യുഡിഎഫിന്റേത് സ്‌ത്രീവിരുദ്ധ നിലപാട് ; കേരളം അതിജീവിതയ്‌ക്കൊപ്പം

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് നീതികിട്ടിയെന്നും വിധിക്കെതിരെ അപ്പീൽ നൽകുന്നത് സർക്കാരിന് വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ടാണെന്നും യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് പറഞ്ഞത് കേരളമാകെ ഞെട്ടലോടെയാണ് കേട്ടത്. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആദ്യഘട്ടം നടക്കുന്ന ദിവസം യുഡിഎഫിന്റെ കൺവീനർതന്നെ ഇതു പറയുന്പോൾ, എത്രത്തോളം സ്‌ത്രീവിരുദ്ധ നിലപാടാണ് കോൺഗ്രസും യുഡിഎഫും പിന്തുടരുന്നത് എന്നത് വ്യക്തം. ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കുകയെന്ന സമാനതകളില്ലാത്ത കുറ്റകൃത്യമായതുകൊണ്ടുമാത്രമല്ല ഇൗ കേസിനെ രാജ്യം ഉറ്റുനോക്കിയത്. മലയാളസിനിമയിലെ പ്രമുഖ നടൻതന്നെ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട് എട്ടാംപ്രതിയായ കേസാണിത്. കുറ്റകൃത്യത്തിൽ നേരിട്ടുപങ്കെടുത്തവരെല്ലാം കുറ്റക്കാരെന്ന് കോടതിയിൽ തെളിയിക്കാനായി. ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്നു പറഞ്ഞാണ് ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടത്.
ഒന്നുമുതൽ ആറുവരെ പ്രതികൾക്കെതിരെ ചുമത്തിയ കൂട്ടബലാത്സംഗം ഉൾപ്പെടെ പത്തു കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടത് അന്വേഷകസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വിജയമാണ്. എന്നാൽ അതിൽ തൃപ്‌തമാകാതെ, അതിജീവിതയ്‌ക്ക് പൂർണമായും നീതി ലഭിക്കുംവരെ പിന്തുണ നൽകുമെന്നും അപ്പീൽ പോകുമെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. അപ്പോഴാണ് കേസിൽനിന്ന് ഒഴിവാക്കപ്പെട്ട പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കുംപോലെ യുഡിഎഫ് കൺവീനറുടെ രംഗപ്രവേശം. ഇത് യാദൃച്ഛികമല്ല. ഇൗ കേസിന്റെ തുടക്കംമുതൽ, പ്രതിസ്ഥാനത്തുള്ള ദിലീപിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് കോൺഗ്രസും യുഡിഎഫും സ്വീകരിക്കുന്നത്.
നിഷ്‌പക്ഷ അന്വേഷണം നടക്കുന്നതിനിടയിൽ സിബിഐ അന്വേഷണം വേണമെന്ന തടസ്സവാദം ഉന്നയിച്ചത് അന്നത്തെ ഒരു കോൺഗ്രസ് എംഎൽഎയായിരുന്നു. ദിലീപിന്റെ ഉറ്റസുഹൃത്തായ മറ്റൊരു കോൺഗ്രസ് എംഎൽഎ ആദ്യംമുതൽ അവസാനംവരെ നടനെ പിന്തുണയ്‌ക്കുന്ന നിലപാട് എടുത്തതും കേരളം കണ്ടു. നടി ആക്രമിക്കപ്പെട്ടശേഷം എംഎൽഎ, ദിലീപിന്റെ വീട്ടിലെത്തി പലവട്ടം ചർച്ചകൾ നടത്തിയത് വിവാദമായിരുന്നു.
ദിലീപ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റായിരുന്ന എംഎൽഎ, നടൻ നിരപരാധിയെന്ന അഭിപ്രായപ്രകടനം നടത്തിയതും ചർച്ചയായി. അന്ന് എംഎൽഎക്കെതിരെ പൊതുവികാരം ഉയർന്നപ്പോൾ രക്ഷയ്‌ക്കെത്തിയത് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയാണ്. യുഡിഎഫ് ഭരിക്കുന്ന ആലുവ മുനിസിപ്പാലിറ്റിയുടെ ശതാബ്‌ദി ആഘോഷച്ചടങ്ങിൽ ദിലീപിനെ പങ്കെടുപ്പിച്ച് ലോഗോ പ്രകാശിപ്പിച്ചു. ഇന്ന് രാജ്യസഭാ എംപിയായ മഹിളാ കോൺഗ്രസ് നേതാവ് ജെബി മേത്തർ അന്ന് മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്‌സണായിരുന്നു. അവർ ചടങ്ങിൽ ദിലീപിനൊപ്പം സെൽഫി എടുത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. ദിലീപിനെ പൊതുചടങ്ങുകളിൽനിന്ന് ഒഴിവാക്കിയപ്പോഴായിരുന്നു ഇൗ പ്രതിച്ഛായ വീണ്ടെടുക്കൽനാടകം.
പാലക്കാട് എംഎൽഎ എവിടെ എന്നുപോലും പറയാനാകാത്തവിധം സ്‌ത്രീപീഡനക്കേസിൽ കോൺഗ്രസ് നാണംകെട്ട് നിൽക്കുന്പോഴാണ് യുഡിഎഫ് കൺവീനർ നയം വ്യക്തമാക്കിയത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്യുക, ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുക എന്നീ ഗുരുതര കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട് രണ്ട് കേസുകളിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കംമുതൽ കോൺഗ്രസ് സ്വീകരിക്കുന്നത്.
യുഡിഎഫ് കൺവീനർ പ്രഖ്യാപിച്ച നിലപാട് വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേസിന്റെ എല്ലാ ഘട്ടത്തിലും അതിജീവിതയ്‌ക്ക് അനുകൂലമായ നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. വിധിയുടെ വിശദാംശങ്ങൾ വന്നശേഷമുള്ള തുടർനടപടിയിലും അതിജീവിതയ്‌ക്കൊപ്പമായിരിക്കും സർക്കാരെന്നും അദ്ദേഹം പറഞ്ഞു. എട്ടരവർഷം നീണ്ട അന്വേഷണത്തിനും നിയമയുദ്ധത്തിനുമിടയിൽ എല്ലാ ഘട്ടത്തിലും അതിജീവിതയ്‌ക്ക് പിന്തുണ നൽകിയ സംസ്ഥാന സർക്കാരിന്റെ ഇൗ ഉറപ്പാണ് കേരളം ആശ്വാസമായി കാണുന്നത്. സംഭവം നടന്ന ഉടനെ എഡിജിപി ബി സന്ധ്യയുടെ മേൽനോട്ടത്തിൽ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ഒരാഴ്‌ചയ്‌ക്കുള്ളിൽ ആറു പ്രതികളെയും അറസ്റ്റ് ചെയ്‌തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നടൻ ദിലീപ് അറസ്റ്റിലായി. അതിജീവിതയുടെകൂടി ആവശ്യപ്രകാരം വനിതാ ഉദ്യോഗസ്ഥയ്‌ക്ക് അന്വേഷണച്ചുമതല, പ്രത്യേക വിചാരണക്കോടതി, പ്രോസിക്യൂട്ടർ, വനിതാ ജഡ്‌ജി എന്നീ കാര്യങ്ങളിലെല്ലാം സർക്കാർ അനുകൂലതീരുമാനമെടുത്തു.
എട്ടരവർഷം മുന്പത്തെ ആ ദിനത്തെ നീതിക്കായുള്ള പോരാട്ടത്താൽ അതിജീവിച്ച പെൺകുട്ടിക്കൊപ്പം സംസ്ഥാന സർക്കാരും പൊതുസമൂഹവും നിലകൊള്ളുന്പോഴാണ് യുഡിഎഫിന്റെ അങ്ങേയറ്റം സ്‌ത്രീവിരുദ്ധ നിലപാട് മറനീക്കി പുറത്തുവന്നത്. സ്‌ത്രീസുരക്ഷയും നീതിയും പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മലയാളികളും യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ഇൗ നിലപാടിനെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുകതന്നെ ചെയ്യും.










0 comments