print edition ആയിരം വർഷമെടുത്താലും പലസ്‌തീൻ പോരാടും

പലസ്‌തീൻ ജനത മുക്കാൽ നൂറ്റാണ്ടായി അനുഭവിച്ചുവന്ന അതിക്രമങ്ങൾ അസഹനീയമായപ്പോഴാണ് ലോകത്തിന്റെ കണ്ണുതുറപ്പിക്കാൻ ഹമാസ് സായുധസംഘങ്ങൾ 2023 ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറി കനത്ത തിരിച്ചടി നൽകിയത്. ലോകത്തെ വിരലിലെണ്ണാവുന്ന അണുവായുധ ശക്തികളിൽ ഒന്നായ ജൂതവംശീയരാഷ്‌ട്രത്തെ ആ പ്രഹരം എക്കാലത്തേക്കും നാണംകെടുത്തി. തുടർന്ന് ഇസ്രയേൽ, ഗാസയിൽ തീവ്രമാക്കിയ നിഷ്‌ഠുരമായ വംശഹത്യ അതിക്രമങ്ങൾ 1000 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇനിയൊരിക്കലും മനുഷ്യവാസം സാധ്യമാകരുതെന്ന ലക്ഷ്യത്തോടെ അവർ ഗാസയെ ഏറെക്കുറെ പൂർണമായും തകർത്തു. കെട്ടിടാവശിഷ്‌ടങ്ങൾക്കടിയിൽ കാണാതായ പതിനായിരത്തോളം ആളുകൾ അടക്കം 83000 പലസ്തീൻകാർ ഇസ്രയേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരിക്കും എന്നാണ് കണക്ക്. ഇവരിൽ 30 ശതമാനം കുട്ടികളാണ്. ഇൗ കണക്കുകൾ മനുഷ്യത്വമുള്ള ആരെയും അലോസരപ്പെടുത്തുന്പോഴാണ് കഴിഞ്ഞ ഒക്ടോബറിൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടത്. മേഖലയിൽ ശാശ്വത സമാധാനം ലോകസമാധാനത്തിനുതന്നെ അനിവാര്യമാണ് എന്നാണ് ഇൗ ഘട്ടം മാനവരാശിയെ ഓർമിപ്പിക്കുന്നത്.
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടിട്ട് ഒമ്പത് മാസത്തോളമായെങ്കിലും ഇക്കാലത്തും പലസ്‌തീൻ ജനത സമാധാനം അറിഞ്ഞിട്ടില്ല. സ്‌ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പലസ്‌തീൻകാരെ ഇൗ ‘വെടിനിർത്തൽ’ കാലത്തും ഇസ്രയേൽ കൊന്നിട്ടുണ്ട്. കേവലം വെടിനിർത്തൽ പ്രഖ്യാപനങ്ങൾ പോരാ മേഖലയിൽ ശാശ്വത സമാധാനത്തിന് എന്നാണ് ഇത് കാണിക്കുന്നത്. മുന്പുണ്ടായ സംഘർഷങ്ങളിലെ വെടിനിർത്തൽ കാലങ്ങളിലും ഇസ്രയേൽ പലസ്‌തീൻ ജനതയ്‌ക്കെതിരെ നിരന്തരം നടത്തിവന്ന അതിക്രമങ്ങളാണ് അവിടെ കടന്നുകയറി തിരിച്ചടിക്കാൻ ഹമാസിനെ പ്രകോപിപ്പിച്ചത്. ആധുനികചരിത്രത്തിലെ ഏറ്റവും ആസൂത്രിതവും നിഷ്ഠുരവുമായ വംശഹത്യയാണ് ഇസ്രയേൽ പലസ്‌തീൻ ജനതയ്‌ക്കെതിരെ പതിറ്റാണ്ടുകളായി നടത്തിവരുന്നത് എന്നതാണ് യാഥാർഥ്യം. ഗാസയിൽ ഹമാസിനെ ഇല്ലാതാക്കാൻ എന്നവകാശപ്പെട്ടാണ് സയണിസ്‌റ്റ്‌സേന ആക്രമണം നടത്തുന്നതെങ്കിൽ ഹമാസിന് സ്വാധീനമില്ലാത്ത വെസ്‌റ്റ് ബാങ്കിലും അതിക്രമങ്ങൾക്ക് കുറവില്ല. ഇസ്രയേലി അധിനിവേശത്തിനുകീഴിൽ പലസ്‌തീൻ അതോറിറ്റിക്ക് പരിമിതഅധികാരങ്ങൾ മാത്രമുള്ള അവിടെയും 2023 ഒക്‌ടോബറിനുശേഷം ഇസ്രയേലി സേനയും അനധികൃത ജൂതകുടിയേറ്റക്കാരും ചേർന്ന് ആയിരത്തിലധികം പലസ്‌തീൻകാരെ കൊന്നൊടുക്കിയിട്ടുണ്ട്.
വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ട് മൂന്നുമാസം കഴിഞ്ഞ്, ശാശ്വത സമാധാനത്തിന് വഴിയൊരുക്കാനും ഗാസയുടെ പുനർനിർമാണത്തിനുമായി അമേരിക്കൻ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ‘ബോർഡ് ഓഫ് പീസ്’ ചാപിള്ളയാണെന്നാണ് അനുഭവം കാണിക്കുന്നത്. ഐക്യരാഷ്‌ട്ര സംഘടനയെ നോക്കുകുത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ഇൗ പോക്കറ്റ് സംഘടനയ്‌ക്ക് യുഎൻ രക്ഷാസമിതി അംഗീകാരം നൽകിയിട്ടുണ്ട് എന്നതാണ് വിരോധാഭാസം. യുഎൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ അമേരിക്ക മാത്രമാണ് ബോർഡിലെ 27 അംഗങ്ങളിൽ ഉൾപ്പെടുന്നത്. രക്ഷാസമിതി സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും ഫ്രാൻസും 21 നിരീക്ഷകരാജ്യങ്ങളിൽപ്പോലും ഉൾപ്പെടുന്നില്ല. ട്രംപ് ആജീവനാന്ത അധ്യക്ഷനായ ബോർഡിൽ രക്ഷാസമിതിയിലെ മറ്റ് സ്ഥിരാംഗങ്ങൾ ഇല്ലെങ്കിലും മേഖലയിൽ സമാധാനത്തിന് പ്രധാന തടസ്സമായ ഇസ്രയേൽ ഉൾപ്പെടുന്നുണ്ട് എന്നതിൽനിന്നറിയാം അതിന്റെ യഥാർഥ ഉദ്ദേശ്യങ്ങൾ. ‘വെടിനിർത്തൽ’ കാലത്താണ് അമേരിക്കൻ സഹായത്തോടെ ഇസ്രയേൽ ഇറാനിലേക്കും ലെബനനിലേക്കും മറ്റും ആക്രമണങ്ങൾ വ്യാപിപ്പിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ലോകമെങ്ങും കത്തിപ്പടർന്ന ദേശീയ വിമോചന പോരാട്ടങ്ങളുടെ ഭാഗമാണ് പലസ്‌തീൻ ജനതയുടെ പോരാട്ടം. ആ പോരാട്ടത്തെ തകർക്കാൻകൂടിയാണ് അന്നത്തെ കൊളോണിയൽ ശക്തികൾ യൂറോപ്യൻ ജൂതരെ കുടിയിരുത്താൻ ഇസ്രയേൽ എന്ന വംശീയ രാജ്യമുണ്ടാക്കിയത്. പിന്നീട് മുക്കാൽ നൂറ്റാണ്ട് അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും സന്പൂർണ പിന്തുണയോടെയാണ് ഇസ്രയേൽ തങ്ങൾ കൈയടക്കിയ പ്രദേശത്തെ തദ്ദേശജനതയെ അടിച്ചമർത്തിയത്. ഇസ്രയേലിന് ലഭിച്ചുവന്ന ആ പിന്തുണയ്‌ക്ക് മാറ്റമുണ്ടാക്കിയതാണ് ഹമാസിന്റെ നേട്ടം. ഇസ്രയേലും കൂട്ടാളികളും ഹമാസിനെ ഭീകരസംഘടനയായാണ് കാണുന്നതെങ്കിലും കൂടുതൽ പാശ്ചാത്യരാജ്യങ്ങളുടെ അംഗീകാരം പലസ്‌തീൻ രാഷ്‌ട്രത്തിന് ലഭിക്കുന്നതിന് അവർ നടത്തിയ മിന്നലാക്രമണം നിമിത്തമായി. പത്തോളം യൂറോപ്യൻ രാജ്യങ്ങൾ പലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിച്ചത് അതിനുശേഷമാണ്. ശാശ്വത സമാധാനത്തിന് ഇസ്രയേലിനെ കൂടുതൽ ഒറ്റപ്പെടുത്തണം എന്ന പാഠമാണ് ഗാസയും ഇറാനും ലെബനനുമെല്ലാം നൽകുന്നത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആ പാഠം ഉൾക്കൊണ്ട് ഉത്തരവാദിത്വം നിറവേറ്റണം.











0 comments