സംസ്ഥാനത്ത് മഴ തുടരുന്നു: 11 ജില്ലകളിൽ യെല്ലോ അലർട്ട്, തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അലർട്ട് നൽകിയിരിക്കുന്നത്.
നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും അവധി ബാധകമല്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.
അതേസമയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തീരങ്ങളിൽ നാളെ രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കുക. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കുക. തിരമാലകൾ ശക്തിപ്പെടുന്ന സാഹചര്യത്തിൽ മത്സ്യബന്ധന യാനങ്ങൾ കരയ്ക്കടുപ്പിക്കുന്നതും കടലിലേക്ക് ഇറക്കുന്നതും ഒഴിവാക്കുക.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരം പൂർണ്ണമായും ഒഴിവാക്കുക. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുകയും ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തുക.









0 comments