പുരുഷന്മാർക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് സ്വകാര്യ ബസ്: പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

കൊച്ചി: പുരുഷന്മാർക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് ശ്രദ്ധനേടിയ ആലുവ റൂട്ടിലെ 'ലിറ്റിൽ ഫ്ലവർ' എന്ന സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. പെർമിറ്റ് നിബന്ധനകൾ ലംഘിച്ച് കൃത്യമായി സർവീസ് നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ബസുടമയിൽ നിന്ന് 7,500 രൂപ പിഴയായി ഈടാക്കി. എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിൽ 'പ്രിയദർശിനി' പദ്ധതിയുടെ ഭാഗമായാണ് പുരുഷന്മാർക്ക് സൗജന്യയാത്ര ബസുടമ പ്രഖ്യാപിച്ചത്. ഈ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഒരു ദിവസം ഏഴ് സർവീസുകൾ നടത്തിയിരുന്ന ബസ്, യാത്രക്കാരുടെ കുറവുമൂലം ഉച്ചസമയത്തെ സർവീസ് വെട്ടിക്കുറച്ചിരുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് സർവീസ് മുടങ്ങാൻ കാരണമെന്ന് അധികൃതരോട് വിശദീകരിച്ചിട്ടും പിഴ ഒഴിവാക്കാൻ അവർ തയ്യാറായില്ലെന്ന് ബസുടമ ആരോപിക്കുന്നു.
യുഡിഎഫ് സർക്കാരിന്റെ ഓർഡിനറി ബസുകളിലെ സൗജന്യയാത്രയെത്തുടർന്ന് സ്വകാര്യ ബസ്സുടമകളുടെ പ്രതിസന്ധി രൂക്ഷമാണ്. ഇതിനെത്തുടർന്ന് പല റൂട്ടുകളിലും സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.
യാത്രക്കാർ കുറവായതിനാൽ സർവീസ് വെട്ടിക്കുറച്ച ബസുടമ മോട്ടോർ വാഹന വകുപ്പിന്റെ പിഴയോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം ഈ മാസം എട്ടിന് കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സ്വകാര്യ ബസ് സർവീസ് നിർത്തിവച്ച് ജില്ലാ കലക്‌ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ തീരുമാനിച്ചു.










0 comments