ad
Deshabhimani

ജീവൻ തുടിക്കുന്ന സ്മരണയാകട്ടെ ആലിൻ

edit
വെബ് ഡെസ്ക്

Published on Feb 18, 2026, 12:00 AM | 2 min read


​അപരഹൃദയത്തിൽ നിത്യപ്രകാശമായി വിളങ്ങുന്ന ചില മനുഷ്യരുണ്ട്‌. ​കരൾപൊടിയുന്ന വേദനയ്‌ക്കിടയിലും അവരെടുക്കുന്ന തീരുമാനങ്ങൾ സമാനതകളില്ലാത്തതായിരിക്കും. കണ്ണീരുനനഞ്ഞ പുഞ്ചിരികളാൽ അവർ കരുണയുടെ സമ്മതപത്രങ്ങളിൽ ഒപ്പുവയ്‌ക്കും. അവയവമാറ്റത്തിൽ പുതുചരിത്രം രചിച്ച ആലിനിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം–ഷെറിൻ ദമ്പതികളുടെ തീരുമാനത്തിനും ആ മഹനീയത്യാഗത്തിന്റെ സ്‌പർശമുണ്ട്‌. കേരളസമൂഹം എന്നും അവരെ ആദരവോടെ കാണുമെന്നുറപ്പ്‌. അതിന്റെ പ്രതിഫലനമാണ്‌ ആലിൻ ഷെറിൻ എബ്രഹാമിന്റെ പേര് കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ച്‌ നിർമിക്കുന്ന അവയവദാന ആശുപത്രിക്ക് നൽകാനുള്ള സർക്കാർ തീരുമാനം. ഏവരെയും കരുതലോടെ ചേർത്തുപിടിക്കുന്നതിൽ നിരവധി മാതൃക സൃഷ്‌ടിച്ച സർക്കാരിന്റെ തീരുമാനം തികച്ചും കാലോചിതം.


സ്വന്തം കുഞ്ഞ് എന്നേക്കുമായി നഷ്ടപ്പെട്ട വലിയ ആഘാതത്തിലും മറ്റുള്ളവരുടെ ജീവന്‌ കരുതൽ നൽകാൻ കരുത്തുകാട്ടിയ അരുൺ എബ്രഹാം–ഷെറിൻ ദമ്പതികളുടെ മാതൃക അവയവദാനത്തിന് അനേകർക്ക് പ്രചോദനമേകും. അപകടത്തിൽ പരിക്കേറ്റ് മസ്‌തിഷ്കമരണം സംഭവിച്ച 10 മാസം മാത്രമുള്ള ആലിനിന്റെ അവയവങ്ങൾ ദാനംചെയ്യാൻ തീരുമാനിച്ച ആ മാതാപിതാക്കളുടെ മുന്നിൽ കേരളം നിൽക്കുന്നത് കൂപ്പുകൈകളോടെയാണ്. ആലിനിന്റെ കരൾ ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ജീവൻ നിലനിർത്തുന്നു; വൃക്കകൾ ഒരു 10 വയസ്സുകാരിയുടെയും. ഹൃദയവാൽവും നേത്രപടലവും സ്വീകർത്താവിനായി കാത്തിരിക്കുന്നു.


മരണശേഷം അവയവങ്ങൾ ദാനംചെയ്യാൻ അന്ധവിശ്വാസങ്ങൾമൂലം ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ അരുൺ എബ്രഹാം–ഷെറിൻ ദമ്പതികളുടെ തീരുമാനം വിപ്ലവകരമായിരുന്നു. അസാധാരണമായ ആ ത്യാഗത്തിലൂടെ അവർ കേരളത്തിന്റെ അരുമകളായി. അതിന് ചരിത്രപ്രാധാന്യമുണ്ട്. അത് എന്നും ഓർമിക്കപ്പെടുകയും വേണം. ആ യാഥാർഥ്യം തിരിച്ചറിഞ്ഞ്, അവയവദാന ആശുപത്രിക്ക് ആലിനിന്റെ പേര് നൽകാനുള്ള സർക്കാർതീരുമാനവും ഏറെ പ്രാധാന്യമുള്ളതാണ്.


അവയവദാന പ്രക്രിയയുടെ നിലനിൽപ്പിന്‌ ആലിനിന്റെ മാതാപിതാക്കൾ നൽകിയ ഊർജം നിസ്സീമമാണ്. അവരോട് കേരളത്തിനുള്ള ആദരവും കൃതജ്ഞതയും അറിയിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻതന്നെയാണ് ആശുപത്രിക്ക്‌ കുട്ടിയുടെ പേരിടാനുള്ള തീരുമാനം അറിയിച്ചത്. അവരുടേത് മഹനീയമാതൃകയാണെന്നും അത് അനുകരണീയമായി ജനഹൃദയങ്ങളിൽ എന്നും നിലനിൽക്കുമെന്നുമുള്ള സന്ദേശമാണ് മുഖ്യമന്ത്രി അതുവഴി നൽകിയത്.


രാജ്യത്ത് വർഷംതോറും 17,000 മുതൽ 18,000 വരെ അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. എന്നാൽ, അവയവത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം മൂന്നുലക്ഷത്തിൽ അധികമാണ്. ഓരോ മിനിറ്റിലും ഒരാൾവീതം ഈ പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പലരും അവയവം ലഭിക്കാത്തതുമൂലം ശസ്ത്രക്രിയ നടത്താനാകാതെ മരിക്കുന്നു.


എട്ടുപേർക്കുവരെ കൈമാറാൻ കഴിയുന്ന അവയവങ്ങൾ മനുഷ്യശരീരത്തിലുണ്ടെന്ന് വൈദ്യശാസ്ത്രം പറയുന്നു. പക്ഷേ, അവയവം ദാനംചെയ്യാനുള്ള സന്നദ്ധത പൊതുവേ ഇപ്പോഴും കുറവാണ്‌. ജീവിച്ചിരിക്കുമ്പോഴായാലും മസ്‌തിഷ്കമരണം സംഭവിച്ചശേഷമായാലും അവയവങ്ങൾ ദാനംചെയ്യാൻ സന്നദ്ധത ആവശ്യമാണ്. മരണശേഷമുള്ള അവയവദാനത്തിന് ബന്ധുക്കൾ പലപ്പോഴും തയ്യാറാകാത്തത് അറിവില്ലായ്മയും അന്ധവിശ്വാസവും ഒപ്പം അതിവൈകാരികതയുംമൂലമാണ്. അത് തിരുത്താൻ അതിശക്തമായ ബോധവൽക്കരണം ആവശ്യമാണ്. ആലിനിന്റെ മാതാപിതാക്കളുടെ ആ ഉറച്ചതീരുമാനം ഈ ബോധവൽക്കരണത്തിന്‌ കൂടുതൽ ഊർജം പകരും.


മസ്തിഷ്കമരണം സംഭവിക്കുന്നവരുടെ അവയവങ്ങൾ ശേഖരിച്ച് അവയവമാറ്റത്തിനായി കാത്തിരിക്കുന്നവർക്ക് നൽകാൻ കേരള സർക്കാർ മൃതസഞ്ജീവനി എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. അതുവഴി നിരവധിപേർക്ക് പുതുജീവൻ നൽകാനും കഴിഞ്ഞിട്ടുണ്ട്. മരണശേഷം അവയവം ദാനംചെയ്യാൻ സന്നദ്ധതയുള്ളവരുടെ രജിസ്ട്രി ഈ പദ്ധതിപ്രകാരം സൂക്ഷിക്കുന്നുണ്ട്.


ആരോഗ്യവകുപ്പിനുകീഴിൽ കോഴിക്കോട് ചേവായൂരിൽ ആരംഭിക്കുന്ന ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ്‌ ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയാണ്‌. അത് ആലിൻ എന്ന പേരുണർത്തുന്ന മഹനീയമാതൃകയുടെ ചിരസ്മരണയാകട്ടെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home