24 September Sunday

ഗുരുവിനെ അവഹേളിച്ച്‌ വീണ്ടും മോദി ഭരണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022


ഈവർഷത്തെ റിപ്പബ്ലിക്‌ദിന പരേഡിലേക്ക്‌, നവോത്ഥാനത്തിന്റെയും മതനിരപേക്ഷതയുടെയും പ്രതീകമായ ശ്രീനാരായണ ഗുരുവിനെ മുൻനിർത്തി കേരളം സമർപ്പിച്ച ഫ്‌ളോട്ട്‌ മോദി സർക്കാർ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം പടരുകയാണ്‌. ജനാധിപത്യ‐പുരോഗമന പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും ശ്രീനാരായണീയരും അതിന്റെ മുന്നിലുണ്ട്‌. കേരളത്തിന്റെ മാതൃകയിൽ, സ്ത്രീസുരക്ഷാ ആശയം മുൻനിർത്തി ജടായുപ്പാറയിലെ പക്ഷിശിൽപ്പവും ചുണ്ടൻ വള്ളവുമാണ് ഫ്‌ളോട്ടിൽ ഉണ്ടായിരുന്നത്‌. ശങ്കരാചാര്യരുടെ പ്രതിമ അതിന് മുന്നിലുണ്ടാകണമെന്നായിരുന്നു കേന്ദ്ര നിർദേശം. ഗുരുപ്രതിമ വയ്‌ക്കാമെന്ന് അറിയിച്ച് കേരളം സമർപ്പിച്ച മാതൃക അന്തിമ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പക്ഷേ, രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് അനുമതി നിഷേധിച്ചു. ഗുരുപ്രതിമ സംഘപരിവാറിന്‌ സ്വീകാര്യമല്ലായിരിക്കാം. ഹീനതാൽപ്പര്യംവച്ച്‌ മഹാനായ സാമൂഹ്യ വിപ്ലവകാരിയെ ഈവിധം അപമാനിച്ച് ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ല. ഗുരുവിന് അയിത്തം കൽപ്പിച്ച തീരുമാനം തിരുത്തുന്നതിനു പകരം സാങ്കേതിക എതിർപ്പുകൾ ഉയർത്തുകയായിരുന്നു മോദി സർക്കാർ.

ഗുരുപ്രതിമ മാറ്റി ശങ്കരാചാര്യരുടേത്‌ സ്വീകാര്യമാണെന്ന നിലപാടിനെതിരെ ശിവഗിരിമഠവും എസ്‌എൻഡിപി യോഗവും ശക്തമായി പ്രതിഷേധിച്ചു. നവോത്ഥാന ചരിത്രത്തിന്റെ മുഖത്തേറ്റ അടിയെന്ന്‌ വിലയിരുത്തിയ യോഗം, സംസ്ഥാനത്തെ അവഹേളിക്കുകയാണെന്ന്‌ കൂട്ടിച്ചേർത്തു. അദ്വൈതാചാര്യനെന്ന നിലയിൽ ശങ്കരാചാര്യരോട് ആദരവുണ്ട്. എന്നാൽ, ഗുരുവിനെ എല്ലാ പാർടിയും കേരള ജനതയാകെയും ഏറ്റെടുക്കുന്നു. ശങ്കരാചാര്യർ മഹാനാണെങ്കിലും ഒരു വിഭാഗം ജനതയ്‌ക്ക് മാത്രമേ സ്വീകാര്യനാകുന്നുള്ളൂ. ജാതി–-മത ഭേദമില്ലാതെ ലോകമെമ്പാടുമുള്ള ജനതയ്ക്ക് ഗുരു ആദരണീയനാണെന്നും ശിവഗിരി മഠം കൂട്ടിച്ചേർത്തു. വിഗ്രഹപ്രതിഷ്‌ഠയിലെ സവർണ‐ സംസ്കൃത വിധികൾ തുറന്നുകാട്ടി അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ, ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം വിഭാവനംചെയ്ത ഗുരു, വിഭജന‐വിദ്വേഷ രീതികൾ പിന്തുടരുന്ന മതരാഷ്ട്രവാദികൾക്ക് സ്വീകാര്യമാകില്ല. കീഴാള വിമോചനമാണ് ജ്ഞാന കർമസിദ്ധാന്തമെന്ന് ആവർത്തിച്ച അദ്ദേഹത്തെ ആ ശക്തികൾക്ക്‌ പൊറുപ്പിക്കാനുമാകില്ലെന്നതും സത്യമാണ്‌. ബ്രാഹ്മണ മേധാവിത്വം അരക്കിട്ടുറപ്പിക്കാൻ ശൂദ്രരെ അടിമകളാക്കി നിലനിർത്തിയ ശങ്കരനാണ്‌ ഇണങ്ങുക. ‘ചാതുർവർണ്യത്തിന്‌ ന്യായീകരണം ചമയ്‌ക്കാൻ ബുദ്ധികൊണ്ടുപറക്കുകയായിരുന്നു ശങ്കരൻ’ എന്ന്‌ തുറന്നടിച്ച ഗുരുവിനോട്‌ അവർ അസഹിഷ്‌ണുത കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

നിശ്ചലദൃശ്യത്തിൽനിന്ന് ഗുരുവിനെ ഒഴിവാക്കണമെന്ന കേന്ദ്ര നിർദേശം പല വസ്‌തുതകളും അടിവരയിടുന്നു. ഫാസിസ്‌റ്റ്‌ പ്രസ്ഥാനങ്ങൾ ചരിത്രത്തെയും അതിന്റെ നായകരെയും കൈക്കലാക്കാനുള്ള പദ്ധതികളാണ്‌ ആദ്യം മുന്നോട്ടുവയ്‌ക്കുക. അത്‌ നടന്നില്ലെങ്കിൽ തിരസ്‌കാരവും അവഹേളനവും. ഗുരുവിനെ കാവിപ്പട വലിച്ചിഴയ്‌ക്കുന്നത്‌ ആ ഘട്ടത്തിലൂടെയാണ്‌. അദ്ദേഹത്തെ ഹിന്ദുത്വ ഭ്രമണപഥത്തിൽ മെരുക്കിക്കെട്ടാനും കാവിസന്യാസിമാരുടെ ഗണത്തിൽപ്പെടുത്താനും ഇതരമത വിദ്വേഷ പ്രചാരണത്തിന്റെ ആയുധമാക്കാനും പതിറ്റാണ്ടുകൾ കഠിന ശ്രമങ്ങളാണ് നടത്തിയത്. ജാതി അരക്കിട്ടുറപ്പിച്ച ശങ്കരാചാര്യർ, അടിമത്തവും അസ്‌പൃശ്യതയും ധാർമികവ്യവസ്ഥയാക്കി മാറ്റി. ഗുരുവാകട്ടെ മനുഷ്യർക്കിടയിലെ ജാതിവ്യത്യാസത്തിനും മതഭ്രാന്തിനുമെതിരെ നിരന്തരം പൊരുതി. ഫ്‌ളോട്ട്‌ ഉൾപ്പെടുത്താതിരുന്ന നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തയച്ചിട്ടും അനക്കമുണ്ടായില്ല. മനുഷ്യർക്കിടയിൽ വിഭജനം ഇളക്കിവിടുന്ന ജാതിചിന്തയ്‌ക്കും അനാചാരങ്ങൾക്കും വർഗീയവാദത്തിനുമെതിരെ ഗുരു പകർന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും ആശയങ്ങൾ കൂടുതൽ ജനങ്ങളിൽ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത്‌ നിലവിലുള്ളത്‌ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയാണ്‌. നൂറ്റാണ്ടുകൾക്കുമുമ്പ്‌ ചോദ്യങ്ങൾ നേരിട്ട ഫ്യൂഡൽ പാരമ്പര്യം പിന്തുടരുന്നതിനാലാണ് ഗുരുപ്രതിമ അടങ്ങിയ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചത്‌. ലോകം കണ്ട മഹാനായ സാമൂഹ്യ പരിഷ്കർത്താവിനെ, തത്വചിന്തകനെ അവഹേളിച്ച മോദി സർക്കാർ മാപ്പർഹിക്കുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top