Deshabhimani

‘താൻ ആരെന്നാണ് ട്രംപ് കരുതുന്നത് ‘; വിടവാങ്ങൽ പ്രസം​ഗത്തിൽ വികാരാധീനനായി ബൈഡൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 05:26 PM | 0 min read

ഷിക്കാഗോ > യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾ ട്രംപ് കടുത്ത പരാജയമെന്ന് ജോ ബൈഡൻ. ഷിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനിലെ വിടവാങ്ങൽ പ്രസംഗത്തിലാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർ‌ടി സ്ഥാനാർഥികൂടിയായ ട്രംപിനെതിരെ നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ രൂക്ഷമായ വിമർശനം ഉയർത്തിയത്.



"നമ്മൾ (അമേരിക്ക) തോൽക്കുന്നുവെന്ന് ട്രംപ് പറയുന്നു, എന്നാൽ അയാളാണ് യഥാർത്ഥ തോൽവി. ഈ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച പട്ടാളക്കാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയുമടക്കമാണ് ട്രംപ് പരാജിതരെന്ന് വിളിച്ചത്. അയാൾ ആരാണെന്നാണ് സ്വയം കരുതുന്നത്. ഞങ്ങൾ അമേരിക്കയുടെ ആത്മാവിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ലോകത്തിലെ മുൻനിര രാഷ്ട്രം അമേരിക്കയാണെന്ന് കണക്കാക്കാത്ത ഒരു രാജ്യത്തിന്റെ പേര് പറയൂ. നമ്മളല്ലെങ്കിൽ ആരാണ് ലോകത്തെ നയിക്കുക" ബൈഡൻ പറഞ്ഞു.



ഭരണത്തിലിരിക്കെ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും കൈവരിച്ച പുരോഗതിയെക്കുറിച്ചും റഷ്യ-ഉക്രെയ്ൻ, ഇസ്രയേൽ-ഹമാസ് യുദ്ധങ്ങളിലടക്കം നടത്തിയ ഇടപെടലുകളെ കുറിച്ച് ബൈഡൻ സംസാരിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ഉക്രെയ്നെ പരാജയപ്പെടുത്താമെന്നു കരുതിയ റഷ്യക്ക് മൂന്ന് വർഷം കഴിഞ്ഞും അതിനായില്ലെന്നും ട്രംപ് പുടിനെ കാണുമ്പോൾ വണങ്ങുകയാണ്, താനോ കമല ഹാരിസോ ഒരിക്കലും അത് ചെയ്യില്ലെന്നും ബൈഡൻ പറഞ്ഞു. ട്രംപിൻ്റെ ‘അമേരിക്ക ഫസ്റ്റ്‘ നയം ആഗോളതലത്തിൽ രാജ്യത്തിൻ്റെ പ്രതിച്ഛായയെ തകർത്തുവെന്ന് ബൈഡൻ കുറ്റപ്പെടുത്തി.

നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രറ്റിക് സ്ഥാനാർഥിയായി ആദ്യം തീരുമാനിച്ചത് ബൈഡനെയായിരുന്നു. എന്നാൽ പിന്നീട് എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് അദ്ദേഹം സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറി. ‘വി ലവ് ജോ‘ എന്നെഴുതിയ ബാനററുകളും പ്ലക്കാഡുകളുമുയർത്തി ആരവത്തോടെയായിരുന്നു വിടവാങ്ങൽ പ്രസം​ഗത്തിനെത്തിയ ബൈഡനെ അനുഭാവികൾ വരവേറ്റത്. കണ്ണുനീർ തുടച്ചുകൊണ്ട് വേദിയിലേക്കെത്തിയ ബൈഡനോട് മിനിറ്റുകളോളം കരഘോഷം മുഴക്കി കൂറ്റൻ ജനാവലി അനുഭാവം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home