26 July Friday

ക്വാഡ്‌: ട്രംപിന്റെ പാതയിലേക്കോ ബൈഡനും

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2021


ലോകജനത കാത്തിരുന്ന ഭരണമാറ്റമാണ്‌ ജനുവരി 20ന്‌ അമേരിക്കയിൽ സംഭവിച്ചത്‌. ഡോണൾഡ്‌ ട്രംപ്‌ മാറി ഡെമോക്രാറ്റിക് പാർടി നേതാവായ ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി അധികാരത്തിൽ വന്നു. എന്നാൽ, അന്താരാഷ്ട്രരംഗത്ത്‌ പ്രത്യേകിച്ചും അമേരിക്കൻ വിദേശനയത്തിൽ വലിയ മാറ്റമൊന്നും ഈ ഭരണമാറ്റം വരുത്തില്ലെന്ന നിരീക്ഷണം ശരിയായിരുന്നുവെന്ന്‌ ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ച പ്രസ്‌താവനകൾ വ്യക്തമാക്കുന്നു. ട്രംപ്‌ ഭരണം മുന്നോട്ടുവച്ച ക്വാഡ്‌ സഖ്യവുമായി അതിവേഗം മുന്നോട്ടുപോകുമെന്നാണ്‌ ബൈഡൻ നിയമിച്ച യുഎസ്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ജേയ്‌ക്ക്‌ സള്ളിവൻ പറഞ്ഞത്‌. വിദേശനയത്തിലെ മുൻഗണനാ വിഷയമായി ചതുർരാഷ്ട്ര സഖ്യമായ ക്വാഡിനെ മാറ്റിയത്‌ ട്രംപ്‌ ഭരണമാണ്‌. അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ നാലു രാജ്യമാണ്‌ ഈ ഇന്തോ പസഫിക് സഖ്യത്തിലുള്ളത്.

സാമ്പത്തികമായും സൈനികമായും ശക്തിപ്രാപിക്കുന്ന ചൈനയെ തളയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഏഷ്യൻ നാറ്റോ എന്നുകൂടി വിളിക്കപ്പെടുന്ന ഈ സഖ്യം രൂപീകരിക്കപ്പെട്ടത്‌. ക്വാഡ്‌ എന്ന ഈ സംവിധാനത്തിന്റെ മുകളിലാണ്‌ ഇന്തോ പസഫിക് മേഖലയിലെ അമേരിക്കൻ നയം രൂപപ്പെടുത്തുകയെന്നും സള്ളിവൻ പറയുകയുണ്ടായി. ഇതിനർഥം ട്രംപ്‌ തുടർന്ന നയത്തിൽനിന്നും ഒരു വ്യത്യാസവുമില്ലെന്നു മാത്രമല്ല ക്വാഡ്‌ സഖ്യത്തെ പൂർവാധികം ശക്തിപ്പെടുത്താനുമാണ്‌ ബൈഡൻ സർക്കാരും ആലോചിക്കുന്നത്.‌ യുഎസ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പീസ്‌ സംഘടിപ്പിച്ച വെബ്‌കാസ്റ്റ്‌ ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു സള്ളിവൻ. ട്രംപ്‌ സർക്കാർ ശക്തിപ്പെടുത്തിയ ക്വാഡ്‌ സഖ്യവും അബ്രഹാം കരാറും മുന്നോട്ടുകൊണ്ടുപോകുമെന്നും സള്ളിവൻ അർഥശങ്കയ്‌ക്കിടയില്ലാത്തവിധം പറഞ്ഞു. അതായത്‌ ട്രംപ്‌ സർക്കാരിനെപ്പോലെ തന്നെ ബൈഡൻ സർക്കാരും ചൈനയുടെ വളർച്ചയെത്തന്നെയാണ്‌ ഭയക്കുന്നത്‌.

കഴിഞ്ഞദിവസം പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്‌ അമേരിക്കൻ സമ്പദ്‌‌വ്യവസ്ഥയും ചൈനീസ്‌ സമ്പദ്‌‌വ്യവസ്ഥയും തമ്മിലുള്ള അന്തരം കുത്തനെ കുറഞ്ഞുവരുന്നതായും കോവിഡ്‌ കാലത്തും വളർച്ച രേഖപ്പെടുത്തിയ സമ്പദ്‌‌വ്യവസ്ഥയായി ചൈന മാറിയെന്നുമാണ്‌.  സൈനികമായും ചൈന ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. മാത്രമല്ല, റഷ്യയുമായി ഊഷ്‌മളമായ സൈനിക സഹകരണ ബന്ധവും ചൈന വികസിപ്പിക്കുകയാണ്‌. സ്വാഭാവികമായും അമേരിക്കയുടെ ഏകധ്രുവലോക നായകസ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്‌. ഈ ഘട്ടത്തിലാണ്‌ ഇന്ത്യയെയും ജപ്പാനെയും ഓസ്‌ട്രേലിയയെും കൂട്ടുപിടിച്ച്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതാപം തിരിച്ചുപിടിക്കാൻ അമേരിക്ക ശ്രമം നടത്തുന്നത്‌. എന്നാൽ, പ്രതീക്ഷിച്ച പിന്തുണ ഏഷ്യയിലെ നാറ്റോക്ക്‌ ഇപ്പോൾ ലഭിക്കുന്നില്ല. ചൈനയെ തളയ്‌ക്കാൻ യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളുടെ പിന്തുണ അമേരിക്ക പ്രതീക്ഷിച്ചിരുന്നു; പ്രത്യേകിച്ചും ബൈഡൻ ഭരണകൂടം. എന്നാൽ, അമേരിക്കയെ തള്ളി ചൈനയുമായി നിക്ഷേപ കരാർ ഒപ്പുവയ്‌ക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറായി. ബൈഡൻ അധികാരത്തിൽ വരുന്നതിന്‌ തൊട്ടുമുമ്പ്‌ ഡിസംബർ മുപ്പതിനാണ്‌ ഇയു–-ചൈന സമഗ്ര നിക്ഷേപ കരാർ ഒപ്പുവച്ചത്‌.


 

രാഷ്ട്രീയത്തേക്കാൾ യൂറോപ്യൻ യൂണിയൻ പ്രാമുഖ്യം കൊടുത്തത്‌ സാമ്പത്തിക സ്ഥിതിക്കാണെന്ന്‌ ഈ കരാർ സൂചിപ്പിക്കുന്നതായി അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്കയും കൂട്ടാളികളും ചൈനയെ ഒറ്റപ്പെടുത്താൻ നോക്കുംതോറും ചൈനയ്‌ക്ക്‌ കൂടുതൽ സുഹൃത്തുക്കളെ ലഭിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിൽനിന്നും വ്യക്തമാകുന്നത്‌ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി വളർന്നുകഴിഞ്ഞ ചൈനയെ അവഗണിച്ച്‌ മുന്നോട്ടുപോകാൻ ലോകത്തിലെ ഒരു രാഷ്ട്രത്തിനും കഴിയില്ലെന്നതാണ്‌. അയൽരാജ്യമായ ഇന്ത്യക്ക്‌ പ്രത്യേകിച്ചും. ഫാർമസ്യൂട്ടിക്കൽസ്‌, ഇലക്‌ട്രോണിക്‌സ്‌  ഉൽപ്പന്നങ്ങൾക്കുള്ള അസംസ്‌കൃത വസ്‌തുക്കൾക്ക്‌ ഇന്ത്യ ഇപ്പോഴും ഭീമമായി ആശ്രയിക്കുന്നത്‌ ചൈനയെയാണ്‌. ചൈന ഇറക്കുമതി നിരോധിച്ചാൽ ആവശ്യത്തിന്‌ പെൻസിലിൻ പോലും നിർമിക്കാൻ കഴിയാത്ത സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌. ഈ സ്ഥിതി മാറുന്നതിനുള്ള യുക്തിസഹമായ നടപടികളാണ്‌ സ്വീകരിക്കേണ്ടത്‌. അതിനു പകരം ചൈനീസ്‌ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുകയല്ല.

അമേരിക്കയ്‌ക്കൊപ്പം ചേർന്ന്‌ ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ഇന്ത്യ ലോകരാജ്യങ്ങളിൽനിന്നും നാൾക്കുനാൾ ഒറ്റപ്പെടുന്ന സ്ഥിതിയാണ്‌ സംജാതമായിട്ടുള്ളത്‌. ഇന്ത്യയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ചേരിചേരാപ്രസ്ഥാനവും സാർക്കും ഇന്ന്‌ ദുർബലമാണ്‌. മോഡി സർക്കാരാണ്‌ ഇതിനു പ്രധാന ഉത്തരവാദി. അമേരിക്കൻ വിധേയത്വം നമ്മുടെ പരമ്പരാഗത മിത്രങ്ങളായ റഷ്യയെയും ഇറാനെയും ഇന്ത്യയിൽനിന്നും  അകറ്റുകയും ചെയ്‌തു. അഫ്‌ഗാനിസ്ഥാനിലെ സമാധാന പ്രക്രിയയിലും ഇന്ത്യ തഴയപ്പെടുന്നതാണ്‌ കാണാനാകുന്നത്‌. നേപ്പാൾ, ബംഗ്ലാദേശ്‌, ശ്രീലങ്ക, മ്യാന്മർ എന്നീ അയൽരാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും വിജയിച്ചിട്ടില്ല. പാകിസ്ഥാനുമായി ബന്ധം വഷളായിട്ട്‌ വർഷങ്ങളായി. ബിംസ്‌റ്റെക്, ആർഐസി എന്നീ കൂട്ടായ്‌മകളും വേണ്ടത്ര മുന്നോട്ടുപോയിട്ടില്ല. അതായത്‌ ഇന്ത്യയുടെ നയതന്ത്രതാൽപ്പര്യങ്ങൾ ബലികഴിക്കുന്ന, അമേരിക്കൻ വിധേയത്വ നടപടികളുമായാണ്‌ മോഡി സർക്കാർ മുന്നോട്ടുപോകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top