രാമക്ഷേത്രമോഷ്‌ടാക്കളെ രക്ഷിക്കാൻ അന്വേഷണപ്രഹസനം

അധികാരാരോഹണത്തിലേക്കുള്ള ഇന്ത്യയിലെ ഹിന്ദുത്വശക്തികളുടെ യാത്രയിൽ അയോധ്യ ഒരു നിർണായക വഴിത്തിരിവാണ്. 1980കളിൽ അയോധ്യയുടെ പേരിൽ നടത്തിയ വർഗീയപ്രചാരണങ്ങളിലൂടെ ഹിന്ദുമതവിശ്വാസികളിൽ വലിയൊരു വിഭാഗത്തെ ആക്രമണോത്സുക ഹിന്ദുത്വയുടെ പാതയിലേക്ക് നയിക്കാൻ ആർഎസ്‌എസിന് സാധിച്ചു. അതുവഴി വർഗീയധ്രുവീകരണം സൃഷ്‌ടിച്ച് വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രത്തിൽത്തന്നെയും അധികാരം പിടിച്ചെടുക്കാനും അത് നിലനിർത്താനും ആർഎസ്‌എസിന്റെ രാഷ്‌ട്രീയരൂപമായ ബിജെപിക്ക് ഇന്ന് സാധിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വളർച്ച മുരടിപ്പും അടക്കമുള്ള പ്രശ്‌നങ്ങൾ ജനങ്ങളിൽ സൃഷ്‌ടിക്കുന്ന അമർഷം ഭരണാധികാരികൾക്ക് അനായാസം മറികടക്കാനാകുന്നത് വർഗീയധ്രുവീകരണത്തിലൂടെയാണ്.
ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യയിൽ സരയു നദിക്കരയിൽ നാലരനൂറ്റാണ്ടായി നിലകൊണ്ടിരുന്ന ബാബ്‌റി മസ്‌ജിദിന്റെ കുംഭഗോപുരങ്ങൾ 1992 ഡിസംബർ ആറിനാണ് കർസേവകർ തകർത്തത്. രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാരിന്റെയും പ്രധാനമന്ത്രി നരസിംഹ റാവുവിന്റെയും പൂർണപിന്തുണയോടെയായിരുന്നു ഇത്. ഇന്ത്യയിൽ ഹിന്ദുത്വതീവ്രവാദം പൂർണവളർച്ചയെത്തിയതിന്റെ പ്രഖ്യാപനംകൂടിയായിരുന്നു ഇന്ത്യൻ മതനിരപേക്ഷതയെ ആഴത്തിൽ മുറിവേൽപ്പിച്ച ആ സംഭവം. പള്ളിപൊളിക്കലിനുമുന്നോടിയായി എൽ കെ അദ്വാനി നടത്തിയ രഥയാത്ര സഞ്ചരിച്ച ഭൂരിഭാഗം ഇടങ്ങളിലും കലാപങ്ങളുണ്ടായി. കലാപങ്ങളിൽ ചിന്തിയ ചോരയിൽനിന്നാണ് ബാബ്‌റി മസ്‌ജിദ് പൊളിച്ചിടത്ത് പിന്നീട് ശ്രീരാമക്ഷേത്രം ഉയർന്നുപൊങ്ങിയത്.
ഇന്നിതാ ആ ക്ഷേത്രം കോടികളുടെ വന്പൻ അഴിമതിയുടെ കറപുരണ്ട, നാണക്കേടിന്റെയും കൊടിയ വഞ്ചനയുടെയും സ്‌തംഭമായി മാറിയിരിക്കുന്നു. ഭക്തർ വിശ്വാസപൂർവം നൽകുന്ന കാണിക്ക മോഷ്‌ടിക്കുന്ന കൊള്ളക്കാരായി ക്ഷേത്ര ട്രസ്റ്റിന്റെ ചുമതലക്കാരായ ആർഎസ്‌എസുകാർ മാറിയിരിക്കുന്നു. മര്യാദപുരുഷോത്തമൻ എന്നുകൂടി വിശേഷണമുണ്ട് ശ്രീരാമന്. അതേ രാമന്റെ ജന്മസ്ഥാനമെന്നു പറയപ്പെടുന്ന അയോധ്യയിൽ നിർമിച്ച രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ കാണിക്കമാത്രമല്ല, വെള്ളിക്കട്ടികളും വെള്ളികൊണ്ടുള്ള പാദുകങ്ങളുമടക്കം ഒരു മര്യാദയുമില്ലാതെ അടിച്ചുമാറ്റിയ വിവരം പുറത്തുവന്നതോടെ ക്ഷേത്രത്തിന്റെ ചുമതലക്കാരായ ആർഎസ്‌എസ്, വിഎച്ച്‌പി നേതാക്കൾ പൊതുജനമധ്യത്തിൽ നഗ്നരായി നിൽക്കേണ്ട അവസ്ഥയിലാണ്.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് അയോധ്യയിലെ രാമക്ഷേത്രം കാണാൻ സംഘപരിവാറുകാർ ആഘോഷംപൂർവം ആനയിച്ചുകൊണ്ടുപോകുന്ന വിശ്വാസികളെയാകെ വഞ്ചിച്ചിട്ടും കോടികളുടെ ഇൗ വെട്ടിപ്പിന് ഉത്തരവാദികളായവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരും യുപി ഭരിക്കുന്ന ആദിത്യനാഥ് സർക്കാരും. ഓരോ കിലോവീതമുള്ള 200 വെള്ളിക്കട്ടികളാണ് മഹാരാഷ്‌ട്രയിലെ സിന്ധി വിഭാഗക്കാർ ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറിയും മുതിർന്ന ആർഎസ്‌എസ് നേതാവുമായ ചമ്പത് റായിക്ക് കൈമാറിയത്. അന്ന് രസീത് തരാൻ ചമ്പത് റായ് തയ്യാറായില്ലെന്ന് ഇഷ്ടിക കൈമാറൽ ചടങ്ങിൽ പങ്കെടുത്ത രാജു വി മൻവാനി വെളിപ്പെടുത്തിയിട്ടുണ്ട്. അഴിമതിസാധ്യത കണക്കിലെടുത്ത് ചിട്ടയായ പ്രവർത്തനപ്രക്രിയ (എസ്‌ഒപി) ആവശ്യമാണെന്ന ഓഡിറ്റിങ് സ്ഥാപനത്തിന്റെ രേഖാമൂലമുള്ള നിർദേശം പാടേ തള്ളിയതും ക്ഷേത്രനിർമാണഫണ്ടിലേക്ക് എത്തുന്ന കോടിക്കണക്കിന് രൂപ അടിച്ചുമാറ്റാനുള്ള ആസൂത്രിതനീക്കമാണെന്ന് വ്യക്തമാകുകയാണ്.
3500 കോടിയിലേറെ രൂപയാണ് ക്ഷേത്രനിർമാണ-ഫണ്ടിലേക്ക് ലഭിച്ചത്. നിർമാണത്തിന് ചെലവഴിച്ചത് 900 കോടിയോളം രൂപയും. ശേഷിക്കുന്ന തുക ഭാവിപ്രവർത്തനങ്ങൾക്ക് നീക്കിവച്ചുവെന്നാണ് അവകാശവാദം. 2020 ഫെബ്രുവരിയിൽ ട്രസ്റ്റ് രൂപീകൃതമായതിനുപിന്നാലെയാണ് ഓഡിറ്റിങ് സ്ഥാപനം എസ്‌ഒപി ചട്ടങ്ങൾ വേണമെന്ന് നിർദേശിച്ചത്. ഇത് അവഗണിച്ചത് കോടികളുടെ തട്ടിപ്പിനുവേണ്ടിയാണെന്ന് ഉറപ്പ്. വിശ്വാസികളെ പറ്റിച്ച് കോടികളുണ്ടാക്കിയ ആർഎസ്‌എസ് നേതാക്കൾക്കെതിരെ ജനരോഷം ശക്തമായത് കണക്കിലെടുത്ത് യുപി പൊലീസ് കഴിഞ്ഞദിവസം പേരിനൊരു കേസെടുത്തിട്ടുണ്ട്. ചമ്പത് റായിയെയുംമറ്റും അന്വേഷകസംഘം പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്‌തു. കാണിക്കയുംമറ്റും എണ്ണിത്തിട്ടപ്പെടുത്തുന്ന ജീവനക്കാരും ചന്പത് റായിയുടെ ഡ്രൈവറുമടക്കം 17 പേർമാത്രമാണ് പ്രത്യേക അന്വേഷകസംഘം യുപി സർക്കാരിന് കൈമാറിയ പ്രാഥമിക റിപ്പോർട്ടിലെ പ്രതിപ്പട്ടികയിലുള്ളത്.
പ്രാഥമിക റിപ്പോർട്ട് യുപി സർക്കാർ കേന്ദ്രസർക്കാരിന് കൈമാറും. അതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാകും തുടർനടപടികളിൽ തീരുമാനമെടുക്കുക. രാഷ്‌ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ കെട്ടഴിച്ചുവിടുന്ന മോദിയും അമിത് ഷായും അയോധ്യയിലെ അന്പലംവിഴുങ്ങികളായ ചന്പത് റായി അടക്കമുള്ള ആർഎസ്‌എസുകാർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന ഒരു പ്രതീക്ഷയും ആർക്കും വേണ്ട.










0 comments