല സർക്കാരിന്റെ ആവശ്യം അംഗീകരിക്കപ്പെടാത്തത്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കിയിട്ടുണ്ട്‌. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയും ഇന്ത്യയിൽ ബംഗ്ലാദേശി എന്നാരോപിച്ച്‌ മുസ്ലിങ്ങൾക്കെതിരെയും അക്രമസംഭവങ്ങളും വർധിക്കുകയാണ്‌. കഴിഞ്ഞദിവസം പാലക്കാട്‌ സംഘപരിവാറുകാർക്ക്‌ മുൻതൂക്കമുള്ള ഒരാൾക്കൂട്ടം ബംഗ്ലാദേശി മോഷ്ടാവ്‌ എന്നാരോപിച്ച്‌ ഛത്തീസ്‌ഗഡുകാരനായ ഹിന്ദു യുവാവിനെ ക്രൂരമായി മർദിച്ചുകൊന്നത്‌ ഈ വിദ്വേഷാക്രമണങ്ങളിൽ ഒടുവിലത്തേതാണ്‌.


​ഈ സാഹചര്യത്തിൽ ഒന്നിച്ചുനിൽക്കേണ്ട അയൽരാജ്യങ്ങൾ തമ്മിലും അവയ്ക്കുള്ളിലും സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടത്‌ പരമപ്രധാനമാണ്‌. ബംഗ്ലാദേശിൽ ഇപ്പോൾ ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിക്കുന്ന ഹാദിവധത്തിലെ വസ്‌തുതകൾ പുറത്തുകൊണ്ടുവന്ന്‌ കുറ്റവാളികളെ ശിക്ഷിക്കേണ്ടത്‌ അതിനാവശ്യമാണ്‌. ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാർഥികൾ തുടർന്ന്‌ മൂന്ന്‌ വിഭാഗങ്ങളായി പിരിഞ്ഞ അവസ്ഥയിലാണ്‌. ഒരു വിഭാഗം ഇടക്കാല സർക്കാരിന്റെ ഭാഗമായപ്പോൾ മറ്റൊന്ന്‌ നാഷണൽ സിറ്റിസൺ പാർടി (എൻസിപി) എന്ന കക്ഷിയുണ്ടാക്കി. ഇത്‌ രണ്ടിലുംപെടാത്ത വിഭാഗമാണ്‌ കൊല്ലപ്പെട്ട ഹാദിയുടേത്‌. ഇസ്ലാമിക രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളും ജമാഅത്തെ ഇസ്ലാമിയോട്‌ അനുകൂല സമീപനവും പുലർത്തിയിരുന്നെങ്കിലും സമീപകാലത്തായി ഹാദി അവരുടെ നയങ്ങൾക്ക്‌ വിരുദ്ധമായി ലിംഗസമത്വം, എല്ലാവരെയും ഉൾക്കൊള്ളൽ എന്നീ വിഷയങ്ങളിൽ പുരോഗമനപരമായ നിലപാട്‌ സ്വീകരിച്ചിരുന്നതായാണ്‌ കാണുന്നത്‌. ഹാദിയുൾപ്പെടെയുള്ളവരുടെ സഹായത്താൽ അടുത്തിടെ ബംഗ്ലാദേശിലെ നാല്‌ പ്രധാന സർവകലാശാലകളിൽ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥിവിഭാഗം വൻവിജയം നേടിയിരുന്നു. മറ്റൊരു വലതുകക്ഷിയായ ബിഎൻപിയുടെ ശക്തികേന്ദ്രമായ ധാക്ക 8 മണ്ഡലത്തിൽ അവരുടെ പ്രബല നേതാവായ മുൻമന്ത്രിക്കെതിരെ ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു ഹാദി.


​ഹാദിയടക്കമുള്ള വിദ്യാർഥികളുടെ രോഷം മുതലെടുത്ത്‌ ഹസീന സർക്കാരിനെ വീഴ്‌ത്താൻ പിന്നിൽനിന്നവരിൽ ആർക്കെങ്കിലും ഈ കൊലപാതകത്തിൽ പങ്കുണ്ടാകില്ലേ എന്ന്‌ സംശയമുണർത്തുന്നതാണ്‌ ഈ വസ്‌തുതകൾ. ഹസീനയുടെ അവാമി ലീഗ്‌ നിരോധിക്കപ്പെട്ട സാഹചര്യത്തിൽ ബിഎൻപിയാണ്‌ ഇപ്പോൾ രാജ്യത്തെ പ്രധാനകക്ഷി. 2001– -2006ൽ ബിഎൻപി സഖ്യസർക്കാരിൽ പങ്കാളിയായിരുന്ന ജമാഅത്തെ ഇസ്ലാമി ജനപിന്തുണയിൽ തൊട്ടുപിന്നിലുണ്ടെന്നാണ്‌ ചില സർവേകൾ കാണിക്കുന്നത്‌.


വിമോചനയുദ്ധകാലത്ത്‌ പാകിസ്ഥാൻപക്ഷം ചേർന്ന്‌ പോരാളികളെ കൊലപ്പെടുത്തിയ സംഭവങ്ങളിൽ ജമാഅത്തെ നേതാക്കൾക്ക്‌ കോടതി വിധിച്ച വധശിക്ഷ ഹസീനയുടെ ഭരണകാലത്ത്‌ നടപ്പാക്കിയിരുന്നു. തുടർന്ന്‌ തകർന്നുപോയ ഇസ്ലാമികസംഘടന ഭരണമാറ്റത്തോടെയാണ്‌ വീണ്ടും തലപൊക്കിയത്‌. ഈ അനുകൂല സാഹചര്യം ഉപയോഗിച്ച്‌ ജനപിന്തുണ വീണ്ടും വർധിപ്പിക്കുന്നതുവരെ തെരഞ്ഞെടുപ്പ്‌ നീട്ടണമെന്ന്‌ ജമാഅത്തെ ഇസ്ലാമി ആഗ്രഹിച്ചിരിക്കെയാണ്‌ ഹാദി കൊല്ലപ്പെട്ടിരിക്കുന്നത്‌. ഈ സാഹചര്യങ്ങൾ പലതിലേക്കും വിരൽചൂണ്ടുന്നുണ്ട്‌. ന്യൂനപക്ഷങ്ങൾക്കും അയൽക്കാർക്കുമെതിരെ വിദ്വേഷം വളർത്തിയാണ്‌ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും മതരാഷ്‌ട്രവാദികൾ വളരുന്നത്‌ എന്ന്‌ മറക്കാതിരിക്കാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home